താൾ:പ്രപഞ്ചവും മനുഷ്യനും.djvu/194

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


18
പരിണാമത്തിന്റെ ഏണിപ്പടികൾ


താണ്ട് നാനൂറ്റമ്പതു കോടിയോളം വർഷങ്ങൾക്കുമുമ്പ് ഭൂമി രൂപം കൊണ്ടുവെന്നും, അന്നുമുതൽ നൂറുകോടിയോളം വർഷങ്ങൾകൊണ്ട് ഭൂമുഖത്തു നടന്ന രാസപരിവർത്തനങ്ങളുടെ ഫലമായി ഏതാണ്ടു മുന്നൂറ്റമ്പതു കോടി വർഷങ്ങൾക്കു മുമ്പ് ആദ്യത്തെ ജീവരൂപങ്ങളുടലെടുത്തു എന്നും മൂന്നാമദ്ധ്യായത്തിൽ നാം കാണുകയുണ്ടായി. അന്നു തുടങ്ങിയ ജൈവപരിണാമപരമ്പരയിലെ ആദ്യഘട്ടങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ തെളിവുകളധികമൊന്നും ഇന്നും ലഭ്യമല്ല. 310-320 കോടി വർഷങ്ങൾക്കുമുമ്പ് നിലനിന്നിരുന്നതെന്നു കണക്കാക്കപ്പെട്ടിട്ടുള്ള ചില പ്രാഥമിക സസ്യരൂപങ്ങൾ മാത്രമേ ജീവന്റെ ആദിരൂപങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് ലഭ്യമായിട്ടുള്ളു. അതിനു മുമ്പുണ്ടായിരുന്ന ജീവരൂപങ്ങളെക്കുറിച്ച് ഊഹിക്കാൻ മാത്രമേ നമുക്കിന്നു കഴിയുകയുള്ളു.

മൺമറഞ്ഞുപോയ ജീവികളെക്കുറിച്ച് പഠിക്കുന്നത് ഭൂമിയുടെ പലഭാഗങ്ങൾ ഖനനം ചെയ്ത്, ഭൂബാഹ്യപടലത്തിന്റെ വിവിധ പാളികളിൽ നിന്നായി ശേഖരിക്കുന്ന പുരാജീവാവശിഷ്ടങ്ങൾ ഉപയോഗിച്ചാണ്. ജലാശയങ്ങളുടെയും മറ്റും അടിത്തട്ടിലെ ചെളിയിൽ പൂണ്ടുപോകാനിടയുള്ള ജീവികൾ, ചിലപ്പോൾ പല കാരണങ്ങൾകൊണ്ട് ആ ഭാഗം കട്ടപിടിച്ച് പാറയാവുകയാണെങ്കിൽ അതേരൂപവും ഘടനയും ഉള്ള ശിലകളായി മാറും, അല്ലെങ്കിൽ, കക്കകളെയും ചിപ്പികളെയും മറ്റും പോലെ കരുത്താർന്ന കവചമുള്ള ജീവികളുടെ കവചങ്ങൾ അതേപടി ഇത്തരം ശിലാപാളികളിൽ സംരക്ഷിക്കപ്പെടും. അവയ്ക്കു മീതെ പിന്നെയും പല അടുക്കുപാറകളും മറ്റും വന്നു ചേരുകയും ചെയ്യും. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊണ്ടിട്ടുള്ള വിവിധതരത്തിലുള്ള പാറകളുടെയും മണ്ണിന്റെയും അടുക്കുകളെ ആസ്പദമാക്കിക്കൊണ്ട് ഭൂമിയുടെ ഭൂതകാലചരിത്രത്തെ വിവിധ ഘട്ടങ്ങളിലായി ഭൂവൈജ്ഞാനികർ വിഭജിച്ചിരുന്നു. ഇങ്ങനെയുള്ള വിവിധ അടുക്കുകളുടെ പഴക്കം നിശ്ചയിക്കപ്പെട്ടാൽ, ആ അടുക്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള ജീവികളുടെ പഴക്കവും നിർണ്ണയിക്കാമല്ലോ. ഭൂമിയുടെ വിവിധ പാളികളുടെയും അതോടനുബന്ധിച്ചുള്ള ജീവാശ്മങ്ങളുടെയും പഴക്കം നിർണ്ണയിക്കുന്നതിനു ചില പ്രത്യേക പരീക്ഷണമാർഗ്ഗങ്ങൾ ഉപയോഗിച്ചുവരുന്നു. യുറേനിയം തുടങ്ങിയ റേഡിയോപ്രസരണ വസ്തുക്കൾ നിരന്തരം റേഡിയോ തരംഗങ്ങൾ വിക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നവയാകയാൽ കാലക്രമത്തിൽ അവ വ്യത്യസ്ത മൂലകങ്ങളായിത്തീരും. യുറേനിയം ഈ മാറ്റത്തിനുശേഷം ഇയ്യമായി മാറുകയാണു ചെയ്യുന്നത്. ഇന്നു ഭൂമുഖത്തുള്ള ഇയ്യം