മുകളിൽ വിവരിച്ച സിദ്ധാന്തങ്ങളിൽ ഏതാണ് തികച്ചും ശരി എന്ന് ഇനിയും തീർത്തുപറയാറായിട്ടില്ല. അതി വിദൂരഭാവിയിൽ ഈ പ്രശ്നങ്ങൾക്കു വ്യക്തമായ ഒരുത്തരം കണ്ടെത്താൻ കഴിയുമെന്നു പ്രതീക്ഷിക്കാം. ഏതായാലും ഈ ജൈവരാസപ്രവർത്തനങ്ങൾ ദീർഘകാല സ്മൃതികളെ നിയതമായ രീതിയിൽ മുദ്രണം ചെയ്യുന്നതിനുള്ള ഒരു ഭൗതികോപാധിയായിരിക്കാമെന്നു കരുതാൻ ന്യായമുണ്ട്. എന്നാൽ താൽക്കാലികവും ഹ്രസ്വകാലവുമായ ഓർമ്മകളെ മുദ്രണം ചെയ്യുന്നതിൽ ശരീരക്രിയാപരമായ പരിവർത്തനങ്ങൾക്കാണു പ്രാമുഖ്യം.
വാക്കുകൾ, വാചകങ്ങൾ
ഇതുവരെ വിവരിച്ച പ്രക്രിയകളെല്ലാം മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും മസ്തിഷ്കങ്ങളിലെല്ലാം ഒരുപോലെ നടക്കുന്ന പ്രവർത്തനങ്ങളാണ്. എന്നാൽ മറ്റൊരു ജന്തുക്കൾക്കുമില്ലാത്ത ചില സവിശേഷതകൾ മനുഷ്യന്റെ മാനസിക പ്രവർത്തനങ്ങൾക്കുണ്ട്. ഇതേക്കുറിച്ചു റഷ്യൻ ശാസ്ത്രജ്ഞനനായ ഐ.പി. പാവ്‍ലോവ് ആവിഷ്കരിച്ച ഒരു സിദ്ധാന്തം ഇവിടെ പ്രതിപാദിക്കാം. ശരീരക്രിയാപരമായ നിഗമനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പാവ്‍ലോവ് മനുഷ്യനും മറ്റു മൃഗങ്ങൾക്കും പൊതുവായിട്ടുള്ള ഇന്ദ്രിയബോധപരമായ പ്രവർത്തനവ്യവസ്ഥയ്ക്കു പ്രഥമസിഗ്നൽ വ്യവഥയെന്നു പേരിട്ടു. എന്നാൽ മനുഷ്യനിൽ ഈ പ്രഥമസിഗ്നൽ വ്യവസ്ഥയ്ക്ക് ഉപരിയായി മറ്റൊരു സിഗ്നൽ വ്യവസ്ഥകൂടി പ്രവർത്തിക്കുന്നുണ്ട്. ഇന്ദ്രിയങ്ങൾ വഴി വന്നുചേരുന്ന വാർത്തകളെ ഭാഷയുപയോഗിച്ച് സാമാന്യവൽക്കരിക്കാനും ആ വിധത്തിൽ മസ്തിഷ്കത്തിൽ സമാഹരിക്കാനും മനുഷ്യനു കഴിയുന്നു; തന്മൂലം ഭാഷ 'സിഗ്നലുകളുടെ സിഗ്നൽ' ആയി തീർന്നിരിക്കുന്നു. മനുഷ്യന്റെ മാത്രം പ്രത്യേകതയായ ഈ ഭാഷാപരമായ സിഗ്നൽ വ്യവസ്ഥയ്ക്കു പാവ്‍ലോവ് നൽകിയ പേരാണ് ദ്വിതീയ സിഗ്നൽ വ്യവസ്ഥ.
പ്രഥമ സിഗ്നൽ വ്യവസ്ഥ സമാർജിക്കുന്ന വാർത്തകളെ അഥവാ സിഗ്നലുകളെ ഭാഷാപദങ്ങളുപയോഗിച്ചുകൊണ്ട് സാമാന്യവൽക്കരിക്കുന്ന പ്രക്രിയ മനുഷ്യമസ്തിഷ്കത്തിൽ മാത്രമാണു നടക്കുന്നത്. ഓരോ മനുഷ്യനും വളർന്നുവരുന്ന കാലഘട്ടങ്ങളിൽ പ്രഥമ സിഗ്നൽ വ്യവസ്ഥയിൽ ശേഖരിക്കപ്പെടുന്ന വാർത്തകളെ മസ്തിഷ്കത്തിലെ സംസാരകേന്ദ്രം സ്വായത്തമാക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്താൻ പരിശീലിക്കുന്നു. ഉദാഹരണത്തിന് ഒരു ശിശു 'അമ്മ' എന്ന പദം ഉച്ചരിക്കാൻ പഠിക്കുമ്പോൾ മസ്തിഷ്കത്തിലെ സംസാരകേന്ദ്രം സ്വായത്തമാക്കിയ റിഫ്ളെക്സുകളുടെ ബന്ധങ്ങളുമായി ഇതര ഇന്ദ്രിയങ്ങൾ വഴി അമ്മയിൽ നിന്നു ലഭിക്കുന്ന ദർശനപരവും ശ്രവണപരവും സ്പർശനപരവും മറ്റുമായ സിഗ്നലുകളെ ബന്ധിപ്പിക്കാൻ പരിശീലിക്കുന്നു. ഇങ്ങനെ ഒരു പദം പഠിക്കുമ്പോൾ ആ പദവുമായി ബന്ധപ്പെട്ട വിവിധ ഇന്ദ്രിയബോധപരമായ വാർത്തകളെ വിവിധ മസ്തിഷ്കകേന്ദ്രങ്ങളിലായി ബന്ധപ്പെടുത്തുകയാണു ചെയ്യുന്നത്.