നാഡീകോശവ്യവസ്ഥകൾ രൂപീകരിക്കാനും ആ ശിശുവിനു കഴിഞ്ഞു. ഇതു പോലെ ജനനം മുതൽ ചുറ്റുപാടുമായുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി കേന്ദ്രനാഡീവ്യൂഹത്തിൽ അനവധി നാഡീകോശവ്യവസ്ഥകൾ രൂപം കൊള്ളുന്നു. പിന്നീടുണ്ടാകുന്ന ശൃംഖലകളും ആദ്യം രൂപംകൊണ്ടവയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തപ്പെടുന്നത്.
ഉത്തേജനവും നിരോധവും
പരിണാമപരമ്പരയിലെ ആരോഹണക്രമത്തിന് അനുസൃതമായി നാഡീവ്യൂഹത്തിന്റെ വ്യത്യസ്ത ഘടകങ്ങളിലായി വിവിധ കർത്തവ്യങ്ങൾ കേന്ദ്രീകരിക്കപ്പെട്ടുവന്നതോടെ സോപാധികമായ റിഫ്ളെക്സുകൾ രൂപംകൊള്ളാനുള്ള കഴിവ് വിവിധ ഭാഗങ്ങൾക്കു ലഭിച്ചു. എന്നാൽ പരിണാമപരമ്പര കൂടുതൽ കൂടുതൽ സങ്കീർണ്ണമായി വന്നതോടെ നാഡീവ്യൂഹത്തിന്റെ പ്രാഥമികവും പൗരാണികവുമായ ഭാഗങ്ങളിൽനിന്ന് ഈ കഴിവ് അപ്രത്യക്ഷമാകാൻ തുടങ്ങി. അതോടൊപ്പം പുതുതായി രൂപം കൊണ്ടുവന്ന ഭാഗങ്ങളിൽ ഈ കഴിവ് കൂടുതൽ ഊർജസ്വലതയോടെ പ്രകടമാവാൻ തുടങ്ങി. അങ്ങനെ മനുഷ്യനിലും മറ്റ് ഉയർന്ന ജന്തുക്കളിലും നാഡീവ്യൂഹത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയിലും അതോടു തൊട്ടുകിടക്കുന്ന ഭാഗങ്ങളിലുമായിട്ടാണ് പുതിയ റിഫ്ളെക്സുകൾ രൂപംകൊള്ളാനുള്ള കഴിവുകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. പരിതഃസ്ഥിതിയുടെ സമ്മർദ്ദം മൂലം രൂപംകൊള്ളുന്ന സോപാധികമായ എല്ലാ ചേഷ്ടകളുടേയും അടിസ്ഥാനമായ നാഡീകോശബന്ധങ്ങൾ ഉടലെടുക്കുന്നതും പൂർവ്വമസ്തിഷ്കത്തിൽ തന്നെയാണ്.
പുതിയ റിഫ്ളെക്സുകൾ രൂപംകൊള്ളുന്നതിനോടനുബന്ധിച്ച് പല സങ്കീർണ്ണ പ്രശ്നങ്ങളുമുണ്ട്. പുതിയ ഒരു സ്വഭാവം രൂപം കൊള്ളുമ്പോൾ പുതുതായി ബന്ധിക്കപ്പെട്ട നാഡീകോശങ്ങളുടെ ശ്രേണി എവിടെവെച്ച് അവസാനിപ്പിക്കണം; അതിൽ വേറെയും മാറ്റങ്ങൾ വല്ലതും വരുത്താനുണ്ടോ, അതുതന്നെ തുടർന്നുപോകത്തക്കവണ്ണം മാറിയ അന്തരീക്ഷവുമായി അതിനു പൊരുത്തമുണ്ടോ എന്നെല്ലാമുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ട്.
മസ്തിഷ്കത്തിലെ സാധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് ഉത്തേജനനിരോധന പ്രക്രിയകൾ തമ്മിലുള്ള നിരന്തരമായ പ്രതിപ്രവർത്തനത്തിലൂടെയാണ്. ഉത്തേജനം സോപാധിക റിഫ്ളെക്സിനെ വിപുലീകരിക്കുമ്പോൾ നിരോധം അതിനെ അടിച്ചമർത്തുന്നു. വാർത്തകൾ നാഡീവ്യൂഹത്തിലൂടെ വിവിധ ഭാഗങ്ങളിലേയ്ക്കു പ്രേഷണം ചെയ്യുന്നത് ഉത്തേജനങ്ങൾ വഴിയാണ്. പൂർവ്വമസ്തിഷ്കത്തിൽ രൂപംകൊള്ളുന്ന നാഡീകോശബന്ധങ്ങളിൽ നിന്നുളവാകുന്ന ഉത്തേജനങ്ങൾ ചേഷ്ടാനാഡികൾ മുഖേനയാണ് മാംസപേശികളിലെത്തുന്നതും നിർദ്ദിഷ്ടമായ റിഫ്ളെക്സുകൾ പ്രകടമാവുന്നതും. ഈ പുതിയ ചേഷ്ട ചുറ്റുപാടുമായി സമ്മേളിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രതി