ക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നത് അവയുടെ ശക്തി കൂട്ടിയും കുറച്ചുമല്ല ശക്തിയുള്ള ഉത്തേജനമാണെങ്കിൽ അടുത്തടുത്തായി അനവധി വൈദ്യുതതരംഗങ്ങളായി അവ സഞ്ചരിക്കുന്നു. ശക്തി കുറഞ്ഞതാണെങ്കിൽ തരംഗങ്ങളുടെ എണ്ണം കുറയുന്നു. നാഡീതന്തുക്കളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ താരതമ്യേന ലളിതങ്ങളാണ്. എന്നാൽ അവ മസ്തിഷ്കത്തിലെത്തിച്ചേരുമ്പോൾ അതീവ സങ്കീർണ്ണങ്ങളായ നാഡീകോശപ്രവർത്തനങ്ങൾക്കു കളമൊരുക്കുന്നു.
പ്രാന്തനാഡീവ്യൂഹം
ബോധേന്ദ്രിയങ്ങളിൽനിന്ന് വാർത്തകളുമായി വരുന്ന നാഡികളെ സംജ്ഞാനാഡികൾ എന്നു വിളിക്കുന്നതായി മുകളിൽ വിവരിച്ചിട്ടുണ്ടല്ലോ. അവയ്ക്കു നൽകിയിട്ടുള്ള മറ്റൊരു പേരാണ് അഭിഗനാഡികൾ. അതുപോലെ മാംസപേശികളിലേയ്ക്കു നിർദ്ദേശങ്ങൾ എത്തിക്കുന്ന ചേഷ്ടാ നാഡികളെ അപഗനാഡികളെന്നും വിളിക്കുന്നു. അകത്തേയ്ക്കു വരുന്നവയും പുറത്തേയ്ക്കു പോകുന്നവയുമായ ഈ നാഡികൾ ഒരുമിച്ച് പ്രാന്തനാഡീവ്യൂഹം എന്നറിയപ്പെടുന്നു. സാധാരണയായി നാഡികളെല്ലാം പലതരം നാഡീതന്തുക്കളുടെ സമ്മിശ്രങ്ങളായിരിക്കും. അതായത് ഒരേ നാഡിയിൽത്തന്നെ അപഗനാഡീതന്തുക്കളും അഭിഗനാഡീതന്തുക്കളും ഇതു രണ്ടുമല്ലാത്ത അനിച്ഛാനാഡീതന്തുക്കളും ഉണ്ടായിരിക്കും. തന്മൂലം പല നാഡികളെയും വ്യത്യസ്ത വിഭാഗത്തിൽ പെടുന്നവയായി കണക്കാക്കുക വിഷമമാണ്.
പ്രാന്തനാഡീവ്യൂഹത്തെ പ്രധാനമായും രണ്ടുവിഭാഗമായി തിരിക്കാം. മസ്തിഷ്കഭാഗങ്ങളിൽ നിന്നു പുറപ്പെടുന്ന ശിരോനാഡികളാണ് ഒരു വിഭാഗം. സുഷുമ്നാകാണ്ഡത്തിൽനിന്നു പുറപ്പെടുന്ന സുഷുമ്നാനാഡികളാണ് ഇതരവിഭാഗം. മനുഷ്യനിൽ 31 ജോഡി സുഷുമ്നാനാഡികളും 12 ജോടി ശിരോനാഡികളുമുണ്ട്. മസ്തിഷ്കത്തെ തുടർന്ന് നട്ടെല്ലിനുള്ളിലൂടെ നീണ്ടുകിടക്കുന്ന നാഡീകാണ്ഡത്തെയാണ് സുഷുമ്നാകാണ്ഡമെന്നു വിളിക്കുന്നത്. നട്ടെല്ലിലെ കശേരുകൾക്കിടയിലുള്ള സുഷിരങ്ങളിലൂടെയാണ് സുഷുമ്നാനാഡികൾ പുറത്തോട്ടു കടക്കുന്നത്. മുകൾഭാഗത്തുനിന്നും താഴെനിന്നും പുറപ്പെടുന്ന രണ്ടു ശാഖാവേരുകൾ ഒന്നു ചേർന്നിട്ടാണ് ഓരോ നാഡിയുമുണ്ടൊകുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗത്തുള്ള പേശികളിലേയ്ക്കും ശരീരോപരിതലത്തിലുള്ള സംവേദന കോശങ്ങളിലേയ്ക്കും ഇവയിൽനിന്നു നാഡീതന്തുക്കൾ പോകുന്നുണ്ട്. നമ്മുടെ ബോധപരമായ നിയന്ത്രണം കൂടാതെ ചുറ്റുപാടിൽ നിന്നുള്ള ചോദനങ്ങളെ സ്വീകരിച്ച് ഉടനടി അവക്കനുസൃതമായ പ്രതികരണങ്ങളുളവാക്കുന്നത് ഈ നാഡികളാണ്. കയ്യോ കാലോ മറ്റോ തീയ്യിലോ മുള്ളിലോ മറ്റോ സ്പർശിക്കാനിടയായാൽ ഉടനടി പിൻവലിക്കുന്നതും മറ്റും ഈ നാഡികളുടെ പ്രവർത്തനം മൂലമാണ്. ഏറ്റവും ലളിതരൂപത്തിലുള്ള റിഫ്ളെക്സുകൾ അഥവാ അനൈച്ഛിക പ്രതികരണങ്ങളാണ് ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നത്.