മൂന്നാം പതിപ്പിന്റെ മുഖവുര
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെയും അതിനെക്കുറിച്ചുള്ള വിലയിരുത്തലിനെയും സംബന്ധിച്ച് രണ്ടാം പതിപ്പിന്നുള്ള മുഖവുരയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണ്. ആ അടിസ്ഥാനത്തിൽ തന്നെയാണ് ഈ മൂന്നാം പതിപ്പും പ്രസിദ്ധീകരിക്കുന്നത് എന്നതുകൊണ്ട് പൊതുവിൽ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങളൊന്നും വരുത്തുന്നില്ല. എങ്കിലും ചില കൂട്ടിച്ചേർക്കലുകൾ ആവശ്യമായി വന്നിട്ടുണ്ട്. ഒന്നാമത്തെ അനുബന്ധമായി ചേർത്തിട്ടുള്ള 'വിപ്ലവങ്ങൾ പുതിയ വെല്ലുവിളികൾ' എന്നതിന് വീണ്ടും ഒരു അനുബന്ധം ചേർക്കേണ്ടി വന്നു. 1984-ൽ എഴുതിയ അതിലെ വിലയിരുത്തലുകൾ അധികവും ശരിയാണെന്ന് പിൽക്കാല സംഭവവികാസങ്ങൾ തെളിയിച്ചുവെങ്കിലും, അന്നത്തെ വിശദീകരണങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതമായി പുതിയ പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. കിഴക്കൻ യൂറോപ്പിലെയും സോവിയറ്റു യൂണിയനിലെയും മറ്റും സമീപകാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ തന്നെ പുന:പരിശോധന ആവശ്യമായി വന്നിരിക്കുകയാണ്. അത്തരം പുന:പരിശോധന സുപ്രധാനമായ പല നിഗമനങ്ങളിലേക്കും നമ്മെ നയിക്കുന്നുണ്ട്. അത്തരം പുതിയ വിലയിരുത്തലുകളും നിഗമനങ്ങളും വളരെ സംക്ഷിപ്തമായി ക്രോഡീകരിച്ച് അവതരിപ്പിക്കുകയാണ് ഒന്നാമത്തെ അനുബന്ധത്തോടൊപ്പം ചേർത്തിട്ടുള്ള അനുബന്ധക്കുറിപ്പിൽ ചെയ്തിട്ടുള്ളത്.
മൂന്നാമതൊരു അനുബന്ധലേഖനം കൂടി ഈ പതിപ്പിൽ പുതുതായി ചേർത്തിട്ടുണ്ട്. 'മാർക്സിസവും ശാസ്ത്രവും' എന്ന ഈ ലേഖനം സമീപകാലത്ത് (1989) പാഠഭേദത്തിൽ പ്രസിദ്ധീകരിച്ചതാണ്. മാർക്സിയൻ വൈരുധ്യാധിഷ്ഠിത രീതി സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രം ഇനിയും ഉടലെടുത്തിട്ടില്ലെന്നും, പഴയ യാന്ത്രിക സമീപനത്തിന്റെ വിവിധ രൂപങ്ങൾ തന്നെയാണ് ഇപ്പോഴും ശാസ്ത്രരംഗത്ത് ആധിപത്യം ചെലുത്തുന്നതെന്നുമാണ് അതിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ആധുനികശാസ്ത്രം നേരിടുന്ന ദാർശനിക പ്രതിസന്ധി മറികടക്കുന്നതിന് മാർക്സിയൻ വൈരുദ്ധ്യരീതി ശാസ്ത്രരംഗത്ത് പ്രയോഗിക്കുകയാണ് വേണ്ടത്. അതിനാകട്ടെ ഒരു പുതിയ രീതിശാസ്ത്രം തന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. പക്ഷേ, ആ ദിശയിലുള്ള ശ്രമങ്ങൾ ഇനിയും കാര്യമായി ആരംഭിച്ചിട്ടുപോലുമില്ലെന്നതാണ് വാസ്തവം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആധിപത്യമായിരുന്നു ശാസ്ത്ര രംഗത്ത് ന്യൂട്ടോണിയൻ ചലനനിയമങ്ങൾ ഉപയോഗിച്ചു കൊണ്ട്, പ്രപഞ്ചത്തിലെ ഓരോ കണികയുടെയും ചലനക്രമം പൂർണ്ണമായി പ്രവചിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് അന്ന് ആധിപത്യത്തിലുണ്ടായിരുന്നത്. ഈ