താൾ:പ്രപഞ്ചവും മനുഷ്യനും.djvu/216

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീക്ഷണ കോണുകളിൽ നിന്നുകൊണ്ട് വിശകലനം ചെയ്യാൻ ശ്രമിച്ചവർ അടിസ്ഥാനപരമായി ഈ പരിണാമപരമ്പരക്കനുസൃതമായ നിഗമനങ്ങളിലാണെത്തിച്ചേർന്നിട്ടുള്ളത്. മനശ്ശാസ്ത്രമണ്ഡലത്തിൽ പ്രമുഖമായ നാലു വീക്ഷണഗതികൾക്കു ജന്മമേകിയവരും, അവർ വിഭാവനം ചെയ്ത മാനസികമേഖലകളും അവയ്ക്കാധാരമായ മസ്തിഷ്കഭാഗങ്ങളും മാനസികപ്രവർത്തനങ്ങളുമാണ് അടുത്ത പേജിൽ കൊടുത്തിട്ടുള്ള ചാർട്ടിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇംഗ്ലീഷ് ന്യൂറോളജിയുടെ ഉപജ്ഞാതാവായ ഹൂഗ്ലിംഗ്സ് ജാക്സണും, റഷ്യൻ നാഡീശരീരക്രിയാശാസ്ത്രജ്ഞനായ ഐ.പി. പാവ്‌ലോവും മനോരോഗഗവേഷകനായ സിഗ്മണ്ട് ഫ്രോയ്ഡും ആവിഷ്കരിച്ച വിവിധ മാനസിക മേഖലകളും, അവയ്ക്കനുസൃതമായി താരതമ്യ നാഡീശരീര ശാസ്ത്രജ്ഞരായ എഡിംഗർ തുടങ്ങിയവർ ചൂണ്ടിക്കാണിച്ച മസ്തിഷ്കഭാഗങ്ങളും, ആണ് ചാർട്ടിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. വ്യത്യസ്തവീക്ഷണകോണുകളിൽ നിന്നാണ് അവർ പ്രശ്നത്തെ സമീപിച്ചതെങ്കിലും, അവരുടെ സിദ്ധാന്തങ്ങൾക്ക് അടിസ്ഥാനപരമായ സാദ്യശ്യമുണ്ടെന്നു കാണാം.

ഇവരുടെ എല്ലാവരുടെയും അഭിപ്രായത്തിൽ, ഓരോ ജീവിയുടെയും ജീവജാതിയുടെയും നിലനില്പിന് അനിവാര്യമായ പ്രാഥമികവും അന്തർജന്യവും രൂഢമൂലവുമായ സ്വഭാവവിശേഷങ്ങൾ. കേന്ദ്രനാഡീവ്യൂഹത്തിന്റെ ഏറ്റവും പഴക്കം ചെന്നതും കോർടെക്സിന് താഴെയുള്ളതുമായ നാഡീകാണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. ജന്മവാസനാപരമായ എല്ലാ സ്വഭാവങ്ങളുടെയും അടിസ്ഥാനമിതാണ്. ഓരോ ജീവജാതിയിലും പെട്ട അംഗങ്ങളിൽ ജന്മവാസനകളെല്ലാം ഏറെക്കുറെ സമാനമായിരിക്കും. പാരമ്പര്യഘടകങ്ങളായ ജീനുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണവ. ഏറ്റവും താഴെക്കിടയിലുള്ള നട്ടെല്ലുജന്തുക്കൾ മുതൽ മനുഷ്യൻ വരെയുള്ള എല്ലാ ജന്തുക്കളിലും കേന്ദ്രനാഡീവ്യൂഹത്തിലെ നാഡീകാണ്ഡമാണ് ഈ സ്വഭാവങ്ങളുടെ ആസ്ഥാനം. ഈ മേഖലയെ ജാക്സൺ ഏറ്റവും താഴ്ന്ന മേഖലയെന്നും, പാവ്‌ലോവ് അവ്യവസ്ഥിതമായ (നിരുപാധികമായ) റിഫ്ളെക്സുകളുടെ മേഖലയെന്നും, ഫ്രോയ്ഡ് ഇദ് എന്നും നാമകരണം ചെയ്തു.

ബാഹ്യലോകവുമായി ബന്ധം പുലർത്തുന്ന, പുറത്തുനിന്നുള്ള വാർത്തകളെ സ്വീകരിക്കുന്ന ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിലെ സംജ്ഞാകേന്ദ്രങ്ങളും, ബാഹ്യചോദനങ്ങൾക്കനുസൃതമായി പേശികളെ ചലിപ്പിച്ച് പ്രതികരണമുളവാക്കുന്ന ചേഷ്ടാകേന്ദ്രങ്ങളുമാണ് അടുത്ത മേഖലയെ പ്രതിനിധീകരിക്കുന്നത്. എല്ലാ ജീവികളും, പരിതഃസ്ഥിതിക്കനുസരിച്ച് ജീവിക്കാൻ തക്കവിധമുള്ള പുതിയ സ്വഭാവങ്ങൾ ആർജിക്കുന്നത് ഈ മേഖലയുടെ സഹായത്തോടെയാണ്. നമ്മുടെ ചുറ്റുപാടുകൾ നമ്മിലടിച്ചേൽപ്പിക്കുന്ന ധാരണകളും വിശ്വാസപ്രമാണങ്ങളുമെല്ലാം ഈ