താൾ:പ്രപഞ്ചവും മനുഷ്യനും.djvu/34

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്താണ് പ്രപഞ്ചം? 37


ഈ പ്രപഞ്ച ചിത്രത്തിനാധാരമായ യൂക്ലിഡിയൻ ജ്യാമിതിയും ന്യൂട്ടോണിയൻ നിയമങ്ങളും അനിഷേധ്യങ്ങളാണെന്ന് കരുതപ്പെട്ടിരുന്നു. ആ അടിസ്ഥാനത്തിലാണ് ഭൗതികശാസ്ത്രം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അതിന്റെ പാരമ്യത്തിലെത്തിയെന്ന് കണക്കാക്കപ്പെട്ടത്.

നവീന പ്രാപഞ്ചിക ധാരണ

ഇരുപതാം നൂറ്റാണ്ട് ആരംഭിച്ചത് ഭൗതികശാസ്ത്രരംഗത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള വിപ്ലവങ്ങൾക്ക് കളമൊരുക്കിക്കൊണ്ടാണ്. ഐൻസ്റ്റീന്റെ സാപേക്ഷതാസിദ്ധാന്തമാണ് ഈ രംഗത്ത് സുപ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം മുതല്ക്കേ യൂക്ലിഡിൻ്റെ ജ്യാമിതി ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയിരുന്നു. മറ്റൊരു സുപ്രധാന പ്രശ്നം കൂടി ശാസ്ത്രജ്ഞന്മാരെ അലട്ടിക്കൊണ്ടിരുന്നു; അന്ന്, അറിയപ്പെട്ടിരുന്ന എല്ലാ തരംഗങ്ങളും ഏതെങ്കിലും മാധ്യമത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. എന്നാൽ വൈദ്യുതകാന്തതരംഗങ്ങളെ സംബന്ധിച്ചിടത്തോളം അത്തരമൊരു മാധ്യമം അറിയപ്പെട്ടിരുന്നില്ല. തന്മൂലം, തൽസ്ഥാനത്ത് 'ഈതർ' എന്ന സാങ്കല്പികമാധ്യമം ആവിഷ്കരിക്കപ്പെട്ടു. പക്ഷേ ഇത്തരം പരികല്പനകൾ നിലനിൽക്കത്തക്കതായിരുന്നില്ല.

ഈ പശ്ചാത്തലത്തിൽ ആവിഷ്കൃതമായ സാപേക്ഷതാസിദ്ധാന്തം അന്നു നിലനിന്നിരുന്ന ഒട്ടേറെ പ്രഹേളികകൾക്ക് ഉത്തരമേകി. സ്ഥലവും കാലവും പദാർത്ഥവും വേർതിരിച്ചു നിറുത്താൻ പറ്റുന്ന പ്രതിഭാസങ്ങളല്ലാതായി മാറി. അവയുടെ അനുസ്യൂതമായ പരസ്പരബന്ധമാണ് യാഥാർത്ഥ്യമെന്നുള്ളതു വ്യക്തമായി. പരമാണുഘടനയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഉരുത്തിരിഞ്ഞുവന്നതോടെ പദാർത്ഥം നിയതമായ കണികകളാണെന്ന ധാരണ തകർന്നു. ആധുനിക പരമാണു ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ നമ്മുടെ നഗ്നനേത്രങ്ങൾക്ക് ദൃശ്യമായ ഈ പ്രപഞ്ചത്തിന് യാഥാർത്ഥ്യവുമായി ബന്ധമില്ല. നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന പരമാണുകണികകളുടെ സങ്കീർണ്ണമായ ഒരു വ്യവസ്ഥയാണ് ഈ പ്രപഞ്ചമൊട്ടാകെ. അവയ്ക്കിടയിൽ നിയതമായ അതിർത്തിരേഖകളൊന്നും തന്നെയില്ല. സാപേക്ഷതാ സിദ്ധാന്തം, ഊർജ്ജവും ദ്രവ്യമാനവും തമ്മിലുള്ള അന്തരം ഇല്ലാതാക്കിയതോടെ, ഈ പ്രപഞ്ചധാരണ കുറെക്കൂടി വ്യത്യസ്തമായിത്തീർന്നു. ക്വാണ്ടം തിയറിയാകട്ടെ, അടിസ്ഥാനപരമായ ഭൗതിക പ്രവർത്തനങ്ങളിലെ നിർണ്ണീത സ്വഭാവത്തെ നിഷേധിച്ചു. പ്രപഞ്ചപദാർത്ഥം പ്ലാസ്മയടക്കമുള്ള അതിന്റെ നാലവസ്ഥകളിൽ മാത്രമല്ല നിലനില്ക്കുന്നത്; വൈദ്യുതകാന്ത, അണുകേന്ദ്ര മണ്ഡലങ്ങളുടെ രൂപത്തിലാണ് അതു പ്രപഞ്ചത്തിന്റെ അനന്തമേഖലകളിലധികവും നിലനില്ക്കുന്നത്. വൈദ്യുതകാന്ത, അണുകേന്ദ്രമണ്ഡലങ്ങൾ തരംഗരൂപത്തിലാണ് നിലകൊള്ളുന്നത്. ഗുരുത്വാകർഷണമേഖലയും ഗ്രാവിറ്റോൺ കണികകളാൽ നിബദ്ധമാണെന്ന് ഇപ്പോൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സ്ഥലത്തിലും കാലത്തിലും ചലിച്ചുകൊണ്ടിരിക്കുന്ന നിയതരൂപത്തിലുള്ള പഴയ അതിർത്തികളെ ഭേദിച്ചുകൊണ്ട്