രുക്കിയ സാഹസികത ഈ പ്രാഥമിക വികാരത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ ഈ ജിജ്ഞാസയാണ് നമ്മുടെ അറിവിന്റെ ആരംഭം കുറിക്കുന്നത്.
ബോധേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളിലും വ്യക്തിപരമായ സവിശേഷതകൾ കാണാം. അതുകൊണ്ടാണ് ഒരാൾക്ക് കൗതുകകരമായി തോന്നുന്ന ഒരു ദ്യശ്യം മറ്റൊരാൾക്കങ്ങനെ തോന്നാത്തത്. നിറത്തിലും ശബ്ദത്തിലുമെന്നപോലെ ഗന്ധത്തിലും രൂചിയിലും മറ്റും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കണ്ടുവരുന്നു. പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിൽ ഓരോ ഇന്ദ്രിയകേന്ദ്രത്തിലും വളരെ നേരത്തെതന്നെ രൂപംകൊള്ളാനിടയായിട്ടുള്ള നാഡീകോശശ്രേശണികളാണ് പിൽക്കാല വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഇഷ്ടാനിഷ്ടങ്ങൾക്കു നിദാനമായി വർത്തിക്കുന്നത്. ഈ വിധത്തിൽ തന്നെ ദർശനശ്രവണേന്ദ്രിയങ്ങൾ നേരത്തേ സ്വായത്തമാക്കുന്ന സവിശേഷതയാണ് ഒരുവന്റെ സൗന്ദര്യബോധത്തിനും മറ്റും അടിത്തറ പാകുന്നത്.
വികാരങ്ങൾ
വളരെ പുരാതനകാലം മുതൽക്കുതന്നെ വികാരങ്ങളുടെയെല്ലാം ഇരിപ്പിടമായി ഹൃദയത്തെ കണക്കാക്കി വന്നിരുന്നു. അതു തെറ്റാണെന്നു വളരെക്കാലം മുമ്പുതന്നെ തെളിയിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്നും ആ ധാരണ വെച്ചുപുലർത്തുന്നവരുണ്ട്. ഏതെങ്കിലുമൊരു പ്രത്യേകാവയവമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്. ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ ഭൗതിക രാസപ്രവർത്തനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടു കൊണ്ടാണ് വികാരങ്ങൾ പ്രകടമാവുന്നത്.
വികാരത്തിനു രണ്ടു വ്യത്യസ്ത ഘടകങ്ങളുണ്ട്: സ്പഷ്ടമായ ശാരീരികവും സ്വയം പ്രവർത്തനപരവുമായ പ്രതികരണങ്ങൾ വഴിയുള്ള വികാരപ്രകടനം; ബാഹ്യമായി പ്രകടമാവാത്ത കേന്ദ്രനാഡീവ്യൂഹത്തിലെ പ്രതികരണങ്ങൾ വഴിയുള്ള വികാരാനുഭവം. വികാരാനുഭവം പരീക്ഷണവിധേയമാക്കുക വളരെ വിഷമമാണ്. ഒരു വ്യക്തിയുടെ ആത്മനിഷ്ഠമായ അനുഭവത്തെ തീരെ ഭാഗികമായി മാത്രമേ സൂചനകളിൽനിന്നു ഗ്രഹിക്കാനാവൂ. വികാരത്തിന്റെ പ്രകടമായ വശത്തെ മാത്രമേ നമുക്കു ശാസ്ത്രീയനിരീക്ഷണങ്ങൾക്കു പൂർണ്ണമായും വിധേയമാക്കാൻ പറ്റൂ.
കഴിഞ്ഞ നൂറ്റാണ്ടു മുതൽക്കുതന്നെ വികാരത്തെ ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. വില്യം ജെയിംസും ലാങ്കേയും ആവിഷ്കരിച്ച സിദ്ധാന്തം ശ്രദ്ധേയമാണ്. വികാരോത്തേജക പ്രചോദനങ്ങളുടെ ഫലമായി ശരീരത്തിലുണ്ടാകുന്ന രാസഭൗതിക പ്രവർത്തനങ്ങൾ ഗ്രഹിക്കാനിടയാകുമ്പോഴാണ് വികാരാനുഭവമുണ്ടാകുന്നത്. പക്ഷേ, ഈ ചിന്താഗതിക്കു ശാസ്ത്രീയമായ വസ്തുതകളുടെ പിന്തുണയില്ലാതെ പോയി; മാത്രമല്ല, സങ്കീർണമായ വികാരസ്വഭാവങ്ങൾക്കു വിശദീകരണമേകാനും ഇതിനു കഴിയുന്നില്ല.