താൾ:പ്രപഞ്ചവും മനുഷ്യനും.djvu/204

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


19
മനുഷ്യന്റെ രംഗപ്രവേശം

തിദീർഘമായ ഭൂമിയുടെ ചരിത്രത്തിൽ, ഏതാണ്ടത്ര തന്നെ നീണ്ട ജീവലോകചരിത്രത്തിൽ വളരെ വളരെ വൈകി വന്ന ഒരു നവാഗതനാണ് മനുഷ്യൻ. സാധാരണ പലരും കരുതുന്നതുപോലെ മനുഷ്യൻ ഇന്നു ജീവിച്ചിരിക്കുന്ന കുരങ്ങുകളുടെയോ ആൾക്കുരങ്ങുകളുടെയോ വംശത്തിൽനിന്നു പരിണമിച്ചുണ്ടായവനല്ല. മനുഷ്യനും വിവിധതരം കുരങ്ങുകളും ആൾക്കുരങ്ങുകളുമെല്ലാം കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന ഏതോ പൂർവ്വിക പൊതുകുടുംബത്തിൽ നിന്നു ശാഖകളായി പിരിഞ്ഞുപോയവരാണ്. അല്ലാതെ, അവയ്ക്കു തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ല. ഇന്നവർ വളരെ അകന്ന ചാർച്ചക്കാർ മാത്രമാണ്.

മനുഷ്യന്റെ ആവിർഭാവത്തിനിടയാക്കിയ പരിണാമഗതികളെക്കുറിച്ച് പഠിക്കുന്നതിനുമുമ്പ്, ഇന്നു നിലനില്ക്കുന്ന ജന്തുക്കൾക്കിടയിൽ ജന്തുശാസ്ത്രപരമായി മനുഷ്യനുള്ള സ്ഥാനമെന്താണെന്നു പരിശോധിക്കേണ്ടതുണ്ട്.

നട്ടെല്ലുള്ള ജന്തുക്കളിൽ ഏറ്റവുമധികം പുരോഗതി പ്രാപിച്ച ഒരു വിഭാഗമാണ് സസ്തനങ്ങൾ, എലി മുതൽ ആനയും തിമിംഗലവും വരെയുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചു മുലകൊടുത്തു വളർത്തുന്ന എല്ലാ ജന്തുക്കളും ഈ വിഭാഗത്തിൽപ്പെടുന്നു. ഇവയിൽത്തന്നെ വിവിധ രൂപസ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറോളം വ്യത്യസ്ത ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകളെ ജന്തുശാസ്ത്രത്തിൽ ഓർഡറുകൾ എന്നാണ് വിളിക്കുന്നത്. ഇങ്ങനെയുള്ള ഒരു ഓർഡറാണ് പ്രൈമേറ്റുകൾ. മനുഷ്യൻ, ആൾക്കുരങ്ങുകൾ, കുരങ്ങുകൾ, ലെമൂറുകൾ, കുരങ്ങുകളുമായി ബന്ധപ്പെട്ട മറ്റു പലതരം ചെറുജന്തുക്കൾ എന്നിവയെല്ലാം അടങ്ങുന്നതാണ് പ്രൈമേറ്റുകൾ എന്ന ഓർഡർ. ഈ ഓർഡറിലെ ഒരു ഉപ ഓർഡറായ ആന്ത്രോപോയ്ഡിയയിൽ എല്ലാതരം കുരങ്ങുകളും മനുഷ്യനും ഉൾപ്പെടുന്നു. ഈ ഉപ ഓർഡറിൽ മൂന്നു സൂപ്പർ കുടുംബങ്ങളുണ്ട്. അവയിലൊന്നാണ് ഹോമിനോയ്ഡിയ. ആൾക്കുരങ്ങുകളും മനുഷ്യനും മനുഷ്യപൂർവ്വികരും ഇതിലുൾപ്പെടുന്നു. ആൾക്കുരങ്ങുകളെല്ലാമുൾപ്പെടുന്ന കുടുംബത്തിന് പോംഗിഡേ എന്നും, മനുഷ്യനും മനുഷ്യപൂർവ്വികരും ഉൾപ്പെടുന്ന കുടുംബത്തിന് ഹോമിനിഡേ എന്നുമാണ് പേർ. ഈ അടിസ്ഥാനത്തിൽ മനുഷ്യന്റെ ആവിർഭാവത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഹോമിനിഡേ കുടുംബത്തിന്റെ ഉത്ഭവപരിണാമങ്ങളാണ് നമ്മുടെ പഠനവിഷയമാകേണ്ടത്.