താൾ:പ്രപഞ്ചവും മനുഷ്യനും.djvu/173

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




16

ജീവന്റെ ആവിർഭാവം


രു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ഒരത്ഭുത പ്രതിഭാസമാണ് ജീവൻ എന്ന പ്രതീതിയാണ് ഈ അദ്ധ്യായത്തിന്റെ ശീർഷകം ഉളവാക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിക്കാനാണ് ഇവിടെ ആദ്യം ശ്രമിക്കുന്നത്. ഒരു നിശ്ചിതസമയത്ത് നിശ്ചിത പരിതഃസ്ഥിതിയിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല ജീവൻ. സുദീർഘമായ കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന ചലനാത്മകമായ ഒരു പരിതഃസ്ഥിതിയിൽ, അതീവ സങ്കീർണ്ണമായ ഭൗതിക-രാസ പ്രക്രിയകളിലൂടെയാണ് ഇന്ന് നാം ജീവനെന്നു വിളിക്കുന്ന പ്രതിഭാസം രൂപംകൊണ്ടത്.

ജൈവപ്രതിഭാസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെന്തെല്ലാമാണെന്നും, മൗലികമായ ജൈവപ്രക്രിയകളുടെ സങ്കീർണ്ണത എത്രത്തോളമുണ്ടെന്നും, കഴിഞ്ഞ അദ്ധ്യായങ്ങളിലായി നാം കാണുകയുണ്ടായി. ഡി.എൻ.എ. എന്ന ന്യൂക്ലിക്കമ്ലവും അതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.എൻ.എ. എന്ന ന്യൂക്ലിക്കമ്ലവും പ്രോട്ടീനുകളുമാണ് ജൈവനാടകത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് നാം കാണുകയുണ്ടായി. അപ്പോൾ ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുമ്പോൾ, ഈ അടിസ്ഥാനഘടകങ്ങൾ എങ്ങനെ, എവിടെവെച്ച് എപ്പോൾ രൂപംകൊണ്ടു എന്നും, അവ ഒത്തുചേർന്ന് ഒരു സ്വയം പ്രവർത്തക വ്യവസ്ഥയായി തീർന്നതെങ്ങനെയാണെന്നും കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ച ജൈവപരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ച ഡാർവിൻപോലും, ജീവന്റെ ആരംഭത്തെക്കുറിച്ച് വ്യക്തമായിട്ടെന്തെങ്കിലും പറയാൻ ധൈര്യപ്പെട്ടില്ല. ആദ്യത്തെ ജീവരൂപങ്ങൾ ആവിർഭവിച്ചതിനുശേഷമുള്ള പരിണാമപ്രക്രിയകളെക്കുറിച്ചു മാത്രമെ അദ്ദേഹം തന്റെ സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ പരാമർശിച്ചുള്ളു. ജീവന്റെ ആദ്യരൂപത്തിന്റെ കർതൃത്വം ദൈവത്തിന് വിട്ടുകൊടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. അചേതനങ്ങളിൽനിന്ന് ചേതനങ്ങളിലേക്കുള്ള പരിണാമത്തേക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

അതിപ്രാചീനകാലം മുതൽക്കേ ജീവനെക്കുറിച്ചുള്ള ആത്മീയസിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. ജീവികൾ പ്രകൃതിയിൽ സദാ സ്വയംഭൂവായിക്കൊണ്ടിരിക്കുകയാണെന്ന് ഭൗതികവാദികൾ കരുതിയിരുന്നു. ചീഞ്ഞഴുകുന്ന