താൾ:പ്രപഞ്ചവും മനുഷ്യനും.djvu/207

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഫ്രിക്കാനസും. അടുത്ത കാലത്തായി പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ എൽ.എസ്. ബി. ലീക്കി, ടാങ്കനിക്കയിൽ നിന്ന് ഇത്തരത്തിൽപ്പെട്ട ഒട്ടേറെ ഫോസ്സിലുകൾ കണ്ടെടുക്കുകയുണ്ടായി. ഹോമോഹബിലിസ് (ഇതു യഥാർത്ഥത്തിൽ ആ ആഫ്രിക്കാനസാണ്). എന്ന് അദ്ദേഹം പേരു നൽകിയ ഒരു ഫോസ്സിലിനോടൊപ്പം ചില ആയുധോപകരണങ്ങൾ കൂടിയുണ്ടായിരുന്നു. ഇതിൽനിന്ന് അവയ്ക്ക് ആയുധങ്ങളുണ്ടാക്കാനും ഉപയോഗിക്കാനും അറിയാമായിരുന്നെന്നു വരുന്നു. മാത്രമല്ല, അവർ താമസിച്ചിരുന്ന ഗുഹകളിൽനിന്ന് അവർ കൊന്നു ഭക്ഷിച്ചിരുന്ന പല ജന്തുക്കളുടെയും എല്ലുകൾ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം ജന്തുക്കളെ കൊല്ലണമെങ്കിൽ അവർ സംഘടിതസമൂഹങ്ങളായി ജീവിച്ചിരിക്കേണ്ടതത്യാവശ്യമായിരുന്നു. ആയുധങ്ങൾ പോലെ രൂപപ്പെടുത്തിയ അസ്ഥികളും മറ്റും അവയോടൊപ്പം കണ്ടുകിട്ടിയിട്ടുണ്ട്. ചില അസ്ഥികളിലും മറ്റുമുള്ള മുറിവുകൾ കാണിക്കുന്നത് ആധുനിക മനുഷ്യരെപ്പോലെ വല്ലപ്പോഴുമൊക്കെ പരസ്പരം മല്ലിട്ട് വധിക്കുന്ന സമ്പ്രദായം അവയ്ക്കുണ്ടായിരുന്നുവെന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിൽ, അവ യഥാർത്ഥ മനുഷ്യരായിരുന്നില്ലേ എന്ന ചോദ്യം ഉയർന്നുവരാവുന്നതാണ്. വാസ്തവത്തിൽ, അവയുടെ കഴുത്തുതൊട്ടു കീഴ്പോട്ടുള്ള ഭാഗം മനുഷ്യന്റേതും മുകളിലോട്ടുള്ളത് ആൾക്കുരങ്ങിന്റേതുമായിരുന്നു.

പിത്തെക്കാന്ത്രോപ്പസ്

പ്ലീസ്റ്റോസീൻ യുഗത്തിന്റെ മദ്ധ്യഘട്ടങ്ങളിൽ നിന്ന് ഒട്ടേറെ ഹോമിനിഡ് ഫോസ്സിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. യൂജിൻ ഡുബോയ്, 1894-ൽ ജാവയിൽനിന്നും കണ്ടെടുത്ത ജാവാമനുഷ്യന്റെ ഫോസ്സിൽ ഇക്കൂട്ടത്തിൽ പെടുന്നതാണ്. അതിനദ്ദേഹം നൽകിയ പേര് പിത്തെക്കാന്ത്രോപ്പസ് ഇറക്ടസ് എന്നാണ്. 1920-കളുടെ അവസാനത്തിലും 1930-കളുടെ ആരംഭത്തിലും ഏതാനും മനുഷ്യസദൃശ ഫോസ്സിലുകൾ പീക്കിംഗിൽ നിന്ന് 42 മൈലുകളകലെയുള്ള ചൗക്കോടിനിൽ നിന്ന് (ഇപ്പോൾ പീപ്പിങ്ങ്) കണ്ടെടുക്കുകയുണ്ടായി. പെക്കിംഗ് മനുഷ്യൻ അഥവാ നിനാന്ത്രോപ്പസ് എന്നാണിതിനെ നാമകരണം ചെയ്തത്. ജാവാമനുഷ്യനും പീക്കിംഗ് മനുഷ്യനും വാസ്തവത്തിൽ ഹോമോ ഇറക്ടസ് എന്ന സ്പീഷീസിൽ പെട്ടതാണ്. ഹോമോ ഇറക്ടസ് ശരിക്കും രണ്ടുകാലിൽ നിവർന്നാണ് നടന്നിരുന്നത്. ഇവയുടെ മസ്തിഷ്ക വ്യാപ്തം 700-1000 സി.സി. യായിരുന്നു. പീക്കിംഗ് മനുഷ്യനിൽ മസ്തിഷ്കം 1200 സി.സി. വരെയെത്തിയിരുന്നു. തലയോടിന്റെ മുകൾഭാഗം പരന്നാണിരുന്നത്. ഹോമോ ഇറക്ടസ് കല്ലുകൊണ്ടുള്ള ഉപകരണങ്ങളുണ്ടാക്കിയിരുന്നു. പീക്കിംഗ് മനുഷ്യന് തീയിന്റെ ഉപയോഗവുമറിയാമായിരുന്നു.

ഹിമയുഗങ്ങൾ

പ്ലീസ്റ്റോസീൻ യുഗം നാലു ഹിമയുഗങ്ങളും അവയ്ക്കിടയിലുള്ള ഹിമയുഗാന്തരാളഘട്ടങ്ങളുമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇവയ്ക്കിടയിലാണ് മനുഷ്യപരിണാമത്തിന്റെ പ്രധാന പ്രവർത്തനരംഗങ്ങൾ നടന്നിട്ടുള്ളത്. ഉത്തരധ്രുവത്തിലെ മഞ്ഞ് ഉരുകി, യൂറോപ്പിനെയും ഏഷ്യയുടെ തെക്കൻഭാ