മനുഷ്യക്കുരങ്ങുകളെല്ലാമുൾപ്പെടുന്ന ഹോമിനോയ്ഡിയ സൂപ്പർ കുടുംബത്തിൽനിന്ന് സ്വതന്ത്രവും വ്യത്യസ്തവുമായ ഒരു പ്രത്യേക പരിണാമശാഖയായ ഹോമിനിഡേ കുടുംബം വേർപിരിഞ്ഞു വന്നതെന്നാണെന്നും എവിടെവെച്ചാണെന്നും വ്യക്തമായി അറിവായിട്ടില്ല. ടെർഷ്യറി കല്പത്തിന്റെ ആരംഭത്തിൽ - ഏതാണ്ട് ഏഴുകോടി വർഷങ്ങൾക്കുമുമ്പ് - ആണ് പ്രാഥമിക പ്രൈമേറ്റുകൾ രംഗപ്രവേശം ചെയ്തത്. ടെർഷ്യറി കല്പത്തിലെ ആദ്യയുഗങ്ങളായ പാലിയോസീൻ, ഇയോസീൻ എന്നിവയിൽ ഇന്നത്തെ ടെമൂറുകൾ, ടാഴ്സീറുകൾ എന്നിവയോടു സാദൃശ്യം പുലർത്തുന്ന പ്രൈമേറ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് ഒലിഗോസീനിൽ, അതായത് ഏതാണ്ട് 4 കോടി വർഷങ്ങൾക്കുമുമ്പ്, ആദിമ ആന്ത്രോപ്പോയിഡ് ആൾക്കുരങ്ങുകൾ ഉടലെടുത്തു. തുടർന്നുള്ള യുഗമായ മയോസീനിൽ, ഏതാണ്ട് 3 - 2 കോടിവർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തതരത്തിലുള്ള ആന്ത്രോപ്പോയ്ഡ് ആൾക്കുരങ്ങുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
ഹോമിനിഡേ
ഈ ആദിമ ആന്ത്രോപ്പോയ്ഡ് ആൾക്കുരങ്ങുകളിൽ ചിലതു വാസ്തവത്തിൽ, ആൾക്കുരങ്ങുകളിൽനിന്നു വ്യത്യസ്തമായ മനുഷ്യന്റെ പൂർവ്വഗാമികളുൾപ്പെടുന്ന ഹോമിനിഡേയിലെ അംഗങ്ങളോട് കൂടുതൽ സാദ്യശ്യം പുലർത്തുന്ന ജന്തുക്കളായിരുന്നു. ഇവ വാസ്തവത്തിൽ ആദിമ ഹോമിനിഡുകൾ തന്നെയാണെന്നു പിൽക്കാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ അറിയപ്പെട്ടിട്ടുള്ള ഹോമിനിഡുകളിൽ ഏറ്റവും ആദ്യത്തേത് വടക്കേ ഇന്ത്യയിലെ ശിവാലിക് കുന്നുകളിൽനിന്നു കണ്ടെടുക്കപ്പെട്ട രാമാപിത്തെക്കസ് പഞ്ചാബിക്കസ് ആണ്. ഇതു കണ്ടുപിടിച്ച ലെവിസ് 1922-ൽ തന്നെ രാമാപിത്തെക്കസ് ഒരു ഹോമിനിഡ് ആണെന്ന് അവകാശപ്പെട്ടുവെങ്കിലും മറ്റു പല ശാസ്ത്രജ്ഞന്മാരും അടുത്തകാലം വരെ അതിനെ ഒരു ആൾക്കുരങ്ങു മാത്രമായിട്ടാണ് പരിഗണിച്ചത്. എന്നാൽ അതിനു വാസ്തവത്തിൽ ആൾക്കുരങ്ങുകളിൽനിന്ന് വ്യത്യസ്തമായ പല ഭാവങ്ങളുണ്ടായിരുന്നു. അവ കൂടുതൽ സാദൃശ്യം പുലർത്തിയത് ഹോമിനിഡുകളോടാണ്. ഇവയോടു സമാനമായ ചില ഫോസ്സിലുകൾ ആഫ്രിക്കയിൽനിന്നും കണ്ടുകിട്ടുകയുണ്ടായി. കെനിയാപിത്തെക്കസ് എന്നാണതിനു നൽകിയ പേര്. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഈ രണ്ടു ഫോസ്സിലുകളും മയോസിൻ യുഗത്തിലുൾപ്പെടുന്നതാണ്. ഏതാണ്ട് രണ്ടുകോടി കൊല്ലങ്ങൾക്കുമുമ്പാണ് അവ ജീവിച്ചിരുന്നതെന്നു വരുന്നു.
രാമാപിത്തെക്കസും കെനിയാപിത്തെക്കസും ഏറെക്കുറെ രണ്ടുകാ ലിലാണ് നടന്നിരുന്നത്. എന്തുകൊണ്ടെന്നാൽ അവയുടെ താടിയുടെയും പല്ലുകളുടെയും ഘടനയിൽ നിന്നു ഭക്ഷണം കഴിക്കുന്നതിന് അവ കൈകളുപയോഗിച്ചിരുന്നു എന്നു വ്യക്തമാണ്. അങ്ങനെ കൈകൾ സഞ്ചാരകൃത്യത്തിൽ നിന്നു ഭാഗികമായിട്ടെങ്കിലും മുക്തമായിരുന്നുവെന്ന് തെളിയുന്നു. ഇവ ഒരു പക്ഷേ പ്രത്യേക രീതിയിൽ സവിശേഷീകരിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു