താൾ:പ്രപഞ്ചവും മനുഷ്യനും.djvu/349

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാണെന്ന നിലപാടിൽതന്നെ മാവോ ഉറച്ചുനിന്നു. സാംസ്കാരികവിപ്ലവത്തിന്റെ യഥാർത്ഥലക്ഷ്യത്തെ മാവോ തന്നെ നിരാകരിക്കുകയായിരുന്നു. അതുകൊണ്ടാണ്, സാംസ്കാരിക വിപ്ലവങ്ങൾ അനവധി തുടരേണ്ടിവരുമെന്ന് മാവോ പറഞ്ഞെങ്കിലും അത് തുടരുമെന്ന് ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ സംവിധാനം ആവിഷ്കരിക്കാൻ മാവോയ്ക്ക് കഴിയാതെ പോയത്. ഫലത്തിൽ, സാംസ്കാരികവിപ്ലവം മാവോയുടെ ഔദാര്യപ്രകടനം മാത്രമായിരുന്നു. അത് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ ഭാഗമായി മാറിയില്ല.

സാംസ്കാരിക വിപ്ലവം ഉയർത്തിയ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സോഷ്യലിസ്റ്റു ജനാധിപത്യ സംവിധാനം ആവിഷ്കരിക്കുക എന്നതാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാർ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഉല്പാദനോപാധികളുടെ സ്വകാര്യസ്വത്ത് അനുവദിക്കാത്തതും പൊതുസമ്പത്തിൽ അധിഷ്ഠിതവുമായ ഒരു സാമ്പത്തികാടിത്തറയിൽ ഏതെങ്കിലും പാർട്ടിയ്ക്ക് കുത്തകാധികാരമില്ലാത്തതും ജനാധിപത്യപരമായ പ്രക്രിയയിലൂടെ ജനങ്ങൾക്ക് അധികാരത്തിൽ യഥാർത്ഥ പങ്കാളിത്തമുള്ളതുമായ ഒരു സോഷ്യലിസ്റ്റു ജനാധിപത്യവ്യവസ്ഥയാണ് വളർത്തിക്കൊണ്ടുവരേണ്ടത്.

ബൂർഷ്വാ ജനാധിപത്യത്തേക്കാൾ ഉയർന്നതും വിശാലവുമായ ജനാധിപത്യം വികസിപ്പിക്കുന്നതിനു പകരം, ഒരു പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെയോ, പോളിറ്റ് ബ്യൂറോയുടെയോ ഒരൊറ്റ നേതാവിന്റെയോ കുത്തകാധികാരം എന്ന ഫാസിസ്റ്റു സംവിധാനമാണ് ഇതുവരെ നിലവിൽ വന്നത്. സോഷ്യലിസ്റ്റു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിൽ തന്നെ വന്ന വ്യതിയാനമാണ് ഇതിന് കാരണം. ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുക എന്ന മാർക്സിയൻ ചരിത്രവീക്ഷണത്തിന് കടകവിരുദ്ധമായി ഒരു പിടി നേതാക്കന്മാരാണ് ചരിത്രസ്രഷ്ടാക്കൾ എന്ന അറിപിന്തിരിപ്പൻ സമീപനമാണ് ഇതുവരെ പ്രയോഗിക്കപ്പെട്ടത്. ഇതു തിരുത്തണമെങ്കിൽ, സോഷ്യലിസ്റ്റു രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അതിൽ പാർട്ടിയുടെ പങ്കിനെക്കുറിച്ചും തികച്ചും പുതിയ സമീപനവും പ്രായോഗിക പദ്ധതിയും ആവശ്യമാണ്. ഈ വെല്ലുവിളി ഫലപ്രദമായി ഏറ്റെടുക്കപ്പെട്ടാൽ മാത്രമേ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് ഭാവിയുള്ളു.

ഈ വെല്ലുവിളി മനുഷ്യസമൂഹം തന്നെ നേരിടുന്ന വെല്ലുവിളിയാണെന്നും കാണേണ്ടതുണ്ട്. ഇതുവരെ നടപ്പിലാക്കപ്പെട്ട സോഷ്യലിസത്തിന്റെ പരാജയം, മുതലാളിത്തവും ബൂർഷ്വാജനാധിപത്യവും അജയ്യമാണെന്ന ധാരണ സൃഷ്ടിക്കാനിടയാക്കിയിട്ടുണ്ട്. ബൂർഷ്വാ സാമ്രാജ്യത്വപ്രചരണ തന്ത്രങ്ങൾ ഇത് ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാൽ, മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ മാർക്സിസം ആദ്യം മുതൽക്കേ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇപ്പോഴും കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. അവ പരിഹരിക്കേണ്ടത് ചരിത്രഘട്ടത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളും സമരങ്ങളും തുടരുക തന്നെ