താൾ:പ്രപഞ്ചവും മനുഷ്യനും.djvu/254

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവാഹം സുഗമമായിത്തീരുന്നു. തന്മൂലം പിന്നീട് ഇവയിലേതെങ്കിലുമുണ്ടാകുന്ന പ്രചോദനം മറ്റേതിലും ഉത്തേജനമുളവാക്കുന്നു. അപ്പോൾ, മസ്തിഷ്കത്തിൽ എന്നെങ്കിലും അടുത്തതായി മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളിൽ ഏതെങ്കിലുമൊന്ന് ഉത്തേജിക്കപ്പെടുമ്പോൾ മറ്റേതും സ്മൃതിപഥത്തിലെത്തുന്നു.

കോണോർസ്കിയുടെയും മറ്റും അഭിപ്രായത്തിൽ, ഒരു പ്രത്യേക പ്രചോദനം മസ്തിഷ്കത്തിൽ പ്രതിനിധീകരിക്കപ്പെടുന്നതിന് താഴെ പറയുന്ന വിഭാഗം ന്യൂറോണുകൾ പ്രവർത്തിക്കുന്നു: ചോദനത്തിന്റെ പ്രവർത്തനാരംഭത്തിൽ മാത്രം പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ ചോദനത്തിന്റെ ആരംഭത്തിനാവശ്യമായ കൂടുതൽ റിഫ്ളെക്സുല്പാദകശക്തിക്ക് ഇവ കാരണമാകുന്നു. ചോദനത്തിന്റെ പ്രവർത്തനസമയം മുഴുവനും പക്ഷേ, അതിനുശേഷമില്ല; പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ; ചോദനത്തിന്റെ പ്രവർത്തനസമയത്തു മാത്രമല്ല, പരാവർത്തക പരിവാഹം മൂലം ചോദനം അവസാനിച്ചിട്ടും കുറച്ചുകൂടി പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ ഇവ, ആ ചോദനത്തിന്റെ ഹ്രസ്വസ്മൃതിപഥത്തിന് അടിസ്ഥാനമിടുന്നു; ചോദനം അവസാനിച്ചതിനുശേഷം മാത്രം പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ - ഇവ ചോദനം നിലനില്ക്കുന്ന കാര്യത്തിൽ സജീവമായ പങ്കു വഹിക്കുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, ഏതെങ്കിലും ഒരു സംഭവത്തെ തുടർന്ന്, മനുഷ്യരിലും മൃഗങ്ങളിലും, അതേക്കുറിച്ചുള്ള ബോധം നിലനിൽക്കുന്ന കാലയളവ്, മസ്തിഷ്ക കോശങ്ങളിൽ ആ ചോദനപഥം ചെലുത്തിയ ശക്തിക്കനുസൃതമായിട്ടിരിക്കുന്നു.

അരിസ്റ്റോട്ടിലിന്റെ കാലം മുതൽക്കുതന്നെ, തത്ത്വചിന്തകരും ശാസ്ത്രജ്ഞന്മാരും 'ഓർമ്മയുടെ ആസ്ഥാനം' കണ്ടുപിടിക്കാനായി ഒട്ടേറെ പരികല്പനകൾ ചമച്ചിട്ടുണ്ട്. പക്ഷേ, ഇന്നു കൂടുതൽ കൂടുതൽ തെളിവുകൾ സമാഹരിക്കപ്പെട്ടതോടെ, ഓർമ്മയും പഠനവും മറ്റും കേന്ദ്രനാഡീവ്യൂഹത്തിന്റെ ഏതെങ്കിലും ചില മേഖലകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാലും ചില പ്രദേശങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാവീണ്യമുള്ളവയാണെന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. സെറിബ്രൽ കോർടെക്സിലെ സംയോജനത്തലത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോണോർസ്കിയും ഹെബ്ബും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ, ഉപരികേന്ദ്രങ്ങളിലേയ്ക്ക് പ്രധാന വാർത്തകളെല്ലാം എത്തിച്ചേരുന്നത് മധ്യമസ്തിഷ്കത്തിലെ തന്തുജാലങ്ങളിലൂടെയും തലാമസിലൂടെയുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിരുപാധികവും സോപാധികവുമായ ചോദനപഥങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നത് കോർടെക്സിന് താഴെയാണെന്ന് ഗാസ്റ്റാട്ടും മറ്റും സിദ്ധാന്തിച്ചിട്ടുണ്ട്.

ശരീരക്രിയാപരമായ ഈ പഠനങ്ങളിലൂടെയും ദീർഘകാലസ്മരണകൾക്ക് വസ്തുനിഷ്ഠമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. അതേ