താൾ:പ്രപഞ്ചവും മനുഷ്യനും.djvu/30

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്താണ് പ്രപഞ്ചം? 33


ണ്ടയുഗം നിലനിന്നിരുന്നത്. പൗരസ്ത്യലോകവും ഇത്തരമൊരു കാലഘട്ടത്തിലൂടെയാണ് കടന്നു പോന്നിരുന്നത്. ഉപനിഷത്തുക്കളുടെയും ജൈന, ബുദ്ധമതങ്ങളുടെയും കാലത്തിനുശേഷം ഭാരതത്തിന്റെ ഏറെക്കുറെ എല്ലാ വിജ്ഞാന മേഖലകളും മുരടിക്കുകയാണുണ്ടായത്. എന്നാൽ പാശ്ചാത്യലോകം പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഉണർന്നെഴുന്നേല്ക്കുകയും പൂർവ്വാധികം ശക്തിയോടെ വളരുകയും ചെയ്തു. പാശ്ചാത്യലോകത്തിന്റെ ഈ വളർച്ച അവരെ സാമ്രാജ്യമോഹികളാക്കുകയും തൽഫലമായി കിഴക്കൻ ലോകം അധികപക്ഷവും അവരുടെ കോളനികളായിത്തീരുകയും ചെയ്തു. തന്മൂലം, പൗരസ്ത്യലോകം ആ ഇരുണ്ടയുഗത്തിൽനിന്ന് മോചിതരായില്ല; അതേസമയം പാശ്ചാത്യലോകം, ശാസ്ത്രമണ്ഡലത്തിലും അതേത്തുടർന്ന് എല്ലാ സാംസ്ക്കാരിക മേഖലകളിലും അഭൂതപൂർവ്വമായ വിജയം നേടി. അതുകൊണ്ട് പില്ക്കാലത്ത് മനുഷ്യന്റെ പ്രാപഞ്ചികവീക്ഷണത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് പഠിക്കുമ്പോൾ പാശ്ചാത്യലോകത്തിന്റെ ശാസ്ത്രീയനേട്ടങ്ങൾ മാത്രമാണ് നമ്മുടെ മുന്നിൽ അണിനിരക്കുന്നത്.

കോപ്പർനിക്കസിന്റെ വിപ്ലവം

പോളിഷ് പ്രഷ്യയിലെ നിക്കോളാസ് കോപ്പർനിക്കസ് (ഏ.ഡി. 1473-1543) അതുവരെ നിലനിന്നിരുന്ന പ്രപഞ്ചധാരണയെ ആകെ കീഴ്മേൽ മറിച്ചു. അന്നുവരെ പ്രപഞ്ചത്തിന്റെയെല്ലാം കേന്ദ്രബിന്ദു ഭൂമിയും അതിലെ മനുഷ്യനുമായിരുന്നു. എന്നാൽ കോപ്പർനിക്കസ് മനുഷ്യനെ അസൂയാവഹമായ സ്ഥാനത്തുനിന്നു നിർദ്ദാക്ഷിണ്യം പിടിച്ചു താഴെയിട്ടു. കേന്ദ്രസ്ഥാനത്തു സൂര്യൻ അവരോധിക്കപ്പെട്ടു. ഭൂമി ചന്ദ്രനോടുകൂടി സൂര്യനുചുറ്റും കറങ്ങാൻ തുടങ്ങി. പക്ഷെ, ഗ്രഹങ്ങളെല്ലാം വൃത്താകാരഭ്രമണപഥങ്ങളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്ന ടോളമിയുടെ സിദ്ധാന്തം അതേപടി നിലനിർത്തപ്പെട്ടു. തന്മൂല ചില ഉപവൃത്തങ്ങളും മറ്റും അതേപടി നിലനില്ക്കാനിടയായി. ഭൂമി സ്വന്തം അച്ചുതണ്ടിൽ ദിവസേന പടിഞ്ഞാറുനിന്ന് കിഴക്കോട്ട് തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കോപ്പർനിക്കസ് വ്യക്തമാക്കി. അങ്ങനെ നമുക്കു ചുറ്റുമുള്ള ജ്യോതിർഗോളങ്ങൾ ദിവസേന ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന പഴയ സങ്കല്പം പൊളിച്ചുമാറ്റാൻ കഴിഞ്ഞു.

മനുഷ്യനെ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് ഇറക്കി തരം താഴ്ത്താനുള്ള ദുരുപദിഷ്ടമായ ശ്രമമാണ് ഈ സിദ്ധാന്തത്തിലുള്ളതെന്നു മതമേധാവികൾ സിദ്ധാന്തിച്ചു. അവർ അതുവരെ സാധാരണക്കാരെ പറഞ്ഞു ഫലിപ്പിച്ചിരുന്ന കെട്ടുകഥകളെല്ലാം തകർന്നുവീണതുകൊണ്ടുണ്ടായ ആഘാതം മൂലം എല്ലാ മതനേതാക്കന്മാരും കോപ്പർനിക്കസിന്റെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർത്തു. വാസ്തവത്തിൽ മധ്യയുഗം ഇരുണ്ട കാലഘട്ടമായിത്തീരാനുള്ള പ്രധാനകാരണവും ഈ മതമേധാവിത്വം തന്നെയായിരുന്നു. ഈ വസ്തുത നല്ലപോലെ മനസ്സിലാക്കിയിരുന്ന കോപ്പർനിക്കസ് വളരെ തന്ത്രപൂർവ്വമാണ് പെരുമാറിയത്. തന്റെ സിദ്ധാന്തവും അതുമൂലം താനും മതഭ്രാന്തന്മാരുടെ ക്രൂരമായ ആക്രമണത്തിനു വിധേ