എന്നതുകൊണ്ട്, പിൽക്കാലത്ത് ജീവശാസ്ത്രപരവും മറ്റുമായ ഘടകങ്ങൾ ഇത്തരം വിശകലനത്തിൽനിന്ന് പൂർണ്ണമായി ഒഴിവാക്കി നിർത്തപ്പെടുകയുണ്ടായി. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിലെ പ്രധാന ഘടകമായ 'അർഹതയുള്ളവയുടെ അതിജീവനം' എന്ന തത്വത്തെ മുതലാളിത്ത ചൂഷണസമ്പ്രദായത്തെ സാധൂകരിക്കാനായി ബൂർഷ്വാചിന്തകൻമാർ ഉപയോഗപ്പെടുത്തിയതും, ജനിതകശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ വംശീയവാദത്തെ ന്യായീകരിക്കാൻ മറയാക്കിയതുമെല്ലാം തന്നെ ജീവശാസ്ത്രപരമായ സമീപനത്തോട് വമ്പിച്ച എതിർപ്പുളവാക്കാൻ കാരണമായിരുന്നു. എങ്കിലും ജീവശാസ്ത്ര, മനശ്ശാസ്ത്ര പ്രശ്നങ്ങളോടെല്ലാമുള്ള അവഗണന, മനുഷ്യസമൂഹത്തെക്കുറിച്ചുള്ള സമഗ്ര ധാരണ രൂപീകരിക്കാൻ മാർക്സിസത്തെ സഹായിക്കുകയല്ല ചെയ്തത്. ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളിൽ മാത്രം ഊന്നുന്ന സമ്പ്രദായം സമഗ്രധാരണ രൂപീകരിക്കുന്നതിന് വിഘാതമായി തീരുകയാണുണ്ടായത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കുന്നതിന് ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെ തന്നെയാണ് മുഖ്യമായും ആശ്രയിക്കേണ്ടത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. അന്വേഷണമണ്ഡലം. ആ മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതാണ് പ്രശ്നം.
മനുഷ്യസമൂഹത്തിന്റെ സാമ്പത്തികജീവിതത്തിന്റെ ആധാരമായ ഉല്പാദനപ്രക്രിയ മനുഷ്യന്റെ ജീവശാസ്ത്രപരമായ കഴിവുകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉടലെടുത്തതും വികസിച്ചതും. വിശപ്പും ദാഹവുംപോലുള്ള മൗലിക ജൈവപ്രേരണകൾ, ഉല്പാദനപ്രക്രിയയ്ക്ക് എന്നും പ്രചോദനമേകുന്ന ഘടകങ്ങളാണെങ്കിലും, അതിന്റെ സാമൂഹ്യസ്വഭാവം നിർണ്ണയിക്കപ്പെടുന്നത് ചരിത്രപരവും സാമ്പത്തികവുമായ നിയമങ്ങളാലാണെന്നത് വസ്തുതയാണ്. എങ്കിലും, ഇത്തരം ജൈവഘടകങ്ങളും മറ്റു പ്രകൃതിദത്തമായ സാഹചര്യങ്ങളും, ചരിത്ര സാമ്പത്തികഘടകങ്ങളുമായി പ്രതിപ്രവർത്തിച്ചുകൊണ്ട് നിർദ്ദിഷ്ട സാഹചര്യത്തിൽ ഉല്പാദനപ്രക്രിയ സമൂർത്തരൂപം കൈകൊള്ളുന്നത് എങ്ങനെയാണെന്ന് വിശകലനം ചെയ്യണ്ടതുണ്ട്.
ഉപരിഘടനയെ നിർണ്ണയിക്കുന്നത് സാമ്പത്തികാടിത്തറയാണെന്ന ലളിതവും യാന്ത്രികവുമായ ധാരണയുടെ അപര്യാപ്തത ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ യാന്ത്രികവീക്ഷണത്തിനെതിരായ സമരം പലപ്പോഴും സാംസ്കാരിക പ്രശ്നങ്ങളിൽ ഏകപക്ഷീയമായി ഊന്നുന്നതിലേയ്ക്കും, ചരിത്രമാത്രവാദത്തിലേയ്ക്കും നയിച്ചിട്ടുണ്ട്. സാമ്പത്തികനിർണ്ണയവാദത്തിനെതിരായി സമരം ചെയ്തുകൊണ്ട് ഉപരിഘടനയുടെയും പൊതുവിൽ സാംസ്കാരികമണ്ഡലത്തിന്റെയും സവിശേഷതയിൽ ഊന്നേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, അപ്പോഴും സമഗ്രമായ വീക്ഷണം രൂപീകരിക്കുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേർന്നില്ല. അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ പലതും ആശയവാദത്തിലേയ്ക്കും മറ്റും വഴുതിപ്പോകുന്നത്. ദർശനം, ശാസ്ത്രം, കല തുടങ്ങിയ ഉപരിഘട