ഫ്രഞ്ച്, ജർമ്മൻ പിന്തിരിപ്പൻ ശക്തികളെല്ലാം ഒത്തുചേർന്ന് കമ്മ്യൂണിനെ മൃഗീയമായി അടിച്ചമർത്തിയെങ്കിലും, തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലായി അതു മാറിയത്. മാർക്സ് ചൂണ്ടിക്കാണിച്ചതുപോലെ, നിലവിലുള്ള ബൂഷ്വാ ഭരണകൂടം തകർത്ത് പുതിയ തൊഴിലാളിവർഗ്ഗഭരണകൂടം സ്ഥാപിക്കുക എന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്ര പ്രധാനകടമയ്ക്ക് പ്രായോഗികരൂപം നൽകുകയാണ് കമ്മ്യൂൺ ചെയ്തത്.
പാരീസ് കമ്മ്യൂൺ അടിച്ചമർത്തപ്പെട്ടതോടെ, യൂറോപ്പിലെമ്പാടും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വമ്പിച്ച തിരിച്ചടിയെ നേരിട്ടു. 1864-ൽ മാർക്സിന്റെ മുൻകയ്യിൽ രൂപീകൃതമായ ഒന്നാം ഇന്റർനാഷണൽ 1873-ൽ പിരിച്ചുവിടപ്പെട്ടു. അധികം താമസിയാതെതന്നെ വീണ്ടും പ്രസ്ഥാനം പുനരുജ്ജീവിക്കാൻ തുടങ്ങിയെങ്കിലും അത് പുതിയൊരു രൂപം കൈക്കൊള്ളുകയായിരുന്നു. അന്ന് മാർക്സിനോ ഏംഗൽസിനോ കണ്ടെത്താൻ കഴിയാതിരുന്ന പല പരിവർത്തനങ്ങളും മുതലാളിത്ത വ്യവസ്ഥയ്ക്കു തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് പാരീസ് കമ്മ്യൂണിനോടുകൂടിതന്നെ, മുതലാളിത്തം സ്വതന്ത്രമത്സരത്തിന്റെ ഘട്ടത്തിൽനിന്ന് കുത്തകയുടെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചുതുടങ്ങിയിരുന്നു. കുത്തുകമുതലാളിത്തത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടതോടെ, കോളനികളിൽ അത് നടത്തുന്ന മൃഗീയ ചൂഷണത്തിൽനിന്ന് സമാഹരിക്കുന്ന വമ്പിച്ച ലാഭത്തിൽനിന്ന് ഒരു വിഹിതം മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവർഗ്ഗത്തിൽതന്നെ ഒരു വിഭാഗത്തെ, കൂടുതൽ ആനുകൂല്യങ്ങൾ നൽകി തങ്ങളുടെ വരുതിയിലൊതുക്കാനും അവർക്കു കഴിഞ്ഞു. 1889-ൽ ഏംഗൽസിന്റെ മുൻകയ്യിൽ രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായപ്പോൾ തന്നെ, കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിലേയ്ക്ക് ഈ പുതിയ തൊഴിലാളി വർഗ്ഗപ്രഭുവർഗ്ഗത്തിന്റെ സ്വാധീനം ഗണ്യമായി നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു. ക്രമത്തിൽ അവർ പ്രസ്ഥാനത്തെ ബൂർഷ്വാ പാർലമെന്ററിസത്തിലേയ്ക്ക് വലിച്ചിഴക്കുകയും ചെയ്തു.
റഷ്യൻ വിപ്ലവം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്ക് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിയാണ്, ഈ തിരുത്തൽവാദപ്രവണതയ്ക്കെതിരായ സമരമാരംഭിച്ചത്. പക്ഷേ, അപ്പോഴേയ്ക്കും യൂറോപ്പിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നേതൃത്വം തിരുത്തൽവാദികളുടെ കയ്യിൽ അമർന്നുകഴിഞ്ഞിരുന്നതുകൊണ്ട് ലെനിന്റെ കൊച്ചുപാർട്ടിയുടെ ചെറുത്തുനില്പിന് കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒന്നാം ലോകയുദ്ധത്തോടുകൂടി തിരുത്തൽ വാദികൾ അതാതു രാജ്യങ്ങളിലെ സാമ്രാജ്യവാദികളോടൊപ്പം ചേർന്നുകൊണ്ട് തങ്ങളുടെ തനിനിറം പൂർണ്ണമായും വെളിവാക്കി. ലോകയുദ്ധം സൃഷ്ടിച്ച പുതിയ സാഹചര്യത്തെ ശരിയായി വിലയിരുത്തിക്കൊണ്ട്, ലോകതൊഴിലാളിവർഗ്ഗത്തിന് മാർഗ്ഗദർശനം നൽകത്തവിധം പുതിയൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാൻ ലെനിനു കഴിഞ്ഞു. പത്തൊ