താൾ:പ്രപഞ്ചവും മനുഷ്യനും.djvu/276

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

27

ഞാൻ?

'ഞാൻ ആര്?' എന്ന ആ അതിപുരാതന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ കഴിയുമോ എന്നൊന്നു നോക്കാം. നിലവിലുള്ള മനശ്ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഏവർക്കും തൃപ്തികരമായ ഒരു പരിഹാരം ഈ പ്രശ്നത്തിൽ ഇനിയുമുണ്ടായിട്ടില്ലെന്നത് ഒരു വാസ്തവമാണ്. പക്ഷേ, പണ്ട് കണക്കാക്കിപ്പോന്നിരുന്നതുപോലെ ഇത് വെറുമൊരു പ്രഹേളികയല്ല ഇന്ന്. ഭൗതികശരീരത്തിന് അതീതമായി വർത്തിക്കുന്ന പ്രകൃത്യതീത പ്രതിഭാസമാണ് ഞാൻ എന്ന പ്രാചീന ധാരണ മനശ്ശാസ്ത്രരംഗത്ത് ആരുമിന്ന് പുലർത്തുന്നില്ല.

ഒരു ജീവശരീരത്തിന്റെ പ്രവർത്തനത്തിൽ അവശ്യം ആവശ്യമായി വരുന്ന ഐക്യത്തെയാണ് 'അഹം' പ്രതിനിധീകരിക്കുന്നത്. ചുറ്റുപാടിനെക്കുറിച്ചുള്ള ബോധമാണ്, ഒരു ജന്തുവിൽ തനതായ അസ്തിത്വത്തെക്കുറിച്ചുള്ള ബോധമുളവാക്കുന്നത്. ബാഹ്യവസ്തുക്കളിൽനിന്ന് നമ്മുടെ ശരീരത്തിനുള്ള അന്തരം, അവയുമായുള്ള ബന്ധത്തിലെ പ്രത്യേകതകൾ, ആ പ്രത്യേക പരിതഃസ്ഥിതിയിൽ തനിക്കുള്ള സ്ഥാനം എന്നിവയെ ആസ്പദമാക്കി രൂപംകൊള്ളുന്ന ധാരണകളുടെ ആകെത്തുകയാണ് 'ഞാൻ'. ഈ ധാരണകൾക്ക് രൂപം നൽകുന്നത് വിവിധ ബോധേന്ദ്രിയങ്ങളും നാഡീവ്യൂഹവും ഒത്തുചേർന്നു പ്രവർത്തിച്ചിട്ടാണ്.

ഒരു മനുഷ്യശിശു, ആദ്യകാലങ്ങളിൽ തന്റെ ശാരീരികാവയവങ്ങളെത്തന്നെ മറ്റു വസ്തുക്കളിൽനിന്ന് വേർതിരിച്ചറിയില്ല. അവന്റെ കാലുകളും മറ്റും ആദ്യകാലത്ത് അവന് അത്ഭുതവസ്തുക്കൾതന്നെയാണ്. പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് അവൻ സ്വയം കണ്ടെത്തുന്നതും, ബാഹ്യലോകത്തിൽനിന്ന് വ്യത്യസ്തമായിട്ടുള്ള തന്റെ അസ്തിത്വത്തെക്കുറിച്ച് ബോധവാനാകുന്നതും. സ്വന്തം ശരീരത്തിൽ സ്പർശിക്കുമ്പോൾ മറ്റൊരു വസ്തുവെ സ്പർശിക്കുന്നതിൽനിന്നും വ്യത്യസ്തമായ അനുഭവമാണുണ്ടാകുന്നത്. അതായത് സ്പർശിക്കുന്നതിന്റെയും സ്പർശിക്കപ്പെടുന്നതിന്റെയും അനുഭവം ഒരേ സമയത്തുണ്ടാകുന്നു. നേരിട്ടുള്ള അനുഭവത്തിലുണ്ടാകുന്ന ഈ അന്തരം തന്റെ ശരീരത്തെയും ബാഹ്യലോകത്തെയും വേർതിരിച്ചു കാണാൻ സഹായകമായി തീരുന്നു.

അഞ്ചു ബോധേന്ദ്രിയങ്ങളോടും ബന്ധപ്പെട്ട അനുഭവങ്ങളിലെല്ലാം 'ഞാൻ' ആണ് പ്രധാന പാത്രം ഞാൻ കാണുന്നു; ഞാൻ കേൾക്കുന്നു; ഞാൻ രുചിക്കുന്നു; ഞാൻ മണക്കുന്നു; ഞാൻ സ്പർശിക്കുന്നു. അതുപോലെ