ഇല്ലാതായതുകൊണ്ടാണ് ഇവ ഇങ്ങനെ ചെറുതാവാൻ കാരണമെന്നു കരുതപ്പെടുന്നു. മറ്റു സസ്തനികളിൽനിന്നെല്ലാം വ്യത്യസ്തമായ മനുഷ്യന്റെ മറ്റൊരു സവിശേഷത, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ വിലയരോമമുള്ളു എന്നതാണ്. പക്ഷേ, ഇത്തരം സിവശേഷതകൾ ഏതേതു സാഹചര്യങ്ങൾ നിമിത്തമാണ് പരിണമിച്ചു വന്നതെന്നു വ്യക്തമായി പറയാൻ നമുക്കിന്നു കഴിയുകയില്ല.
പെരുമാറ്റപരവും സാംസ്കാരികവുമായ സവിശേഷതകൾ
മറ്റു പല സസ്തനങ്ങളെയും പോലെ, പ്രാഥമികമായി മനുഷ്യനും ആക്രമണകാരിയായ ഒരു മാംസഭുക്കാണ്. മനുഷ്യന്റെ പ്രകൃതിദത്തമായ ശാരീരികപ്രവർത്തനങ്ങളും ഒരു മാംസഭുക്കിനനുയോജ്യമായതാണ്. എല്ലാ തരത്തിലുമുള്ള ജന്തുക്കളുടെ മാംസം പച്ചയോടെ ഭക്ഷിച്ചാൽ അതിനെ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യന്റെ ദഹനവ്യവസ്ഥയ്ക്കുണ്ട്. അവയൊന്നും തന്നെ പാകം ചെയ്യണമെന്നില്ല. എന്നാൽ എല്ലാത്തരം സസ്യഭക്ഷണങ്ങളെയും പാകം ചെയ്യാതെ ദഹിപ്പിക്കാൻ മനുഷ്യനു കഴിയില്ല. ചില ഫലമൂലാദികളും പ്രത്യേക സസ്യോല്പന്നങ്ങളും മാത്രമേ ചൂടാക്കാതെ കഴിക്കാൻ മനുഷ്യനു കഴിയുകയുള്ളു. തീയ്യിന്റെ സഹായമുള്ളതു കൊണ്ടാണ് ഇന്ന് ചില മനുഷ്യർക്ക് തികച്ചും സസ്യഭുക്കുകളായി തന്നെ ജീവിക്കാൻ കഴിയുന്നത്.
മനുഷ്യന്റെ പെരുമാറ്റപരമായ സവിശേഷതകൾക്കെല്ലാം അടിസ്ഥാനം അവന്റെ സാമൂഹ്യജീവിതമാണ്. കൂടുതൽ ശക്തരും ആക്രമണകാരികളുമായ മറ്റു സസ്തനങ്ങളെ നേരിട്ടുകൊണ്ട് ആവശ്യമായ ഭക്ഷണം സമ്പാദിക്കാനും, ശത്രുക്കളെ പരാജയപ്പെടുത്താനും അങ്ങനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പുരോഗമിക്കാനും മനുഷ്യനെ കഴിവുറ്റവനാക്കിയത് അവന്റെ കൂട്ടായ പ്രവർത്തനങ്ങളാണ്. പ്രാകൃത ദശകളിൽ അവൻ ഒറ്റപ്പെട്ട ജീവിയായി കഴിഞ്ഞുകൂടുകയായിരുന്നുവെങ്കിൽ, ഹിംസ്രജന്തുക്കളുടെ ആക്രമണത്തിന് വിധേയമായി എന്നേ അപ്രത്യക്ഷമാകുമായിരുന്നു.
സാമൂഹ്യജീവിതം എന്നതുകൊണ്ടർത്ഥമാക്കുന്നത് ഒരേ സ്പീഷീസിൽ പെട്ട ഒട്ടേറെ ജന്തുക്കൾ വിവിധ കൃത്യങ്ങൾക്കായി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക എന്നാണ്. ഈ അർത്ഥത്തിൽ മനുഷ്യനു മാത്രമല്ല സാമൂഹ്യജീവിതമുള്ളത്. തേനീച്ചകൾ, എറുമ്പുകൾ, ചിതലുകൾ തുടങ്ങിയ കീടങ്ങളുടെ സാമൂഹ്യജീവിതം അത്യധികം സങ്കീർണ്ണവും ക്രമബദ്ധവുമാണ്. ഇവയിൽ ഒരു പ്രത്യേക വിഭാഗം ജീവികൾ പ്രത്യേക കൃത്യങ്ങൾ മാത്രം നിർവഹിക്കുന്നു. അങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം ഏകീകരിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ മുഴുവനും ആവശ്യങ്ങൾ കൃത്യമായി നിറവേറ്റപ്പെടുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള അവയുടെ പ്രവർത്തനരീതിക്കോ സാമൂഹ്യക്രമത്തിനോ ഒരു തരത്തിലുള്ള മാറ്റവുമു