താൾ:പ്രപഞ്ചവും മനുഷ്യനും.djvu/251

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താൽക്കാലികവും നേരെ എതിർദിശയിൽ ആവർത്തിക്കാവുന്നതുമായ ശരീരക്രിയാപരമായ പ്രക്രിയകളുടെ ഫലമാണെന്നു കരുതപ്പെടുന്നു. അതേസമയം, ശരീരഘടനാപരമായ രൂപാന്തരങ്ങളാണ് ദീർഘകാല സ്മൃതിക്ക് അഥവാ ഏറെക്കുറെ സ്ഥിരമായ ഓർമ്മയ്ക്കു നിദാനമെന്നു കണക്കാക്കിവരുന്നു.

ഇക്കഴിഞ്ഞ ദശകത്തിൽ ഹ്രസ്വകാല, ദീർഘകാല സ്മൃതികൾക്ക് കോശത്തിനുള്ളിൽ നടക്കുന്ന ജൈവരസതന്ത്ര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണമേകാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ വസ്തുതകൾ ശരീരക്രിയാപരമായ സിദ്ധാന്തങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ധർമ്മപരമായ മാറ്റങ്ങൾക്കു വ്യക്തമായ അടിസ്ഥാനമേകുന്നു. അതേസമയം ഘടനാപരമായ രൂപാന്തരങ്ങൾക്കു വിരുദ്ധവുമല്ല ഇവ. എന്തായാലും ജൈവരസതന്ത്രപരമായ സമീപനം പഴയകാലത്തു തുടർന്നുവന്നിരുന്ന ശരീരക്രിയാപരവും ഘടനാപരവുമായ സമീപനങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. ഈ സമീപനങ്ങൾ ഒരിക്കലും പരസ്പരവിരുദ്ധങ്ങളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ്. ഇന്ന് ഇത്തരത്തിലുള്ള വിവിധ സമീപനങ്ങളെ ഒന്നിച്ചുചേർത്ത് സമഗ്രമായ ഒരു വീക്ഷണം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

അപഗ്രഥനികൾ

ഇന്ദ്രിയപരമായ ബോധമാണ് എല്ലാ പഠനങ്ങളുടെയും ആദ്യഘട്ടം. എല്ലാ ബോധേന്ദ്രിയങ്ങളും ബാഹ്യലോകത്തുനിന്നും വരുന്ന എല്ലാ ചോദനങ്ങളെയും അതേപടി മസ്തിഷ്കത്തിലേയ്ക്കു നയിക്കുന്നില്ല. അതീവ സങ്കീർണ്ണമായ ഒരു അപഗ്രഥനപ്രക്രിയ ഓരോ ബോധേന്ദ്രിയത്തിലും, അതോടു ബന്ധപ്പെട്ട മസ്തിഷ്ക കേന്ദ്രങ്ങളിലും വെച്ച് നടക്കുന്നു. ഉദാഹരണത്തിന്, ബാഹ്യാന്തരീക്ഷത്തിൽ നിന്ന് നമ്മുടെ ശരീരത്തിൽ പതിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ചോദനങ്ങളിൽനിന്ന് അൾട്രാവയലറ്റ് രശ്മികളും ഇൻഫ്രാറെഡ് രശ്മികളും ഒഴിച്ചുള്ള മറ്റ് ഏഴു നിറങ്ങളെ പ്രതിനിധീകരിക്കുന്ന പ്രകാശതരംഗങ്ങൾ മാത്രമേ നയനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്നുള്ളു. വിവേചനപരമായ നിരോധനപ്രക്രിയയാണ് ഇതിനു പിന്നിൽ വർത്തിക്കുന്നത്. ഈ അപഗ്രഥനവ്യവസ്ഥയ്ക്കു മൂന്നു ഘടകങ്ങളുണ്ട്. ബാഹ്യലോകവുമായി ബന്ധംപുലർത്തുന്ന ബോധേന്ദ്രിയങ്ങൾ; അവയിൽ നിന്നു വിവിധ ചോദനങ്ങളെ വൈദ്യുതസ്പന്ദനങ്ങളായി മസ്തിഷ്കത്തിലേയ്ക്ക് ആനയിക്കുന്ന സംജ്ഞാനാഡികൾ; ഈ നാഡീസ്പന്ദനങ്ങളെ സ്വീകരിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന മസ്തിഷ്ക കേന്ദ്രങ്ങൾ. ഈ മൂന്നു ഘടകങ്ങളും ചേർന്നുകൊണ്ടുള്ള പ്രവർത്തനവ്യവസ്ഥയെയാണ് അപഗ്രഥിനികൾ എന്നു പറയുന്നത്.

ഘടനാപരമായ അടിസ്ഥാനം

ഇങ്ങനെ ഇന്ദ്രിയനിലവാരത്തിൽ തന്നെ ഒരു അപഗ്രഥനത്തിനു വിധേയമായിട്ടാണ് വൈദ്യുതസ്പന്ദനങ്ങളായി വാർത്തകൾ മസ്തിഷ്കത്തിലെത്തി