താൾ:പ്രപഞ്ചവും മനുഷ്യനും.djvu/195

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഴുവനും ഇങ്ങനെ റേഡിയോപ്രസരവസ്തുക്കൾ രൂപാന്തരീകരിച്ചുണ്ടായതാണ്. ഒരു നിശ്ചിത അളവ ഇയ്യം ഇപ്രകാരമുണ്ടാകുന്നതിനുവേണ്ട കാലയളവ് കണക്കാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക ജീവാശ്മത്തോടൊപ്പമോ, പാറകളുടെ ഒരു പ്രത്യേക അടുക്കിലോ ഉള്ള ഇയ്യത്തിന്റെ അളവിൽ നിന്ന് അവയുടെ പഴക്കം കണക്കാക്കാൻ കഴിയും. അടുത്തകാലത്തായി ജീവാശ്മങ്ങളുടെ അഥവാ ഫോസ്സിലുകളുടെ പഴക്കം നിർണ്ണയിക്കാൻ മറ്റൊരു സമ്പ്രദായമുപയോഗിച്ചു വരുന്നുണ്ട്. റേഡിയോപ്രസരകാർബണി(C14)ന്റെയും സാധാരണ കാർബണി(C12)ന്റെയും ആപേക്ഷികമായ അളവ് തിട്ടപ്പെടുത്തിയിട്ടാണ് ഈ കണക്കുകൂട്ടൽ നടത്തുന്നത്. അന്തരീക്ഷത്തിൽ നിന്നു നേരിട്ടോ പരോക്ഷമായോ ജീവികൾ റേഡിയോപ്രസരണ കാർബണെ ഉൾക്കൊള്ളുന്നുണ്ട്. അതൊരു നിശ്ചിത തോതിൽ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാണ്ട് 5600 വർഷങ്ങൾക്കുശേഷം റേഡിയോപ്രസര കാർബണിന്റെ തോത് സാധാരണ ജീവിയിലുള്ളതിന്റെ പകുതിയായി കുറയുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഈ സമ്പ്രദായമുപയോഗിച്ചു ജീവാശ്മങ്ങളിലുള്ള റേഡിയോപ്രസരകാർബണിന്റെ അളവ് തിട്ടപ്പെടുത്തിയാൽ അതിന്റെ പഴക്കം കണ്ടുപിടിക്കാം. ഇതുപോലെ പൊട്ടാസ്യത്തിലടങ്ങിയിട്ടുള്ള റേഡിയോപ്രസര ഐസോട്ടോപ്പിന്റെ പരിവർത്തനം കണക്കാക്കിയും ഇവയുടെ പഴക്കം കണ്ടുപിടിക്കാവുന്നതാണ്.

ഭൂവിജ്ഞാനീയ സമയവിവരപ്പട്ടിക

ഈ വിധത്തിൽ ഭൂമിയുടെ ഉപരിതലത്തിലെ വിവിധ പാളികളുടെ പഴക്കം നിർണ്ണയിക്കുകവഴി, ചരിത്രാതീത ഭൂതകാലത്തെ വിവിധ ഘട്ടങ്ങളായി തിരിക്കാൻ ഭൂവൈജ്ഞാനികർക്കു കഴിഞ്ഞിട്ടുണ്ട്. ജീവികളുടെ അവശിഷ്ടങ്ങൾ അഥവാ ഫോസ്സിലുകൾ ഉറച്ച പുറംതോടോ അസ്ഥികൂടമോ ഉള്ളവയുടേതാണധികവും ലഭിച്ചിട്ടുള്ളത്. എന്നാൽ ജൈവപരിണാമത്തിലെ ഏറ്റവും ദീർഘമേറിയ ആദ്യഘട്ടങ്ങളിലെല്ലാം അസ്ഥികളോ ബാഹ്യകവചങ്ങളോ ഇല്ലാത്ത ലോലമാംസള ജീവികളാണ് നിലനിന്നിരുന്നത് എന്നതുകൊണ്ട് അവയുടെ അവശിഷ്ടങ്ങളൊന്നും കാര്യമായി ഭൂമിയുടെ പുറം പാളികളിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല. തന്മൂലം അവയെക്കുറിച്ചു വസ്തുനിഷ്ഠമായ അറിവ് സമ്പാദിക്കാൻ നമുക്കിന്നു കഴിയുന്നില്ല.

ഇക്കാരണത്താൽ, 350 കോടി വർഷം നീണ്ടുനിന്ന ജൈവപരിണാമ ചരിത്രത്തിൽ ഇക്കഴിഞ്ഞ 50 കോടി വർഷത്തെക്കുറിച്ചു മാത്രമെ നമുക്കു വ്യക്തമായ ധാരണ ലഭിച്ചിട്ടുള്ളു. അന്നുമുതൽക്കിങ്ങോട്ടുള്ള കാലഘട്ടത്തെയാണ് ഭൂവിജ്ഞാനീയ സമയവിവരപ്പട്ടിക എന്നു പറയുന്നത്. ഈ സമയവിവരപ്പട്ടികയിലെ ഏകകങ്ങൾ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളുമല്ല; മഹാകല്പങ്ങളും കല്പങ്ങളും യുഗങ്ങളുമാണ്. ഇവയുടെയെല്ലാം കാലയളവാകട്ടെ ലക്ഷക്കണക്കിനും കോടിക്കണക്കിനും വർഷങ്ങളുമാണ്.