താൾ:പ്രപഞ്ചവും മനുഷ്യനും.djvu/281

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തയ്യാറാവില്ല. മാത്രമല്ല; കവിയിലെ 'ഞാൻ' ഈ പരാജയത്തിൽ അല്പമെങ്കിലും അവമാനിതനായി എന്നു ഭാവിക്കയില്ല. അതേസമയം ഒരു ഗണിതശാസ്ത്രജ്ഞൻ പ്രസ്തുത ശ്രമത്തിൽ പരാജയപ്പെടുകയാണെങ്കിൽ അയാളിലെ 'ഞാൻ' അങ്ങേയറ്റം അവമാനിക്കപ്പെട്ടതായി കണക്കാക്കും. കവിയിലെ 'ഞാൻ' ഗണിതശാസ്ത്രവുമായി വലിയ ബന്ധമൊന്നും പുലർത്തിയിട്ടില്ലാത്തതിനാലാണ് അതിനോടൊരു അവഗണനാ മനോഭാവം കൈക്കൊണ്ടത്. അതേസമയം ഗണിതശാസ്ത്രജ്ഞനിലെ 'ഞാൻ' ആകട്ടെ ഗണിതശാസ്ത്രത്താൽ തന്നെയാണ് പടുത്തയർത്തപ്പെട്ടത്. ആ മണ്ഡലത്തിൽ സംഭവിക്കുന്ന ഏതൊരു പരാജയവും അയാളുടെ അഹംബോധത്തെ ക്ഷീണിപ്പിക്കുന്നു. ഓരോ വ്യക്തിയിലെയും 'ഞാൻ' എന്ന ഭാവം അയാൾ ആർജ്ജിച്ചിട്ടുള്ള അറിവുമായി അഥവാ അയാളുടെ പൂർവ മസ്തിഷ്കത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള വാർത്തകളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇതു കാണിച്ചു തരുന്നു.

കലാകാരന്റെ സർഗാത്മകത

മസ്തിഷ്കകോശങ്ങളുടെ മൗലികമായ പ്രവർത്തനരീതിയിൽ, മറ്റു ശരീരഭാഗങ്ങളെപ്പോലെതന്നെ വ്യക്തിപരമായി നിലനിൽക്കുന്ന വൈവിധ്യം അനന്തമാണെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. കലാകാരന്റെ മസ്തിഷ്ക കോശങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള പൂർവ്വകാലാനുഭവശകലങ്ങൾ പുതിയ ബന്ധങ്ങൾ രൂപീകരിക്കുമ്പോഴാണ് പുതുമയുള്ള ചിത്രങ്ങൾ ആവിഷ്കൃതമാകുന്നത്. മഹത്തായ ഒരു സാഹിത്യസൃഷ്ടിയിൽ ഉപയോഗപ്പെട്ടിട്ടുള്ള എല്ലാ പദങ്ങളും ആ ഭാഷയിൽ നേരത്തെതന്നെ നിലനിൽക്കുന്നതാണ്. പദങ്ങളുടെ സൃഷ്ടിയിലല്ല, മറിച്ച് അവയുടെ ബന്ധങ്ങളിലാണ് പുതുമയും അപൂർവതയും ദൃശ്യമാകുന്നത്. അതുപോലെ ചിത്രകാരൻ തന്റെ ചിത്രത്തിന് മിഴിവേകുന്നത് പുതിയ വർണ്ണങ്ങളോ വരകളോ സൃഷ്ടിച്ചുകൊണ്ടല്ല. അവ തമ്മിലുള്ള ബന്ധങ്ങളിൽ പുതുമ സൃഷ്ടിച്ചുകൊണ്ടാണ്. ഒരു സാധാരണക്കാരനിലെപ്പോലെ തന്നെ, ഭാഷാപദങ്ങളും വർണ്ണങ്ങളും വരകളും ജീവിതാനുഭവങ്ങളും കലാകാരന്റെ മസ്തിഷ്കത്തിലും മുദ്രണം ചെയ്യപ്പെടുന്നു. എന്നാൽ പൂർവ്വമസ്തിഷ്കത്തിൻറെ സംയോജക കേന്ദ്രങ്ങളിൽവെച്ച് ഈ മുദ്രിതചിത്രങ്ങൾ തമ്മിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ, കലാകാരന്റെയും സാധാരണക്കാരന്റെയും കഴിവുകളിൽ പ്രകടമായ അന്തരം കാണുന്നുവെന്നുമാത്രം.

ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന കലാസൃഷ്ടികളെല്ലാം തന്നെ, കലാകാരന്റെ ബോധപൂർവമായ നിയന്ത്രണത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതല്ല. പൂർവമസ്തിഷ്ക്ക സംയോജകകേന്ദ്രങ്ങളിലെ നാഡീകോശങ്ങൾ സദാ പുതിയ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവയിൽ ഭൂരിഭാഗവും അപ്രസക്തങ്ങളായിരിക്കും. വളരെ അപൂർവമായി മാത്രം, തികച്ചും യാദൃശ്ചികമായി, നിത്യനൂതനമായ ബന്ധങ്ങൾ വഴി രൂപംകൊണ്ട് ചിത്രങ്ങൾ കലാകാരന്റെ മസ്തിഷ്കത്തിൽ മിന്നിമറയുന്നു. ഈ