ഗങ്ങളെയും വടക്കെ അമേരിക്കയെയും പ്രളയത്തിലാഴ്ത്തുന്ന അവസ്ഥയെയാണ് ഹിമയുഗമെന്നു വിളിക്കുന്നത്. പ്ലാസ്റ്റോസീൻ യുഗത്തിൽ ഇത്തരത്തിലുള്ള നാലു ഹിമയുഗങ്ങളുണ്ടാവുകയുണ്ടായി. ഇതിലവസാനത്തേത് ഏതാണ്ട് അമ്പതിനായിരം വർഷങ്ങൾക്കു മുമ്പാണുണ്ടായത്. ഈ കാലഘട്ടങ്ങളിൽ, വെള്ളത്തിനടിയിലായിപ്പോവുന്ന പ്രദേശത്തെ ജീവജാലങ്ങളെല്ലാം നശിച്ചു പോവുക സാധാരണമാണ്. തന്മൂലം, ആ മേഖലക്ക് പുറത്തുകടക്കാൻ കഴിയുന്നവ മാത്രമേ സാധാരണയായി അതിജീവിക്കാറുള്ളൂ. പ്ലീസ്റ്റോസീൻ യുഗത്തിൽ ജീവിച്ചിരുന്ന പല മനുഷ്യ പൂർവിക വംശങ്ങളുടെയും നാശത്തിന് ഈ ഹിമയുഗങ്ങൾ കാരണമായിരുന്നിട്ടുണ്ട്.
ഹോമോസാപ്പിയൻ, അഥവാ ആധുനിക മനുഷ്യൻ രംഗപ്രവേശം ചെയ്തത് മൂന്നാം ഹിമയുഗാന്തരാളഘട്ടത്തിലാണ്. അതിനുമുമ്പും ആദിമഹോമോസാപ്പിയനുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ സ്വാൻസ്കോമ്പിലും, ജർമ്മനിയിലെ സ്റ്റിൻഹീനിലും ഇത്തരം ആദിമനുഷ്യരുടെ ഫോസ്സിലുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവരെ സാൻസ്കോമ്പ് മനുഷ്യരെന്നും സ്റ്റീൻഹീൻ മനുഷ്യരെന്നും വിളിക്കുന്നു. സാപ്പിയനുകളുടെയും നിയാണ്ടർത്താലുകളുടെയും സ്വഭാവങ്ങളുടെ ഒരു മിശ്രമാണ് ഇവയിൽ കണ്ടുവരുന്നത്. ജർമ്മനിയിൽ നിന്ന് കണ്ടുകിട്ടിയ ഫോസ്സിലിന്റെ മസ്തിഷ്ക വ്യാപ്തം 1450 സി.സി.യാണത്രെ. പല സ്വഭാവങ്ങളിലും ഇവയ്ക്ക് ആധുനിക മനുഷ്യരോട് പല നിലവാരത്തിൽ സാദൃശ്യമുണ്ടായിരുന്നു.
നിയാണ്ടർത്താൽ മനുഷ്യൻ
അവസാന ഹിമയുഗത്തിൽ യൂറോപ്പിൽ ഒരു പ്രത്യേക ജാതി മനുഷ്യർ നിലനിന്നിരുന്നു. 1856-ൽ ജർമ്മനിയിലെ നിയാണ്ടർത്താൽ എന്ന പ്രദേശത്തുനിന്ന് ജെ.കെ. ഫുൾറോട്ട് എന്ന സ്ക്കൂളദ്ധ്യാപകനാണ് ഈ മനുഷ്യരുടെ ഫോസ്സിലുകൾ ആദ്യമായി കണ്ടെടുത്തത്. അതിനുശേഷം നൂറിൽപരം നീയാണ്ടർത്താൽ മനുഷ്യരുടെ ഫോസ്സിലുകൾ കണ്ടുകിട്ടിയിട്ടുണ്ട്. പ്ളീസ്റ്റോസീൻ യുഗത്തിന്റെ അവസാന ഘട്ടങ്ങളിൽ നിലനിന്നിരുന്ന ഇവ മറ്റു ആദിമ മനുഷ്യരിൽനിന്ന് വ്യത്യസ്തമായ ചില സ്വഭാവങ്ങളോടു കൂടിയവയായിരുന്നു. കണ്ണിൽ പുരികത്തിന്റെ സ്ഥാനത്തെ അസ്ഥി സാധാരണയിൽ കവിഞ്ഞ തോതിൽ മുന്നോട്ടു തള്ളി നിന്നിരുന്നു. താടിയില്ലാത്ത മുന്നോട്ടു തള്ളിനിൽക്കുന്ന താടിയെല്ലുകളും കട്ടികൂടിയ പരന്ന തലയോടും ഇവയുടെ സവിശേഷതയായിരുന്നു. ഇവ ഹോമോസാപ്പിയൻ സ്പീഷീസിൽത്തന്നെ പെട്ട ഒരു തരമാണെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഹോമോ നിയാണ്ടർത്താലെൻസിസ് എന്ന ഒരു പ്രത്യേക സ്പീഷീസാണിത്. ഇവ ഏതായാലും ആദിമ മനുഷ്യരുടെ പൂർവികരായിരുന്നില്ലെന്നു വ്യക്തമാണ്. അവസാന ഹിമയുഗത്തിൽ, യൂറോപ്പ് മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടാനിടയായപ്പോൾ ആ അപകടകരമായ കാലാവസ്ഥയിൽ വ്യത്യസ്ത രീതിയിൽ പരിണമിച്ചതിന്റെ ഫലമായിട്ടായിരിക്കാം, ഈ ആദിമ മനുഷ്യവിഭാഗം ഉണ്ടാ