താൾ:പ്രപഞ്ചവും മനുഷ്യനും.djvu/179

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടെയും ഇടിമിന്നലിന്റെയും മറ്റു സാന്നിദ്ധ്യത്തിൽ 'ആദിമ സൂപ്പിൽ' നടന്നിരിക്കാവുന്ന രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങൾ ഇന്ന് വെറും പരികല്പനയല്ല. 1953-ൽ മില്ലർ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ ഈ നിഗമനങ്ങളെ വസ്തുതകളുടെ നിലവാരത്തിലേക്കുയർത്തി. വിവിധ രാസസംയുക്തങ്ങൾ ഇപ്രകാരം, ഏതേതു രീതിയിലും അനുപാ തത്തിലും മറ്റുമാണ് രൂപംകൊള്ളുന്നതെന്നതിനെക്കുറിച്ച് ഒട്ടേറെ വിശദാംശങ്ങൾ പിൽക്കാല ഗവേഷണങ്ങൾ വഴി സമാഹരിക്കപ്പെട്ടിട്ടുണ്ട്.

ഉൽക്കകളിലും മറ്റും പല ജൈവയൗഗികങ്ങളും നിലനിൽക്കുന്നുണ്ട് എന്നതുമൂലം, പ്രാചീന സമുദ്രത്തിൽവെച്ച് മാത്രമല്ല, ഭൂമിക്ക് വെളിയിലുള്ള മണ്ഡലങ്ങളിലും വിഭിന്നാന്തരീക്ഷങ്ങളിലും ഈ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. എച്ച്.ഇ. ഹിന്റന്റെ അഭിപ്രായത്തിൽ, ചെറിയ കുളങ്ങളിലോ, പാറകളുടെ വിള്ളലുകളിലോ, മറ്റോ വെച്ചായിരിക്കാം ഇത്തരം ജൈവപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരിക്കുക. കാരണം അത് ജൈവയൗഗികങ്ങളെ കൂടുതൽ സാന്ദ്രമാക്കാനും, അങ്ങനെ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും സഹായിക്കുമല്ലോ.

രണ്ടാം ഘട്ടം

ആദ്യമുടലെടുത്ത ലളിതതന്മാത്രകളിൽ നിന്ന് കൂടുതൽ വലിയ തന്മാത്രകൾ രൂപംകൊണ്ടത് ഈ ഘട്ടത്തിലാണ്. ജൈവപരിണാമ പ്രക്രിയയിലെ ഈ വിവിധ ഘട്ടങ്ങൾ ഇങ്ങനെ പ്രത്യേകം പ്രത്യേകം വേർതിരിക്കാവുന്നതല്ല. അവ അനുസ്യൂതം തുടർന്നുകൊണ്ടിരുന്നവയാണ് വിവരിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവിടെ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നുവെന്നേയുള്ളു.

പ്രാഥമിക മോണോമറുകളിൽനിന്ന് വിവിധതരത്തിലുള്ള സംയോജനങ്ങൾ വഴി പുതിയ യൗഗികങ്ങളുടെ അഞ്ചു പ്രധാന വിഭാഗങ്ങളും അനേകം ചെറുവിഭാഗങ്ങളും രൂപീകരിക്കാനിടയുണ്ട്. അഡനോസിൻ ഫോസ്ഫേറ്റുകൾ, പോളിസാക്കറൈഡുകൾ, കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ളിക് അമ്ളങ്ങൾ എന്നിവയാണ് ആ അഞ്ചു പ്രധാന വിഭാഗങ്ങൾ. ഈ സങ്കീർണ്ണ ജൈവരാസയൗഗികങ്ങൾ ജൈവപ്രവർത്തനങ്ങളിൽ വിവരിക്കുകയുണ്ടായല്ലോ. ക്രമവൽകൃതങ്ങളായ ഈ സങ്കീർണ്ണ തന്മാത്രകൾ എങ്ങനെയാണ് രൂപീകൃതമായതെന്നും, അതിനു തക്ക ഭൗതിക-രാസ പരിതഃസ്ഥിതികൾ എന്തായിരുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിവിധ വീക്ഷണഗതികൾ ഇന്നു നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാം.

കൊയാസർവേറ്റ് സിദ്ധാന്തം

ഒപാരിന്റെ ഈ സിദ്ധാന്തമാണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്രാഥമിക യൗഗികങ്ങൾ ചേർന്ന് പോളിമറുകളുണ്ടാകാനുള്ള സാഹചര്യങ്ങൾ പ്രാചീന സമുദ്രാന്തരീക്ഷത്തിലോ മറ്റു ജലാശയങ്ങളിലോ ഉണ്ടായിരുന്നുവെന്ന്