താൾ:പ്രപഞ്ചവും മനുഷ്യനും.djvu/32

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്താണ് പ്രപഞ്ചം? 35


യിലേയ്ക്ക് ഒരു ഗ്രഹത്തെ ചലിപ്പിക്കുകയാണെങ്കിൽ, മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അത് ഒരേ നേർവരയിലൂടെ തുല്യ വേഗതയിൽ എന്നെന്നും നീങ്ങിക്കൊണ്ടിരിക്കും. പക്ഷേ, ഗ്രഹം സ്ഥിരമായി സൂര്യനാൽ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. തന്മൂലം നേർവരയിൽ നിന്നു സൂര്യനു നേരെ വ്യതിചലിക്കാൻ അതു നിർബദ്ധമാകുന്നു, അങ്ങനെ വരുമ്പോൾ ഗ്രഹം സൂര്യനു ചുറ്റും കിടന്നു തിരിയാൻ തുടങ്ങുന്നു. ഈ ആകർഷണശക്തി പ്രവർത്തിക്കുന്നതു സൂര്യനും ഗ്രഹങ്ങൾക്കുമിടയിൽ മാത്രമല്ല; പ്രപഞ്ചത്തിലെങ്ങും അതു നിലനില്ക്കുന്നുണ്ട്. പ്രപഞ്ചത്തിലുള്ള ഓരോ പദാർത്ഥകണികയും മറ്റോരോ കണികയെയും ആകർഷിച്ചു കൊണ്ടിരിക്കുന്നു.

ന്യൂട്ടനു ശേഷമുള്ള കാലഘട്ടങ്ങളിൽ, സൗരയൂഥത്തിനപ്പുറമുള്ള നഭോമണ്ഡലത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാനുള്ള ഗവേഷണങ്ങൾ നിരന്തരമായി നടന്നു. ദൂരദർശിനികളും മറ്റു നിരീക്ഷണോപാധികളും കൂടുതൽ കാര്യക്ഷമമായിത്തീരാൻ തുടങ്ങിയതോടെ ഈ മണ്ഡലത്തിൽ കാര്യമായ പുരോഗതിയുണ്ടായി. മറ്റേതൊരു ജ്യോതിശ്ശാസ്ത്രജ്ഞനേയും അപേക്ഷിച്ച് ഈ മേഖലയിൽ ഏറ്റവും അധികം സംഭാവനകൾ നൽകിയത് വില്യം ഹെർഷലാണ് (1728-1822). അനന്തവിശാലമായ നക്ഷത്രമണ്ഡലത്തിന്റെ അഗാധതകളിലേയ്ക്ക് ചുഴിഞ്ഞിറങ്ങാനും, നക്ഷത്രസമൂഹങ്ങളെയും നെബുലകളെയും കുറിച്ചുള്ള നിയതമായ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കൂടുതൽ ശക്തമായ ദൂരദർശിനികളും മറ്റു നിരീക്ഷണോപാധികളും ആവിഷ്കൃതമാവും തോറും പ്രപഞ്ചത്തിന്റെ ആഴവും പരപ്പും ഊഹാതീതമാംവണ്ണം വിപുലമായിക്കൊണ്ടിരുന്നു. ഇന്ന് കാലിഫോർണിയയിലെ മൗണ്ട് പലോമറിലുള്ള ഏറ്റവും വലിയ ദൂരദർശിനി നമുക്ക് കാണിച്ചുതരുന്ന എണ്ണമറ്റ നക്ഷത്രങ്ങളുടെയും നെബുലകളുടെയും ലോകം, അനന്തമായ പ്രപഞ്ചമേഖലയുടെ വളരെ പരിമിതമായ ഒരു ഭാഗം മാത്രമാണെന്ന് നമുക്കറിയാം.

ഈ കാലമത്രയും, പഴയ ഗ്രീക്കുപരമാണുവാദം ശാസ്ത്രലോകത്ത് ഏറെക്കുറെ വിസ്മരിക്കപ്പെട്ടിരിക്കുകയായിരുന്നു. അതിനുപകരം, എമ്പദോക്ലിസും അരിസ്റ്റോട്ടിലും രൂപം നൽകിയിരുന്ന ഒരു വീക്ഷണഗതി മധ്യയുഗത്തിലെ ശാസ്ത്രജ്ഞന്മാരെ മുഴുവനും, ഒരു വമ്പിച്ച പാഴ്വേലയ്ക്ക് പ്രേരിപ്പിച്ചു. എല്ലാ വസ്തുക്കളിലും സമാനമായി നിലകൊള്ളുന്ന 'ഹൈൽ' എന്നു വിളിക്കപ്പെടുന്ന ഒരു പ്രാഥമികവസ്തുവാണ് പദാർത്ഥത്തിന്റെ അടിസ്ഥാനമെന്ന് അവർ സിദ്ധാന്തിച്ചിരുന്നു. ഈ സിദ്ധാന്തമാണ് മദ്ധ്യയുഗത്തിലെ ആൽക്കെമിസ്റ്റുകളെ ആകർഷിച്ചത്. വിലകുറഞ്ഞ ലോഹങ്ങളിൽനിന്ന് സ്വർണ്ണവും വെള്ളിയും മറ്റും രാസമാറ്റങ്ങളിലൂടെ സൃഷ്ടിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. അതുകൊണ്ട് ഈ കാലഘട്ടങ്ങളിലെല്ലാം പരമാണുവാദത്തെ ശ്രദ്ധിക്കാനാളുണ്ടായിരുന്നില്ല.