താൾ:പ്രപഞ്ചവും മനുഷ്യനും.djvu/215

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദാർത്ഥം-ജീവൻ-മനസ്സ്

എല്ലാ ജൈവപ്രതിഭാസങ്ങളെയും ജീവശരീരത്തിൽ നടക്കുന്ന രാസഭൗതികപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാവുന്നതാണെന്ന് രണ്ടാം ഭാഗത്തിൽ നാം കാണുകയുണ്ടായി. അതുപോലെ ശരീരത്തിൽ നടക്കുന്ന ജൈവപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ മാനസികപ്രവർത്തനങ്ങളുടെയും അന്തസ്സത്ത കണ്ടെത്താവുന്നതാണ്. അതായത്, ജീവനെന്നും മനസ്സെന്നും നാം കണക്കാക്കിപ്പോരുന്ന പ്രതിഭാസങ്ങൾ വാസ്തവത്തിൽ അടിസ്ഥാനപരമായ രാസഭൗതിക പ്രവർത്തനങ്ങളുടെ വ്യത്യസ്തപ്രകടനരൂപങ്ങൾ മാത്രമാണ്.

അടിസ്ഥാന ഘടകങ്ങൾ ഒന്നുതന്നെയാണെങ്കിൽ പദാർത്ഥവും ജീവനും മനസ്സും തമ്മിലുള്ള ഗുണപരമായ അന്തരത്തിനു വിശദീകരണം കണ്ടെത്തേണ്ടതുണ്ട്. ജീവനെക്കുറിച്ചു പ്രതിപാദിച്ചപ്പോൾ പദാർത്ഥത്തിന്റെ രചനാപരമായ സങ്കീർണ്ണത വർദ്ധിക്കുന്നതനുസരിച്ചു പുതിയ ഗുണങ്ങൾ ഉടലെടുക്കുന്നതെങ്ങനെയാണെന്നു വ്യക്തമാക്കുകയുണ്ടായി. നിർഗതഗുണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം മാനസിക പ്രവർത്തനങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. ലളിതങ്ങളായ രാസവസ്തുക്കൾ ഒരു പ്രത്യേകരീതിയിൽ സംയോജിച്ചതിന്റെ ഫലമായി സ്വയം പുനരാവർത്തിക്കാൻ കഴിവുള്ള പുതിയ ഒരു രാസവസ്തു രൂപംകൊണ്ടു. ജൈവസ്വഭാവത്തിന്റെ അടിസ്ഥാനമായി തീർന്നത് ആ പുതിയ ഗുണമാണ്. എന്നാൽ ജൈവപരിണാമം തുടർന്നതിന്റെ ഫലമായി കൂടുതൽ സങ്കീർണ്ണമായ ജീവികൾ രൂപംകൊള്ളാൻ തുടങ്ങിയപ്പോൾ പിന്നെയും പുതിയ സ്വഭാവവിശേഷങ്ങൾ അനിവാര്യമായിത്തീർന്നു. മാറിവരുന്ന പരിതഃസ്ഥിതികളെ നേരിടുന്നതിന് ചുറ്റുപാടുമുണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹിക്കുവാനും, അതിനനുസൃതമായ പ്രതികരണങ്ങളുളവാക്കാനും ഉള്ള കഴിവുകൾ സമാർജിക്കേണ്ടതുണ്ടായിരുന്നു. പരിണാമപരമ്പരകളുടെ ഓരോ പടികളും കയറിക്കൊണ്ടിരുന്നപ്പോൾ ഈ ആവശ്യം കൂടിക്കൂടി വന്നു. ജന്തുലോകത്തിന്റെ നിലനില്പിനും പരിണാമത്തിനും അനിവാര്യമായിരുന്ന ഈ സ്വഭാവവിശേഷത്തിനാധാരമായി രൂപം കൊണ്ടതാണ് നാഡീകോശങ്ങളും നാഡീവ്യൂഹവും. പ്രാഥമിക ജീവികളിലെ നാഡീകോശങ്ങൾ തികച്ചും യാന്ത്രികമായി ബാഹ്യചോദനങ്ങളെ സ്വീകരിക്കുകയും ഉടനടി പ്രതികരണമുളവാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ഘടനാപരമായ സങ്കീർണ്ണത വർദ്ധിച്ചതോടെ നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളും സങ്കീർണ്ണമായിത്തീർന്നു. ജന്തുലോകത്തിൽ അനുക്രമികമായി നടന്ന പരിണാമത്തിനനുസരിച്ച് നാഡീവ്യൂഹവും പരിണമിക്കുകയും വിവിധ ഘട്ടങ്ങളിൽ പുതിയ സ്വഭാവങ്ങൾ ഉടലെടുക്കുകയും ചെയ്തു.

വ്യത്യസ്ത മാനസിക മേഖലകൾ

നാഡീവ്യൂഹം ഏറ്റവും സങ്കീർണ്ണമായ വിധത്തിൽ പരിണമിച്ചിട്ടുള്ള മനുഷ്യനിൽ മാനസികപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന മേഖലകൾ നിലവിലുണ്ട്. മാനസിക പ്രവർത്തനങ്ങളെ വിവിധ