താൾ:പ്രപഞ്ചവും മനുഷ്യനും.djvu/224

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തർമുഖാനുഭവസ്ഥന്റെ തലച്ചോറിലെ നാഡീകോശപ്രവർത്തനത്തെപ്പറ്റി ശരീരക്രിയാശാസ്ത്രജ്ഞൻ രൂപീകരിക്കുന്ന ദൃശ്യധാരണ, പദങ്ങളുടെ പ്രതീകങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന തികച്ചും പ്രതീകാത്മകമായ വിവരണമാണ്. ഈ വിവരണത്തെ രണ്ടായി തരംതിരിക്കാം. (1)സാങ്കേതിക ഭാഷയുടെ സാങ്കേതിക പദാനുബദ്ധമായ വിവരണം (2)ദൃശ്യധാരണയുടെ അടിസ്ഥാനത്തിലുള്ള വിവരണം. വീണാനാദാനുഭവത്തെക്കുറിച്ചുള്ള ആന്തരികാനുഭവസ്ഥന്റെ പ്രസ്താവനയുമായി ഇവയ്ക്കു രണ്ടിനും സാമ്യമില്ല. മുകളിൽ വിവരിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അവയ്ക്ക് ശാസ്ത്രജ്ഞൻ സൂചിപ്പിക്കുന്ന നാഡീകോശപ്രവർത്തനവുമായി ബന്ധമുണ്ടെങ്കിലും, ശാസ്ത്രജ്ഞന്റെ വിവരണം പ്രതീകാത്മകമാണ്, സൂചനാപരമാണ്, തെറ്റു പറ്റാനിടയുള്ളതുമാണ്.

ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു വസ്തുതയും പദങ്ങളിലൂടെ പ്രകടിപ്പിക്കുമ്പോൾ അതു പ്രതീകാത്മകമായി തീരുന്നു. ആന്തരികാനുഭവസ്ഥന്റെ പ്രസ്താവനയും തജ്ജന്യമായ ഭാഷയിൽ തന്നെയാണ്. പക്ഷെ, അയാളുടെ പ്രസ്താവനയിൽ പ്രതിപാദിക്കുന്ന സംഭവത്തിന്റെ ആ അടിയന്തിരഗുണം, അഥവാ അയാളുടെ നേരിട്ടുള്ള അനുഭവം ഒരിക്കലും ഭാഷാപരമോ പ്രതീകാത്മകമോ ആയിരിക്കയില്ല. അതിനു തെറ്റുപറ്റാനുമിടയില്ല. അപ്പോൾ അതിനെക്കുറിച്ചുള്ള പ്രസ്താവന ആ അടിയന്തിരാനുഭവവുമായി തികച്ചും സാദൃശ്യമുള്ളതായിരിക്കില്ല. ഈ അടിസ്ഥാനത്തിൽ, ഒരേ സംഭവത്തെ തന്നെ വ്യത്യസ്ത പ്രതീകങ്ങളുപയോഗിച്ച് വിവരിക്കുന്നത് കൊണ്ടുണ്ടാകുന്ന ഭിന്നതയാണ് വ്യത്യസ്ത സംഭവങ്ങളായി അതിനെ കണക്കാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

മാനസിക പ്രവർത്തനങ്ങളും നാഡീകോശ പ്രവർത്തനങ്ങളും സമാനമാണെന്ന ഈ ചിന്താഗതിക്കെതിരായി സാരമായ ഒരു സന്ദേഹം ഉന്നയിക്കപ്പെടാനിടയുണ്ട്. വളരെ ലളിതമായ ഒരു ആന്തരികാനുഭവത്തോടു ബന്ധപ്പെട്ട നാഡീകോശപ്രവർത്തനം വളരെ സങ്കീർണ്ണമാണ്. ചുവപ്പുനിറം കാണുക എന്ന ലളിതവൃത്തിക്ക് പിന്നിൽ സങ്കീർണ്ണമായ നാഡീകോശ ചലനങ്ങളാണ് ശാസ്ത്രജ്ഞൻ വരച്ചുകാട്ടുക. സങ്കീർണ്ണമായ ഒരു പ്രതിഭാസവും ലളിതമായ മറ്റൊന്നും സമാനമാണെന്ന് പറയാമോ? ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ സംഭവങ്ങളും മറ്റു സംഭവങ്ങളുമായി സാന്ദർഭികമായ ബന്ധം പുലർത്തുന്നുണ്ട്. ഒന്നും തന്നെ ഒറ്റതിരിഞ്ഞു സംഭവിക്കുന്നില്ല. ഓരോ സംഭവത്തെയും ഘടകങ്ങളാക്കി വിശകലനം ചെയ്യുന്നതു നമ്മുടെ ഭാഷാപരവും മറ്റുമായ സൗകര്യത്തിനു വേണ്ടിയാണ്. യഥാർത്ഥത്തിൽ എല്ലാ സംഭവങ്ങളും സാന്ദർഭികമായി വിവിധഗുണങ്ങളുടെ സംയോജനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്‌. ചുവപ്പുനിറം 'അനുഭവിക്കുക' എന്ന ലളിത സംഭവം സങ്കീർണ്ണമായ നാഡീകോശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണത്തിൽ സൂചിപ്പിച്ചിട്ടുള്ള ഗുണങ്ങളുടെ സംയോജനത്തിലൂടെയാണ് നടക്കുന്നത്. എന്നാൽ, ചുവപ്പ്, വിവിധ സംഭവ