താൾ:പ്രപഞ്ചവും മനുഷ്യനും.djvu/191

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കങ്ങൾ എല്ലാ ജീവികളിലും സ്ഥിരമായിട്ടുള്ളവയാണ്. നിശ്ചിത നിയമത്തിനനുസരിച്ചു മാത്രമേ അവ തലമുറകളിലേക്കു പകരുന്നുള്ളൂ. ആ നിലയ്ക്കു പരിണാമത്തിനു വിധേയമായ സ്വഭാവരൂപാന്തരണം സംഭവിക്കുക സാധ്യമല്ല. ജൈവസ്വഭാവങ്ങളുടെ യാഥാസ്ഥിതികത്വത്തെയാണ് മെൻഡേലിയൻ നിയമങ്ങൾ ഉദ്ഘോഷിക്കുന്നത്. പക്ഷേ, അധികം താമസിയാതെതന്നെ ഈ കുഴപ്പം പരിഹരിക്കപ്പെട്ടു. ജൈവസ്വഭാവങ്ങൾക്കാധാരമായ ജീനുകൾ തമ്മിൽ നടക്കുന്ന പുനസംയോജനങ്ങളും, ജീനുകളിൽ തന്നെ സംഭവിക്കുന്ന മ്യൂട്ടേഷനുകളും പുതിയ ജൈവസ്വഭാവങ്ങളുടെ ആവിർഭാവത്തിനു കളമൊരുക്കുന്നതായി തെളിയുകയുണ്ടായി. ഇതോടെ പരിണാമത്തിനാസ്പദമായ ജൈവസ്വഭാവ വൈവിധ്യത്തിന്റെ അടിസ്ഥാനമെന്താണെന്നു വ്യക്തമായി. അങ്ങനെ ഡാർവിനിസവും മെൻഡലിസവും പരസ്പരവിരുദ്ധങ്ങളല്ല, പരസ്പരപൂരകങ്ങളാണെന്നു ബോധ്യമായി. ഇതു ജൈവപ്രതിഭാസത്തെക്കുറിച്ചു സമഗ്രമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചു.

നവീന ഡാർവിനിസം

ഡാർവിന്റെ സിദ്ധാന്തത്തിലെ പ്രകൃതിനിർദ്ധാരണതത്ത്വമാണ് ജൈവപരിണാമത്തിലെ പ്രധാന ഘടകമെങ്കിലും അതു മാത്രമാണ് പരിണാമത്തെ നിയന്ത്രിക്കുന്നതെന്ന് ഇന്നാരും കരുതുന്നില്ല. ഡാർവിൻ കാണാതെപോയെ ചില പ്രതിഭാസങ്ങൾ കൂടി അതിലുൾപ്പെടുന്നുണ്ട്. പരിണാമം നടക്കുന്നത് വ്യക്തികളിലല്ല. മറിച്ച് സാമൂഹ്യാടിസ്ഥാനത്തിൽ മാത്രമേ പരിണാമം നടക്കുകയുള്ളു. അപ്പോൾ, ജൈവപരിണാമം നടക്കുന്ന മാധ്യമം ജീവസമൂഹങ്ങളാണ്. പലതരത്തിലുള്ള കുറേ ജീവികൾ ചേർന്ന സമൂഹമായാൽപ്പോരാ. മെൻഡേലിയൻ പാരമ്പര്യനിയമങ്ങളനുസരിക്കുന്ന ഒരു സമൂ ഹമായിരിക്കണമത്. അതായത് പരസ്പരം പ്രജനനം നടത്താൻ കഴിവുള്ള ജീവികൾ മാത്രമടങ്ങുന്ന ഒരു സമൂഹം. ഒരു സ്പീഷിസിൽപെട്ട ജീവികൾ തമ്മിൽ മാത്രമേ ഇങ്ങനെ പരസ്പരപ്രജനനം നടത്തുകയുള്ളു. ഇത്തരമൊരു സമൂഹത്തിലെ ജീവികളെല്ലാം സമാനങ്ങളായ ജീനുകളോടു കൂടിയവയായിരിക്കും. അങ്ങനെയുള്ള ഒരു ജീൻസഞ്ചയമാണ് പുതിയ സ്പീഷീസുകളുടെ ആവിർഭാവത്തിന് ഏറ്റവും പറ്റിയ മാധ്യമം.

ഇത്തരമൊരു ജീവസമൂഹം വളരെ വലുതാണെന്നു കരുതുക. അതിലെ ജീവികൾ യാതൊരു തരത്തിലുള്ള തടസ്സവും കൂടാതെ ഇഷ്ടംപോലെ പരസ്പരം ഇണചേരുകയും ചെയ്യുന്നു. അവയുടെ ജീനുകളിൽ മ്യൂട്ടേഷനൊന്നും നടക്കുന്നില്ലെന്നും കരുതുക. ഈ സ്ഥിതി എന്നും തുടർന്നുകൊണ്ടിരിക്കുകയാണെങ്കിൽ ആ സമൂഹത്തിൽ പുതിയ സ്വഭാവങ്ങളൊന്നും പ്രത്യക്ഷപ്പെടില്ല. അതിലെ ജീനുകളുടെ ആവൃത്തി എന്നെന്നും ഒന്നുതന്നെയായിരിക്കും. അതിലെ ജനിതകമായ ഒരു സന്തുലിതാവസ്ഥ അത്തരം സമൂഹങ്ങളിൽ നിലനില്ക്കും. ഈ തത്ത്വത്തെ ഹാർഡി-വൈൻബർഗ് നിയമം എന്നു വിളിക്കുന്നു. ഈ രണ്ടു ശാസ്ത്രജ്ഞന്മാർ ചേർന്നാണ് ഇത് കണ്ടുപിടിച്ചത്.