പോലുമായ വീക്ഷണഗതികൾ അവയിൽകാണാം. എങ്കിലും പൊതുവിൽ ഭൂമിയും ആകാശവും സ്വർഗ്ഗവും ചേർന്നതാണ് പ്രപഞ്ചമെന്ന് അവർ കരുതിയിരുന്നു. ആ ചിന്തകന്മാരിൽ ചിലർ, ഭൂമി ഉരുണ്ടതാണെന്നും വായുവിൽ തങ്ങിനിൽക്കുന്നതാണെന്നും കരുതിയിരുന്നു. ഭൂമി സ്വയം തിരിഞ്ഞിരുന്നുവെന്നും പ്രദക്ഷിണം വെച്ചിരുന്നുവെന്നും അവർക്കറിയാമായിരുന്നുവെന്നതിനു ഋഗ്വേദത്തിലും മറ്റും സൂചനകളുണ്ടെന്ന് ചിലരവകാശപ്പെടുന്നുണ്ട്. സൂര്യൻ ഒരിക്കലും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ലെന്നും, ഭൂമിയെയും മറ്റു ജ്യോതിർഗോളങ്ങളെയും അതാതു സ്ഥാനങ്ങളിൽ നിർത്തുന്നത് സൂര്യനാണെന്നും ഐതരീയ ബ്രാഹ്മണത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, തികച്ചും അവ്യക്തമായും വിചിത്രസങ്കല്പങ്ങളോട് കൂട്ടിയിണക്കിയുമാണ് ഇങ്ങനെയുള്ള ധാരണകൾ നിലനിന്നിരുന്നത് എന്നതുകൊണ്ട് ഇവയ്ക്ക് വസ്തുനിഷ്ഠതയുടെ പരിവേഷം ചാർത്താൻ ശ്രമിക്കുന്നത് വൃഥാവിലാണ്.
പൈത്തഗോറസും അരിസ്റ്റോട്ടിലും
പാശ്ചാത്യലോകത്ത്, ശാസ്ത്രീയചിന്താഗതിയുടെ ആദിമഘട്ടങ്ങളായി കണക്കാക്കാവുന്ന രീതിയിലുള്ള പ്രാപഞ്ചിക വീക്ഷണങ്ങൾ ഉരുത്തിരിയുന്നത് ഗ്രീക്കുചിന്തകന്മാരായ പൈത്തഗോറസിന്റെയും (ബി.സി. 582-493) അരിസ്റ്റോട്ടിലിന്റെയും (ബി.സി. 384-322) കാലത്തിനിടയിലാണ്. ഈ കാലഘട്ടത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ ഭൂമി ഉരുണ്ടതാണെന്ന് കണക്കാക്കപ്പെട്ടു. ഭൂമി നിശ്ചലമാണെന്ന് അരിസ്റ്റോട്ടിൽ കരുതി. അതേസമയം മറ്റു ചില ചിന്തകന്മാർ, ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. പിൽക്കാല ഗ്രീക്കുചിന്തകന്മാരുടെ വീക്ഷണത്തിൽ, ആകാശം ഭൂമിക്ക് ചുറ്റും നിലകൊണ്ടിരുന്ന പൊള്ളയായ ഗോളമായിരുന്നു. ഭൂമിയിൽക്കൂടി കടന്നുപോയിരുന്ന ഒരു അക്ഷത്തിൽനിന്നുകൊണ്ട് ആകാശം പടിഞ്ഞാറോട്ട് തിരിഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടാണ്, ആകാശത്തിൽപതിപ്പിച്ചിരുന്ന നക്ഷത്രങ്ങളും മറ്റു ജ്യോതിർഗോളങ്ങളും ദിവസേന ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നത്. ഈ ചിന്താഗതി, കോപ്പർനിക്കസിന്റെ കാലംവരെ, കാര്യമായ മാറ്റമൊന്നും കൂടാതെ തന്നെ നിലനിന്നുപോന്നു.
ഹെരാക്ലിറ്റസും ബുദ്ധനും
ഈ കാലഘട്ടത്തിൽത്തന്നെ പ്രപഞ്ചത്തിന്റെ മൂലവസ്തു ഏതാണെന്നു കണ്ടുപിടിക്കാനുള്ള അന്വേഷണങ്ങളും നടന്നുകൊണ്ടിരുന്നു. ഭാരതീയ ചിന്തകന്മാർക്കിടയിലും ഗ്രീക്കുചിന്തകൻമാർക്കിടയിലും ജലവും അഗ്നിയും പലപ്പോഴും മൂലവസ്തുവായി അവരോധിക്കപ്പെട്ടിരുന്നു. എന്നാൽ കുറേക്കൂടി വ്യക്തമായി പ്രപഞ്ചത്തെ അപഗ്രഥിക്കാൻ ആ കാലഘട്ടത്തിൽത്തന്നെ ചില ചിന്തകന്മാർക്കു കഴിഞ്ഞിരുന്നു. ഗ്രീക്കുചിന്തകനായ ഹെരാക്ലിറ്റസ് (ബി.സി. 535-425) നിരന്തരമായ പരിവർത്തനം പ്രപഞ്ചത്തിന്റെ അനിഷേധ്യസ്വഭാവമാണെന്നു സമർത്ഥിച്ചു. ഒരഭൗതിക