അതു വളരെ പരിമിതമായ തോതിലേ വർദ്ധിക്കുന്നുള്ളു. തന്മൂലം എണ്ണമറ്റ തോതിൽ പെരുകിക്കൊണ്ടിരിക്കുന്ന ജീവികൾ തമ്മിൽ ഭക്ഷണത്തിനുവേണ്ടിയുള്ള രൂക്ഷമത്സരം നടക്കുന്നു. ഈ മത്സരത്തിൽ എല്ലാവരും വിജയിക്കില്ല. അതാതു പരിതഃസ്ഥിതികൾക്കനുയോജ്യമായ സ്വഭാവവിശേഷങ്ങളുള്ളവർ മാത്രമേ നിലനില്പിനുവേണ്ടിയുള്ള ഈ സമരത്തിൽ വിജയിക്കുകയുള്ളു. ഇതിനു സഹായകമായ മറ്റൊരു സവിശേഷതകൂടിയുണ്ട്. ഒരേ ജാതിയിൽപ്പെട്ട ജീവികൾ തന്നെ ഘടനയിലും സ്വഭാവത്തിലും വിപുലമായ വൈവിധ്യം പുലർത്തുന്നു. വ്യത്യസ്തസ്വഭാവങ്ങൾ നിലനില്ക്കുമ്പോൾ അവയിൽ ചിലതെങ്കിലും മാറിവരുന്ന പരിതഃസ്ഥിതിക്കനുയോജ്യമായിരിക്കും. അവ മാത്രം അതിജീവിക്കുകയും, അടുത്ത തലമുറയിലേക്ക് പകർത്തപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികൾക്കനുയോജ്യമായ സ്വഭാവവിശേഷങ്ങളുള്ളവ മാത്രം അതിജീവിക്കുമ്പോൾ തലമുറകൾക്ക് ശേഷം പൂർവ്വികരിൽ നിന്ന് വ്യത്യസ്തമായ സ്വഭാവങ്ങളോടു കൂടിയ ജീവികൾ രംഗപ്രവേശം ചെയ്യുന്നു. ഇങ്ങനെയുള്ള ക്രമിക പരിവർത്തനത്തിന്റെ ഫലമായി സുദീർഘമായ കാലയളവിൽ പുതിയ സ്പീഷീസുകൾ ഉടലെടുക്കുന്നു. ഇങ്ങനെ പ്രകൃതിനിയമങ്ങൾക്ക് തികച്ചും വിധേയമാക്കിക്കൊണ്ട് പ്രകൃതിയിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പരസ്പര വൈരുദ്ധ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും ഫലമായിട്ടാണ് ജീവികളിൽ രൂപാന്തരമുണ്ടാകുന്നതും പുതിയ ജീവജാതികളുണ്ടാകുന്നതുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു. പ്രകൃതിനിർദ്ധാരണതത്ത്വത്തിനടിസ്ഥാനമായ വസ്തുതകളെയും അവയുടെ അനന്തരഫലങ്ങളെയും ഇങ്ങനെ സംഗ്രഹിക്കാം.
വസ്തുതകൾ | ഫലങ്ങൾ | |
---|---|---|
1. | ജീവികളുടെ എണ്ണത്തിൽ ദ്രുതഗതിയിൽ ഉണ്ടാകുന്ന വർദ്ധനവ് | നിലനില്പിനുവേണ്ടിയുള്ള സമരം |
2. | ജീവികളുടെ ഒട്ടാകെയുള്ള എണ്ണത്തിൽ പ്രകടമാവുന്ന സ്ഥിരത | |
3. | നിലനില്പിനുവേണ്ടിയുള്ള സമരം | അർഹമായവ അതിജീവിക്കുന്നു (പ്രകൃതി നിർദ്ധാരണം) |
4. | വൈവിധ്യവും പാരമ്പര്യവും | |
5. | അർഹമായവയുടെ അതിജീവനം | ജീവികളുടെ ഘടനയിലും സ്വഭാവത്തിലുമുളവാകുന്ന രൂപാന്തരണം |
6. | മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതി |
തെളിവുകൾ
തന്റെ സിദ്ധാന്തങ്ങൾ വസ്തുനിഷ്ഠമാണെന്നു സ്ഥാപിക്കുന്നതിനായി ഡാർവിൻ വിവിധ മണ്ഡലങ്ങളിൽ നിന്നു തെളിവുകൾ ശേഖരിക്കുകയു