ക്കുന്നു. ഈ ചിത്രത്തിൽ, നമ്മുടെ സ്മൃതിപഥത്തിൽനിന്ന് എന്നോ മറഞ്ഞുപോയ പല ചിത്രങ്ങളും പുനരുത്തേജിക്കപ്പെടുന്നു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സുപ്രധാനമായ ഒരു വസ്തുതയാണ്. സ്വപ്നങ്ങളിൽ പുതിയതായി ഒന്നും തന്നെ ആവിർഭവിക്കുന്നില്ല. ഭൂതകാലത്തിൽ അനുഭവിക്കാനിടയായ കാര്യങ്ങൾ മാത്രമേ സ്വപ്നവിഷയമാവുകയുള്ളു. പക്ഷേ, അവയുടെ പരസ്പരബന്ധങ്ങളിൽ പുതുമയുണ്ടാകുമെന്നു മാത്രം. ജന്മാന്ധന്മാരിൽ നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഈ നിഗമനത്തെ ബലപ്പെടുത്തുന്നു. അവരുടെ സ്വപ്നങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ചിത്രങ്ങൾക്കൊന്നും തന്നെ ദൃശ്യഗുണങ്ങളുണ്ടാവില്ല. ശബ്ദസ്പർശാദികൾ കൊണ്ടാണ് അവർ സ്വപ്നവിഷയങ്ങളെ തിരിച്ചറിയുന്നത്.
ചുരുക്കത്തിൽ സ്വപ്നമെന്നത്, 'ഭൂതകാലാനുഭവങ്ങളുടെ അസാധാരണമായ സംയോജനമാണ്'.
ഉണർന്നിരിക്കുന്ന അവസ്ഥയിലെ മാനസിക പ്രവർത്തനങ്ങളാണ് സ്വാഭാവികവും യുക്തവുമെന്നു നാം കാണുന്നു. ഈ പ്രവർത്തനങ്ങൾക്ക് നിദാനമാകട്ടെ, മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും ഒത്തുചേർന്നുള്ള നിയതവും സമഗ്രവുമായ പരസ്പരബദ്ധപ്രക്രിയകളാണ്. എന്നാൽ, ഭാഗികമായ ഉറക്കത്തിൽ ഉളവാകുന്ന ഭാഗികബോധവും, ആ സമയത്ത് വന്നുചേരുന്ന ബാഹ്യചോദനങ്ങളും ചേർന്ന് നാഡീകോശ പ്രവർത്തനങ്ങളുടെ ഏകതാനതയെ ശിഥിലീകരിക്കുന്നു. അതുതന്നെയാണ് സ്വപ്നത്തിൽ ശിഥിലചിത്രങ്ങൾ രൂപം കൊള്ളാനുള്ള കാരണവും.
സ്വപ്നത്തിൽ ദൃശ്യമാകുന്നതെല്ലാം പ്രതിബിംബങ്ങളാണ്. പ്രതിബിംബങ്ങൾ രൂപംകൊള്ളുന്നതു ബോധേന്ദ്രിയങ്ങൾവഴിയാണല്ലൊ. ഈ പ്രതിബിംബ രൂപീകരണ വ്യവസ്ഥയെയാണല്ലൊ പ്രഥമസിഗ്നൽ വ്യവസ്ഥയെന്നു വിളിക്കുന്നത്. ഈ പ്രതിബിംബങ്ങളെ വാക്കുകളുപയോഗിച്ച് വീണ്ടും കോഡുചെയ്ത് ആശയങ്ങളാക്കി മാറ്റുന്നു. ഈ പ്രക്രിയ നടത്തുന്ന വ്യവസ്ഥയെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയെന്നുമാണല്ലോ വിളിക്കുന്നത്. ചിന്തയുടെയും മറ്റ് ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിത്തറ ഈ ദ്വിതീയ സിഗ്നൽ വ്യവസ്ഥയാണ്. നിദ്രയിൽ ആദ്യം തന്നെ നിരോധിക്കപ്പെടുന്നത് അതിലോലമായ ഈ ദ്വിതീയവ്യവസ്ഥയാണ്. അതേ സമയം, പ്രതിബിംബങ്ങളുടേതായ പ്രഥമ സിഗ്നൽ വ്യവസ്ഥ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. തൽഫലമായി ദ്വിതീയവ്യവസ്ഥയുടെ നിയന്ത്രണമില്ലാത്ത പ്രതിബിംബങ്ങൾ തോന്നിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അതാണ് സ്വപ്നത്തിന്റെ സഹജസ്വഭാവമായ യുക്തിഹീനതയ്ക്കും അവിശ്വസനീയതയ്ക്കും കാരണം.