താൾ:പ്രപഞ്ചവും മനുഷ്യനും.djvu/335

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽക്ക് ശക്തിപ്രാപിച്ച കുത്തകമുതലാളിത്തം, അതിന്റെ ആന്തരികവൈരുദ്ധ്യം മൂലം എങ്ങനെയാണ് ലോകയുദ്ധത്തിന് കളമൊരുക്കിയതെന്നും, അതാ തൊഴിലാളിവർഗ്ഗവിപ്ലവത്തിന് അനുഗുണമായ സാഹചര്യം എങ്ങനെ സൃഷ്ടിച്ചിരിക്കുന്നു എന്നും ലെനിൻ വിശദീകരിച്ചു. മാർക്സും ഏംഗൽസും ആദ്യം കരുതിയിരുന്നതുപോലെ, സാമ്രാജ്യത്വഘട്ടത്തിൽ ഏറ്റവും വികസിതമുതലാളിത്ത രാജ്യത്തിലോ രാജ്യങ്ങളിലോ ആദ്യം വിപ്ലവം നടത്താത്തതിന്റെ കാരണവും, അതോടൊപ്പം റഷ്യയെപ്പോലെ സാമ്രാജ്യത്വ ശൃംഖലയിലെ ദുർബ്ബലകണ്ണികളായ രാജ്യങ്ങളിൽ വിപ്ലവത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നതും ലെനിൻ കൃത്യമായി ചൂണ്ടിക്കാണിച്ചു. അങ്ങനെ റഷ്യയിൽ, ഒന്നാം ലോകയുദ്ധത്തിന്റെ സാഹചര്യത്തിൽ വളർന്നുവന്ന വിപ്ലവസാഹചര്യത്തിന് അനുസൃതമായി ഒരു വിപ്ലവപരിപാടി മുന്നോട്ടുവെക്കാൻ ലെനിനു കഴിഞ്ഞു.

ലോകയുദ്ധത്തില്പെട്ട് സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിൽ കുടുങ്ങിയ റഷ്യയിലെ സാർ ഗവണ്മെന്റിനെതിരായി ബൂർഷ്വാസിയുടെ നേതൃത്വത്തിൽ 1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തോടെയാണ് ലെനിന്റെ വിലയിരുത്തൽ പ്രയോഗത്തിൽ തെളിയിക്കപ്പെടാൻ തുടങ്ങിയത്. അധികം താമസിയാതെതന്നെ ബൂർഷ്വാഗവണ്മെന്റിൽനിന്ന് തൊഴിലാളിവർഗ്ഗം അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രായോഗിക പരിപാടി ലെനിൻ മുന്നോട്ടുവച്ചു. 'എല്ലാ അധികാരവും സോവിയറ്റുകൾക്ക്' എന്ന ലെനിന്റെ മുദ്രാവാക്യം അതിവേഗം എല്ലാവിഭാഗം ജനങ്ങളിലേയ്ക്കും പടർന്നുപിടിക്കാൻ തുടങ്ങി. 1905-ൽ പരാജയപ്പെട്ട വിപ്ലവത്തിന്റെ സമയത്തുതന്നെ റഷ്യൻ തൊഴിലാളിവർഗ്ഗം സ്വന്തമായി കണ്ടെത്തിയ, തൊഴിലാളികളുടെയും കർഷകരുടെയും അധികാരത്തിന്റെ രൂപമെന്ന നിലയ്ക്കാണ് 'സോവിയറ്റു'കൾ റഷ്യയിൽ പ്രചരിതമായത്.