30 പ്രപഞ്ചവും മനുഷ്യനും
സാമൂഹ്യബന്ധങ്ങളും നിലവിൽവന്നു. അതോടൊപ്പം തന്നെ അന്വേഷണബുദ്ധിയും വിചിന്തനപാടവവും നാമ്പെടുക്കാൻ തുടങ്ങി.
ആദിമ ചിന്താസരണികൾ
മനുഷ്യവംശത്തിന്റെ ഏറ്റവും വിലപ്പെട്ട പൊതുസ്വത്തായ സുഘടിതമായ ചിന്താപാടവം അതിദീർഘമായ ഒരു കാലയളവിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ പരിവർത്തനദശയിൽ മനുഷ്യർ പുലർത്തിപ്പോന്നിരുന്ന ചിന്താഗതികളെന്തായിരുന്നുവെന്ന് കണ്ടെത്താൻ വ്യക്തമായ മാർഗങ്ങളൊന്നുമില്ല. ഏതാണ്ട് അയ്യായിരം വർഷങ്ങൾ മുമ്പ് മുതൽക്കിങ്ങോട്ടുള്ള മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിലെ വളർച്ചയെക്കുറിച്ച് മാത്രമേ അപൂർണ്ണമെങ്കിലും, ഒരേകദേശരൂപം ലഭിച്ചിട്ടുള്ളു. അന്നുമുതൽ വിവിധ സംസ്കാരങ്ങളുടെ പ്രതിനിധികൾ പുലർത്തി പോന്നിരുന്ന പ്രാപഞ്ചികധാരണകളെന്തായിരുന്നുവെന്നു നോക്കാം.
ബാബിലോണിയൻ സംസ്കാരത്തിന്റെ ആദിമപ്രോക്താക്കളുടെ ദൃഷ്ടിയിൽ ഭൂമി ഒരു പരന്ന തളികപോലെയായിരുന്നു. ആ തളികയ്ക്കു ചുറ്റും സമുദ്രവും. ഭൂമിയെയും സമുദ്രത്തെയും മൂടിക്കൊണ്ടുള്ള കമിഴ്ത്തിവെച്ചൊരു പാത്രമത്രെ ആകാശം. ആ പാത്രത്തിൽ പതിച്ചുവെച്ച രത്നങ്ങളാണ് നക്ഷത്രങ്ങൾ! നക്ഷത്രങ്ങളെല്ലാം ഇളക്കമില്ലാത്തവയാണെങ്കിലും, സൂര്യനും ചന്ദ്രനും മറ്റ് അഞ്ചു ഗ്രഹങ്ങളും നക്ഷത്രങ്ങൾക്കിടയിൽ നീങ്ങിക്കൊണ്ടിരുന്ന ജ്യോതിർഗോളങ്ങളാണെന്ന് അവർ കരുതിയിരുന്നു. ആ സങ്കല്പങ്ങൾ വിചിത്രങ്ങളായി ഇന്നു തോന്നുമെങ്കിലും അന്നത്തെ കുശാഗ്രബുദ്ധികളുടെ സുചിന്തിതാഭിപ്രായങ്ങളായിരുന്നു ഇവയെന്ന് നാമോർക്കണം.
നിഗൂഢത
ഇതേ കാലഘട്ടത്തിൽ ഗ്രീക്കുചിന്തകന്മാരും പുലർത്തിപ്പോന്നിരുന്ന ധാരണകളേറെക്കുറെ ഇതുതന്നെയായിരുന്നു. ആദിമ ഗ്രീക്കുചിന്തകന്മാരിൽ പ്രഗത്ഭനായിരുന്ന ഥെയിൽസിന്റെ (ബി.സി. 640-562) അഭിപ്രായത്തിൽ ഭൂമി ജലത്തിൽ പൊന്തിക്കിടന്നിരുന്ന ഒരു വൃത്താകാരതളികയായിരുന്നു. പ്രപഞ്ചത്തിന്റെ മൂലവസ്തു ജലമാണെന്ന് അദ്ദേഹം സിദ്ധാന്തിക്കുകയുണ്ടായി. ഇതിനു വളരെ മുമ്പുതന്നെ ഭാരതത്തിലെ ഋഗ്വേദ ചിന്തകന്മാർ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ആ കാലഘട്ടങ്ങളിൽ പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തും രൂപംകൊണ്ടിരുന്ന ചിന്തകൾക്കെല്ലാംതന്നെ ഒരു നിഗൂഢസ്വഭാവമുണ്ടായിരുന്നു. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും അജ്ഞേയ ശക്തികളുടെ പേരിൽ വ്യാഖ്യാനിക്കാനുള്ള ഒരു പ്രവണത ഏറ്റവുമധികം പ്രകടമായിരുന്നു. ഭാരതീയ വൈദികസാഹിത്യങ്ങളിലും മറ്റും ഇതത്യധികം മുന്നിട്ടുനിന്നിരുന്നു.
ഋഗ്വേദത്തിന്റെയും ഉപനിഷത്തുക്കളുടെയും താളുകളിൽ, നിഗൂഢഭാഷയുടെ ആവരണത്തോടുകൂടിയ, പ്രപഞ്ചവ്യാഖ്യാനങ്ങൾ ഒട്ടേറെ ചിതറിക്കിടക്കുന്നുണ്ട്. വ്യത്യസ്തങ്ങളും ചിലപ്പോൾ പരസ്പരവിരുദ്ധങ്ങൾ