താൾ:പ്രപഞ്ചവും മനുഷ്യനും.djvu/212

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


20

മനസ്സ്?

നസ്സ്. ഏവർക്കും സുപരിചിതമായ ഒരു പദം. തന്റെ മനസ്സിന്റെ കഴിവുകളേയോ കഴിവുകേടുകളേയോ കുറിച്ച് അഭിമാനം കൊള്ളുകയോ വേദനിക്കുകയോ ചെയ്യാത്തവരായിട്ടാരുമുണ്ടാവില്ല. പതറാത്ത 'മനോ'ധൈര്യത്തിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഒരു കൂട്ടർ. മറ്റൊരു വിഭാഗമാകട്ടെ, 'മനോ' ദൗർബല്യം നിമിത്തം ഒരു നിസ്സാരകാര്യം പോലും നടത്താൻ കെല്പില്ലാത്തവരാണ്. എന്തെല്ലാമുണ്ടായിട്ടും 'മനോ'സുഖം മാത്രം ലഭിച്ചില്ലെന്ന പരാതി ഒരുവശത്ത്; മോഹഭംഗങ്ങളുടെ മധ്യത്തിൽ പെട്ടുള്ള 'മനോ'വേദനയാണ് മറുവശത്ത്. വരാനിരിക്കുന്ന സൗഭാഗ്യങ്ങളെയോർത്ത് 'മന'ക്കോട്ട കെട്ടുകയാണ് മറ്റൊരു വിഭാഗം. എപ്പോഴും ‘മനോ‘രാജ്യത്തിൽ മുഴുകിനടക്കുന്നവരും കുറവല്ല. മറ്റുള്ളവരുടെ കഷ്ടപ്പാടുകണ്ട് 'മന'സ്സലിയുന്ന മഹാ 'മനസ്ക്കത'യുമുണ്ട് നമ്മുടെ ഇടയിൽ തന്നെ. 'മന'മില്ലാ 'മനസ്സോ'ടെ എന്തുചെയ്തിട്ടും കാര്യമില്ലെന്നു 'മന'സ്സിലാക്കാത്തവരുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സർവ്വരും സർവ്വദാ കൈകാര്യം ചെയ്യുന്ന ഈ 'മനസ്സ്' എന്താണെന്നു ചോദിച്ചാൽ വ്യക്തമായൊരുത്തരം ലഭിക്കില്ല.

മനസ്സിന്റെ യഥാർത്ഥ സ്വഭാവമെന്ത്? അത് ജഡമാണോ? ചൈതന്യമാണോ? അതിനു സ്വതന്ത്രമായ അസ്തിത്വമുണ്ടോ? അതോ, മറ്റേതെങ്കിലും വസ്തുവിനോടു ബന്ധപ്പെട്ട്, അതിനെ ഉപാധിയാക്കിക്കൊണ്ട് മാത്രമേ നിലനിൽക്കുകയുള്ളു എന്നുണ്ടോ?

ഇങ്ങനെ തുടർനുപോകാവുന്ന അനവധി സംശയങ്ങൾക്കു തൃപ്തികരമായ പരിഹാരം അടുത്തകാലം വരെ നിർദ്ദേശിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റേതൊരു പ്രാപഞ്ചിക പ്രതിഭാസത്തേയും അപേക്ഷിച്ച് വൈവിധ്യമാർന്ന സങ്കല്പങ്ങൾ ഈ പ്രശ്നത്തിനു പിന്നിൽ അണിനിരന്നു.

പ്രാചീന ചിന്താശകലങ്ങളിലൂടെ കടന്നുചെന്നാൽ അന്നുമുതൽക്കേ ഈ പ്രശ്നത്തെ സംബന്ധിച്ച് രൂപംകൊണ്ടു വന്നിരുന്ന അഭിപ്രായാന്തരങ്ങളെക്കുറിച്ച് നമുക്ക് ഒരേകദേശരൂപം കിട്ടും. ഛാന്ദോഗ്യോപനിഷത്ത് മനസ്സിനെ ഒരു ഭൗതികവസ്തുവായിട്ടാണ് ദർശിച്ചത്. 'മനസ്സ്' അന്നമയമായതാണ്. തൈർ കലക്കിയാൽ അതിലെ സൂക്ഷ്മാംശം മുകളിലേയ്ക്കു പൊന്തി വരുന്നു; അത് വെണ്ണയായി തീരുന്നു. അപ്രകാരം ഭക്ഷിക്കപ്പെട്ട അന്നത്തിന്റെ സൂക്ഷ്മാംശം മുകളിലേയ്ക്കു പൊന്തിവരുന്നു. അതു മനസ്സായി തീരുന്നു.