താൾ:പ്രപഞ്ചവും മനുഷ്യനും.djvu/290

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടാകുന്നുമില്ല. ഇത്തരം സാമൂഹ്യജീവിതം മനുഷ്യന്റെ സാമൂഹ്യജീവിതത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ്. കാരണം, ഇവയിൽ സാമൂഹ്യസ്വഭാവങ്ങൾ നിർണ്ണയിക്കപ്പെടുന്നത് ജന്മവാസനകൾ വഴിയാണ്. തലമുറകൾതോറും പകർത്തപ്പെടുന്ന പാരമ്പര്യഘടകങ്ങൾ അഥവാ ജീനുകൾ നേരിട്ട് നിയന്ത്രിക്കുന്ന സ്വഭാവങ്ങളെയാണ് ജന്മവാസനകൾ എന്നു പറയുന്നത്. ഒരു സ്പീഷീസിൽ പെട്ട ജന്തുക്കളിലെ ജന്മവാസനകളെല്ലാം ഏകരൂപമായിരിക്കും. തേനീച്ചകളിലും മറ്റും, വ്യത്യസ്ത വിഭാഗങ്ങൾ വ്യത്യസ്തജോലികൾ നിർവഹിക്കുന്നവരായി തീരുന്നത് റാണി പുറപ്പെടുവിക്കുന്ന ചില ബാഹ്യഹോർമോണുകളുടെ പ്രവർത്തന ഫലമായിട്ടാണ്. റാണിയുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ മറ്റംഗങ്ങൾക്കും പങ്കുണ്ട്. ഇങ്ങനെ ആ സമൂഹത്തിലെ വ്യക്തികൾ ജിനുകൾ വഴി പൂർവ്വനിർണ്ണിതമായ വിധത്തിൽ പരസ്പരം നിയന്ത്രിക്കുന്നതുവഴിയാണ് അല്പംപോലും ക്രമഭംഗം വരാത്ത സാമൂഹ്യ ജീവിതം നയിക്കാൻ അവയ്ക്കു കഴിയുന്നത്.

നട്ടെല്ലുള്ള ജന്തുക്കളിൽ പലതും പലതരത്തിലുള്ള സമൂഹങ്ങളായി ജീവിക്കുന്നവയാണ്. പക്ഷേ, അവരുടെ സാമൂഹ്യജീവിതം, തേനീച്ചകളുടേതിൽനിന്ന് തുലോം വിഭിന്നമാണ്. കർശനമായ തൊഴിൽ വിഭജനമോ, ക്രമബദ്ധമായ ജീവിതരീതികളോ അവയ്ക്കില്ല. സ്പീഷീസിൽ പെട്ട ഒട്ടേറെ ജന്തുക്കൾ കൂട്ടമായിട്ടോ പറ്റമായിട്ടോ ജീവിക്കുന്നു എന്നു മാത്രമേയുള്ളു. സാധാരണഗതിയിൽ ഓരോ ജന്തുവും സ്വന്തമായ ആവശ്യങ്ങൾ തനിച്ചുതന്നെ നിർവ്വഹിക്കുന്നു. എങ്കിലും ഒരേ സ്പീഷീസിൽ തന്നെ പെട്ട വ്യത്യസ്തവിഭാഗങ്ങൾ തമ്മിൽ തമ്മിലുള്ള ബന്ധങ്ങൾ ശ്രദ്ധാർഹമാണ്. എല്ലാ സസ്തനസ്പീഷീസുകളിലും, ആണുങ്ങൾ, പെണ്ണുങ്ങൾ, കുഞ്ഞുങ്ങൾ എന്നിങ്ങനെ മൂന്നുവിഭാഗം ജന്തുക്കളെ കാണാം. ഇവ തമ്മിൽ വ്യത്യസ്തരീതിയിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്നു. വാസ്തവത്തിൽ, ഈ ബന്ധങ്ങളാണ് സാമൂഹ്യബന്ധങ്ങളുടെ അടിത്തറ. ഈ മൂന്നു വിഭാഗങ്ങൾ തമ്മിൽ ആറുതരത്തിലുള്ള പരസ്പരബന്ധങ്ങൾ നിലനിൽക്കുന്നതു കാണാം. ആണും പെണ്ണും; പെണ്ണും കുഞ്ഞും; പെണ്ണും പെണ്ണും; ആണും ആണും; ആണും കുഞ്ഞും; കുഞ്ഞും കുഞ്ഞും.

സസ്തനങ്ങളിൽ കുഞ്ഞുങ്ങളെല്ലാം ആദ്യകാലത്ത് അമ്മയുടെ മുലകുടിച്ച് വളരുന്നവയായതുകൊണ്ട് പെണ്ണും കുഞ്ഞും തമ്മിലുള്ള ബന്ധം സാർവത്രികമായി കണ്ടുവരുന്നു. ബീജസങ്കലനം ശരീരത്തിനുള്ളിൽ വെച്ചു നടക്കുന്നതുകൊണ്ട് പ്രജനനകാലത്ത് ആണും പെണ്ണും തമ്മിലുള്ള ബന്ധവും അനിവാര്യമാണ്. അതുപോലെതന്നെ ഒരേ സമയം ഒന്നിലധികം കുഞ്ഞുങ്ങൾ ജനിക്കുക സാധാരണമായതുകൊണ്ട് കുഞ്ഞും കുഞ്ഞും തമ്മിലുള്ള ബന്ധവും സാധാരണമാണ്. പ്രൈമേറ്റുകളടക്കമുള്ള പല സസ്തനങ്ങളിലും ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാമടങ്ങുന്ന ചെറുപറ്റങ്ങളെ കാണാവുന്നതാണ്. ഇങ്ങനെയുള്ള സമൂഹങ്ങളിൽ മുകളിൽ പറഞ്ഞ തരത്തിലുള്ള എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നുണ്ടായിരിക്കും. മനു