സോഷ്യലിസ്റ്റു പരിവർത്തനഘട്ടത്തിൽ സാമ്പത്തികാടിത്തറയിലെ പരിവർത്തനങ്ങൾ പൊതുവിൽ പൂർത്തീകരിച്ചാലും ഉപരിഘടനയിൽ പഴയ സമ്പ്രദായത്തിന്റെ സ്വാധീനം ശക്തമായി നിലനിൽക്കാമെന്നും, തന്മൂലം ആ ഘട്ടത്തിൽ ഉപരിഘടനയിലെ പരിവർത്തനങ്ങളാണ് സാമൂഹ്യ വിപ്ലവത്തിൽ നിർണ്ണായക പങ്കുവഹിക്കുക എന്നും മാവോ ചൂണ്ടി കാണിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സോഷ്യലിസ്റ്റു കാലഘട്ടത്തിലെ വർഗ്ഗസമരത്തിൽ ഉപരിഘടനയിലെ സമരത്തിന് മാവോ ഊന്നൽ നൽകിയത്.
മുതലാളിത്ത പാതക്കാർ പല മേഖലകളിഉം പിടിച്ചു പറ്റിയിട്ടുള്ള അധികാരം തിരിച്ചു പിടിക്കാനും, അധികാരം തൊഴിലാളിവർഗ്ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും കയ്യിൽ തന്നെ ഉറപ്പിച്ചു നിർത്താനും വേണ്ടി നടത്തേണ്ട സമരത്തിന്റെ പൊതു ദിശ വ്യക്തമായി വന്നെങ്കിലും, ഈ ലക്ഷ്യ സാധ്യത്തിന് പറ്റിയവിധം ജനങ്ങളുടെ മുൻകൈ കെട്ടഴിച്ചു വിടുന്നതിന് പറ്റിയ സമരരൂപം കണ്ടെത്തപ്പെട്ടിരുന്നില്ല. 1965-68 കാലത്ത് നടന്ന മഹത്തായ തൊഴിലാളിവർഗ്ഗ സാംസ്കാരികവിപ്ലവമാണ് ഈ പ്രശ്നത്തിന് ഉത്തരം നൽകിയത്. സോവിയറ്റു യൂണിയനിൽ സ്റ്റാലിൻ സ്വീകരിച്ച ഉദ്യോഗസ്ഥ മേധാവിത്വപരമായ രീതിക്കു പകരം, മുതലാളിത്ത പ്രവണതകൾക്കെതിരെ മുഴുവൻ ജനങ്ങളെയും രാഷ്ട്രീയമായി ആയുധമണിയിക്കുക എന്ന സമീപനമാണ് ചൈനയിൽ സ്വീകരിക്കപ്പെട്ടത്. വിദ്യാഭ്യാസ, സാംസ്ക്കാരിക മേഖലകളിൽ പ്രകടമായി വന്ന ജീർണ്ണിച്ച പ്രവണതകൾക്കെതിരായ സമരമെന്ന നിലയ്ക്കാണ് സാംസ്ക്കാരിക വിപ്ലവം ആരംഭിച്ചത്. എന്നാൽ 1966 ആയപ്പോഴേയ്ക്കും, എല്ലാ തലങ്ങളിലും അധികാരത്തിൽ കയറികൂടിയിട്ടുള്ള മുതലാളിത്ത പാതക്കാർക്കെതിരായ സമരമായി അത് വളർന്നുവന്നു. പല തലങ്ങളിൽ പാർട്ടിയിലും ഭരണകൂടത്തിലും ആധിപത്യമുറപ്പിച്ചിരുന്ന മുതലാളിത്ത പാതക്കാരെ ജനങ്ങളുടെ മുൻകയ്യിൽ വിചാരണ ചെയ്യുകയും താഴെയിറക്കുകയും ജനങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ വിപ്ലവസമിതികളെ അധികാരമേല്പിക്കുകയും ചെയ്യുന്ന വമ്പിച്ച ഒരു ഉടച്ചുവാർക്കലാണ് അവിടെ നടന്നത്. പ്രാദേശിക നേതാക്കന്മാർ മുതൽ, പാർട്ടിയുടെ ഉന്നത നേതാക്കന്മാരും മന്ത്രിമാരും വരെയുള്ളവർ ഇങ്ങനെ വിചാരണ ചെയ്യപ്പെട്ടു. ഇത്തരം പ്രചണ്ഡമായ ഒരു വിപ്ലവത്തിനിടയ്ക്ക് പല പാളിച്ചകളും അതിരു കടന്ന നടപടികളും ഉണ്ടാവുക സ്വാഭാവികമാണ്. ചൈനയിലെ സാംസ്ക്കാരിക വിപ്ലവകാലത്ത്, നിയന്ത്രണാതീതമായ രീതിയിൽ പല പല പാളിച്ചകളും സംഭവിക്കുകയുണ്ടായി. പക്ഷേ, ജനങ്ങളുടെ മുൻകൈ കെട്ടഴിച്ചുവിട്ട്, യഥാർത്ഥ അധികാരം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ വേണ്ടി നടത്തിയ ഈ വിപ്ലവത്തിന്റെ പൊതുദിശയുടെ പ്രാധാന്യവും അത് നൽകുന്ന പാഠങ്ങളുമാണ് നാം ഉൾക്കൊള്ളേണ്ടത്.