താൾ:പ്രപഞ്ചവും മനുഷ്യനും.djvu/223

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമല്ലേ വീണനാദത്തിന്റെ മൂലഹേതു? അതെയെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ പരസ്പര വിരുദ്ധങ്ങളായ ഈ വാദഗതികളിൽ ഏതു തെറ്റ്, ഏതു ശരിയെന്ന് എങ്ങനെ നിർണ്ണയിക്കും? ഇവ രണ്ടും ഒരേ സമയത്ത് ശരിയാണെന്ന് വരുമോ?

ഈ പ്രശ്നത്തെ മറ്റൊരു വീക്ഷണകോണിൽനിന്നു നോക്കിക്കണ്ടാൽ ഈ പ്രഹേളികയ്ക്കു ഭാഗികമായിട്ടെങ്കിലും ഉത്തരം കാണാൻ കഴിയും. നമുക്കു ചുറ്റും അനന്തമായ വൈവിധ്യം പുലർത്തുന്ന സംഭവങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ദ്രിയങ്ങളെല്ലാം പ്രവർത്തനോൻമുഖമായിരുന്നാലും ഈ സംഭവങ്ങളെല്ലാം നമ്മുടെ അറിവിൽപെടുന്നില്ല. അവയുടെ വളരെ ചെറിയ ഓരോ മേഖല മാത്രമേ നമ്മുടെ ഇന്ദ്രിയബോധത്തിന്റെ പരിധിയിൽ വന്നുപെടുന്നുള്ളൂ. ഇങ്ങനെ ലഭിക്കുന്ന ഭാഗികമായ ഇന്ദ്രിയബോധത്തെ അടിസ്ഥാനമാക്കിയാണ് നാം പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ രൂപീകരിക്കുന്നത്. അപ്പോൾ ഒരർഥത്തിൽ നമ്മുടെ അറിവിൽ പെടുന്ന പ്രപഞ്ചം നമ്മുടെ ഇന്ദ്രിയബോധപരമായ സൃഷ്ടിയാണെന്നു വരുന്നു. നമ്മുടേതിൽ നിന്നു വ്യത്യസ്തമായ ബോധേന്ദ്രിയങ്ങളോടുകൂടിയ ഒരു ജീവിയെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം തികച്ചും വ്യത്യസ്തമായിരിക്കും. ആ നിലയ്ക്ക് ഇന്നു നാം യാഥാർത്ഥ്യമെന്നു കരുതുന്ന ഈ പ്രപഞ്ച ധാരണ രൂപീകരിക്കുന്നതിൽ നമ്മുടെ മാനസിക പ്രവർത്തനങ്ങൾക്കു നിർണ്ണായക പങ്കുണ്ട്. നമ്മുടെ ബോധേന്ദ്രിയങ്ങളുടെയും ബാഹ്യപ്രപഞ്ചത്തിന്റെയും പ്രതിപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് നമ്മുടെ മാനസികപ്രർത്തനങ്ങൾ. അങ്ങനെ വരുമ്പോൾ ബാഹ്യപ്രപഞ്ചത്തിൽനിന്നു മാനസികപ്രവർത്തനങ്ങളെയോ, മാനസിക പ്രവർത്തനങ്ങളിൽ നിന്ന് ബാഹ്യ പ്രപഞ്ചത്തെയോ വേർതിരിച്ചുനിറുത്തുക സാധ്യമല്ല. അവ വ്യത്യസ്ത പ്രതിഭാസങ്ങളല്ല, അവ അനന്യങ്ങളാണ്.

ഈ അടിസ്ഥാനത്തിൽ മുകളിൽ ഉന്നയിക്കപ്പെട്ട പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കണ്ടെത്താം. വീണക്കമ്പിയുടെ ചലനവും ശ്രവണകേന്ദ്രത്തിലെ നാഡീകോശങ്ങളും പരസ്പരം പ്രതിപ്രവർത്തിക്കുന്നതാണ് ആന്തരികാനുഭവസ്ഥനു – മധുരശബ്ദമായി അനുഭവപ്പെടുന്നത്. ഈ അനുഭവവും നാഡീകോശപ്രവർത്തനവും വീണക്കമ്പിയുടെ ചലനവും പരസ്പരബദ്ധമായ സംഭവങ്ങളാണ്. അത്കൊണ്ടു തന്നെ അവ അനന്യങ്ങളുമാണ്.

ബോധേന്ദ്രിയങ്ങൾ വഴി മസ്തിഷ്കത്തിൽ എത്തിച്ചേരുന്ന വാർത്താശകലങ്ങൾ ഭാഷാപദങ്ങളുടെ മാധ്യമത്തിലൂടെയാണ് പ്രപഞ്ചധാരണയിലെ ഭാഗഭാക്കുകളായിത്തീരുന്നത്. പദങ്ങളാകട്ടെ, പ്രതീകാത്മകങ്ങളായിരിക്കും. അതുകൊണ്ട് വിദൂരസ്ഥമായ ഒരു ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ദൃശ്യമോ ശ്രാവ്യമോ ആയ ഒരു ധാരണ യഥാർത്ഥത്തിൽ ആ വസ്തുവിന്റെ പ്രതീകാത്മകമായ വിവരണത്തിന്റെ രൂപത്തിലായിരിക്കും മാനസികതലത്തിൽ മുദ്രിതമാകുന്നത്.