താൾ:പ്രപഞ്ചവും മനുഷ്യനും.djvu/193

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുരുക്കത്തിൽ, മെൻഡേലിയൻ നിയമങ്ങൾക്കനുസൃതമായ ജീവസമൂഹങ്ങളിൽ, ലൈംഗിക ജീൻ പുനർ സംയോജനങ്ങൾ വഴിയും മ്യൂട്ടേഷനുകൾ വഴിയും തലമുറകളിലേയ്ക്ക് പകർത്തപ്പെടാൻ കഴിയുന്ന വൈവിധ്യം പ്രത്യക്ഷപ്പെടുന്നു. ഇവയിൽ ചിലവയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ സന്താനങ്ങളെ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കും. അവയിലൂടെ പുതിയ സ്വഭാവങ്ങൾ സമൂഹത്തിൽ മുഴുവൻ പരക്കുന്നു. പരിതഃസ്ഥിതിക്കനുയോജ്യമായവയാണ് ഈ പുതിയ സ്വഭാവങ്ങളെങ്കിൽ, അവ അതിജീവിക്കുന്നു. പ്രകൃതിനിർദ്ധാരണമാണ് ഇവിടത്തെ നിയാമകശക്തി. അങ്ങനെ, മെൻഡേലിയൻ സമൂഹത്തിൽ, മ്യൂട്ടേഷനുകൾ വഴിയും മറ്റും ഉടലെടുക്കുന്ന ജനിതകമായ വൈവിധ്യങ്ങളിൽ നിന്ന് പ്രകൃതിനിർദ്ധാരണം വഴി തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സ്വഭാവങ്ങളാണ് ജൈവപരിണാമത്തിന് നിദാനമെന്ന് വ്യക്തമാവുന്നു.

ഇപ്രകാരം ആധുനിക ജൈവപരിണാമ സിദ്ധാന്തത്തിൽ, ഡാർവിനിസവും മെൻഡലിസവും മ്യൂട്ടേഷൻ സിദ്ധാന്തവും ഹാർഡി-വൈൻബർഗ് നിയമവുമെല്ലാം സമ്യക്കായവിധം സമ്മേളിച്ചിരിക്കുന്നു. ഇതിൽ നിർണ്ണായക ഘടകം എല്ലായ്പോഴും പ്രകൃതിനിർദ്ധാരണം തന്നെയായതുകൊണ്ട് ഡാർവിനിസം ഇന്നും ഏറെക്കുറെ കുറ്റമറ്റതായി നിൽക്കുന്നു. ഡാർവിന്റെ കാലത്ത് അറിയപ്പെടാതിരുന്ന വസ്തുതകൾ അതോടു ചേർക്കുകയും അതിനെ സമ്പുഷ്ടമാക്കുകയുമാണ് വാസ്തവത്തിൽ ഇപ്പോൾ ചെയ്തിട്ടുള്ളത്.

ഈ നിയമങ്ങളനുസരിച്ചുള്ള പരിണാമപ്രക്രിയകൾ ഇന്നും അഭംഗുരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, ഇത് വളരെ സാവധാനത്തിലാണെന്നു മാത്രം. ഒരു സ്പീഷീസിന്റെ ആവിർഭാവത്തിന് ചുരുങ്ങിയത് 3 ലക്ഷം വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പലപ്പോഴും ചില സമൂഹങ്ങളിൽ കോടിക്കണക്കിന് വർഷങ്ങൾക്കുശേഷവും പുതിയ സ്പീഷീസുണ്ടായില്ലെന്നു വരാം. എങ്കിലും മൊത്തത്തിൽ ജീവലോകം എന്നും പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.