ഡീവ്യൂഹത്തിലെ അധോകേന്ദ്രങ്ങളോടു ബന്ധപ്പെട്ടുകിടക്കുന്ന ഈ വ്യവസ്ഥയുടെ പ്രവർത്തന ശൃംഖലകൾ, പാരമ്പര്യഘടകങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപംകൊണ്ടതാണ്. കേന്ദ്രനാഡീവ്യൂഹത്തിലെ പ്രധാനമായും ഉപമസ്തിഷ്കത്തിലെ നാഡീകോശങ്ങളാണ് ഇതിലെ പ്രധാന ഭാഗഭാക്കുകൾ. നിരുപാധികമായ റിഫ്ളെക്സുകൾക്ക് അടിസ്ഥാനമായി വർത്തിക്കുന്ന നാഡീകോശശൃംഖലകൾ സ്ഥിരമായതും പെട്ടെന്നു പരിവർത്തനങ്ങൾക്കു വിധേയമാകാത്തതുമാണ്. എന്നാൽ സോപാധികമായ റിഫ്ളക്സുകൾക്ക് ജന്മമേകുന്ന നാഡീകോശശ്രേണികൾ താൽക്കാലികമായി രൂപം കൊള്ളുന്നതു മാത്രമാണ്. അവ എളുപ്പത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഇങ്ങനെയുള്ള താൽക്കാലികബന്ധങ്ങൾ രൂപീകരിക്കാനുള്ള കഴിവ് എല്ലാ നാഡീകേന്ദ്രങ്ങളുടെയും അടിസ്ഥാനപരവും പൊതുവുമായ ഒരു സ്വഭാവവുമാണ്.
നിരുപാധികവും സോപാധികവുമായ റിഫ്ളെക്സുകൾക്കാധാരമായ നാഡീകോശപ്രവർത്തനത്തിൽ ഏറ്റവും പ്രധാനമായത് നാഡീകോശങ്ങൾ തമ്മിൽ രൂപംകൊള്ളുന്ന സന്ധികളാണ്. ഒരു പുതിയ സോപാധികമായ റിഫ്ളെക്സ് ഉടലെടുക്കണമെങ്കിൽ ആ പ്രവർത്തനത്തോടു ബന്ധപ്പെട്ട എല്ലാ അവയവങ്ങളെയും പരസ്പരം കോർത്തിണക്കിക്കൊണ്ടു പോകും വിധം അവയെയെല്ലാം നിയന്ത്രിക്കുന്ന നാഡീകോശകേന്ദ്രങ്ങൾ തമ്മിൽ താല്ക്കാലികബന്ധങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. അങ്ങനെ രൂപംകൊള്ളുന്ന ബന്ധങ്ങളെയാണ് നാഡീകോശസന്ധികളെന്നു വിളിക്കുന്നത്. ഈ സന്ധികൾ സാധാരണയായി രൂപമെടുക്കുന്നത് ഒരു നാഡീകോശത്തിന്റെ പ്രധാന ശാഖയും മറ്റൊരു കോശത്തിന്റെ പ്രധാന ശരീരഭാഗമോ അതോടു ബന്ധപ്പെട്ട നാഡീജടയിലെ ചെറുശാഖയോ തമ്മിലാണ്. ഈ ബന്ധങ്ങൾക്കു ചില പ്രത്യേകതകളുണ്ട്. ഒരു കോശത്തിന്റെ നീണ്ട നാഡീതന്തുവിന്റെ അറ്റം കുറേക്കൂടി വികസിച്ച് മറ്റേ നാഡീകോശത്തിന്റെ ഭിത്തിയോടു ചേർന്നുനില്ക്കുകയാണു പതിവ്. ഇവിടെ രണ്ടു കോശങ്ങളുടെയും ഭിത്തികൾക്കു യാതൊരു കോട്ടവുമുണ്ടാകുന്നില്ല. അതായത് ഒരു നാഡീതന്തു മറ്റേ കോശത്തിൽ നേരിട്ടു പ്രവേശിക്കുന്നില്ലെന്നർത്ഥം. ഈ സന്ധിസ്ഥാനത്ത് ചില പ്രത്യേക രാസവസ്തുക്കൾ സ്ഥിതിചെയ്യുന്നുണ്ട്. പ്രധാന നാഡീതന്തുവഴി വരുന്ന വൈദ്യുതോത്തേജനത്തിന്റെ ഏറ്റക്കുറവനുസരിച്ച് ഈ സന്ധിസ്ഥാനത്ത് രാസമാറ്റങ്ങളുണ്ടാകുന്നു. വൈദ്യുതോത്തേജനം ആവശ്യമായ തോതിലുണ്ടെങ്കിൽ മാത്രമേ ഈ സന്ധിസ്ഥാനത്തുനിന്ന് ആ ഉത്തേജനം അടുത്ത നാഡീകോശങ്ങളിലേയ്ക്കു പ്രവേശിക്കുകയുള്ളു. അതുകൊണ്ട് ഈ സമ്പ്രദായം ബാഹ്യചോദനങ്ങളെ കടത്തിവിടുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ ഒരു പരിശോധനാ കവാടമായി ഉപകരിക്കുന്നു. ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുകയും അപ്രത്യക്ഷമാവുകയും മറ്റുമാണ് എല്ലാ ഉയർന്ന മാനസിക പ്രവർത്തനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.