താൾ:പ്രപഞ്ചവും മനുഷ്യനും.djvu/177

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജലത്തിന് ഈ അവസ്ഥയിൽ സ്ഥിതിചെയ്യാനാവൂ. സൂര്യനോടു കൂടുതൽ അടുക്കുകയാണെങ്കിൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലം ഉറഞ്ഞു കട്ടിയാവുകയും ചെയ്യും. സൗരയൂഥത്തിൽ ഈ ഉപാധികളെല്ലാം തികച്ചും പരിഹൃതമായിരിക്കുന്നത് ഭൂമിയിൽ മാത്രമാണ്.

ആദ്യഘട്ടത്തിലെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവുമധികമുണ്ടായിരുന്ന ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ എന്നിവയാണ് ഇന്നത്തെ ജീവശരീരങ്ങളുടെ 95 ശതമാനത്തിലുമുള്ളത്. ഈ നാലു മൂലകങ്ങൾക്കും വളരെ എളുപ്പത്തിൽ കൂട്ടുചേർന്ന് വ്യത്യസ്തയൗഗികങ്ങളായി തീരാൻ കഴിയും. ജലം (H2O) മീതേൻ (CH4) അമോണിയ (NH3) കാർബൺ ഡയോക്സൈഡ് (CO2), ഹൈഡ്രജൻ സയനൈഡ് (HCN) എന്നിവയും ഹൈഡ്രജൻ തന്മാത്ര (H2)കളും. ഇവയിൽ ചുരുങ്ങിയ പക്ഷം ആദ്യത്തെ മൂന്നു യൗഗികങ്ങളെങ്കിലും മറ്റു പല ഗ്രഹങ്ങളിലും നിലവിൽ വന്നിട്ടുണ്ട്. ഉദാഹരണത്തിനു വ്യാഴത്തിന്റെ ഉപരിതലം മുഴുവനും ജലം, മീതേൻ, അമോണിയ എന്നീ യൗഗികങ്ങൾ ചിരസ്ഥായിയായി ഉറഞ്ഞു കട്ടിയായ അടുക്കുകളായി സ്ഥിതിചെയ്യുന്നു. സൂര്യനിൽ നിന്നു വളരെ അകന്നു നിൽക്കയാലാണ് വ്യാഴത്തിൽ ഈ യൗഗികങ്ങൾ ഉടനടി ഘനീഭവിച്ച് തുടർന്നുള്ള പ്രവർത്തനങ്ങൾക്കു സാധ്യമല്ലാത്ത വിധത്തിലായത്. അതേസമയം താരതമ്യേന ചൂട് കൂടുതലേൽക്കുന്ന ഭൂമിയിൽ ഈ യൗഗികങ്ങൾക്കു പിന്നെയും പ്രതിപ്രവർത്തിക്കാനും പുതിയ യൗഗികങ്ങൾക്കു ജന്മമേകാനും പറ്റിയ അന്തരീക്ഷമാണുണ്ടായിരുന്നത്. ആ നിലയ്ക്കു മുകളിൽ പറഞ്ഞ എല്ലാ യൗഗികങ്ങളും ഇവിടെ രൂപം കൊള്ളാനുള്ള സാധ്യതകളുണ്ടായിരുന്നു. അങ്ങേ അറ്റം ഭാരം കുറഞ്ഞ ഹൈഡ്രജനെപ്പോലുള്ള വസ്തുക്കളെ പിടിച്ചു നിറുത്തത്തക്ക ഗുരുത്വാകർഷണം ഈ കൊച്ചു ഗ്രഹത്തിനില്ലാതിരുന്നതുകൊണ്ട് സ്വതന്ത്ര ഹൈഡ്രജൻ തന്മാത്രകളും അണുക്കളും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും രക്ഷപ്പെട്ടുപോയിരിക്കണം.

ആദ്യഘട്ടത്തിൽ ഹൈഡ്രജനും ഓക്സിജനും ചേർന്നുണ്ടായ ജലം മുഴുവനും അന്തരീക്ഷത്തിൽ തങ്ങിനില്ക്കുകയായിരുന്നു. അനേകം മൈലുകൾ കനത്തിലുള്ള മേഘപാളികളായിട്ടായിരുന്നിരിക്കണം അത് നിലനിന്നിരുന്നത്. എന്നാൽ ഭൂബാഹ്യപടലം ആവശ്യമായത്ര തണുത്തുവന്നതോടെ, ഇതെല്ലാം ഘനീഭവിച്ച സമുദ്രങ്ങളായി തീരുകയും, അന്തരീക്ഷത്തിലുണ്ടായിരുന്ന യൗഗികങ്ങൾ പലതും ഇതിൽ ലയിക്കുകയും ചെയ്തു. തുടർന്ന് നദികൾ വഴിയായും, കടലോരങ്ങളിൽ തിരമാലകളുടെ പ്രവർത്തനം മൂലമായും കരയിലും കടലിലുമുള്ള അഗ്നിപർവ്വതങ്ങളിൽനിന്ന് നിർഗ്ഗമിക്കുന്ന ലാവയിലൂടെയും മറ്റും ലവണങ്ങളും ഖനിജങ്ങളും നിരന്തരമായി സമുദ്രത്തിൽ വന്നുകൂടിക്കൊണ്ടിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ചെറിയ തോതിലാണെങ്കിലും ഇവയെ കൂടാതെ, ജീവശരീരത്തിലെ മൗലികഘടകങ്ങളായി വർത്തിക്കുന്ന ഫോസ്ഫറസ്, സൾഫർ, സോഡിയം, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, കോബാൾട്ട്, ചെമ്പ്, നിക്കൽ തുടങ്ങിയ