താൾ:പ്രപഞ്ചവും മനുഷ്യനും.djvu/351

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുബന്ധം 2 വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ആധുനികശാസ്ത്രവും*

വൈരുധ്യാഷ്ഠിത ഭൗതികവാദം രംഗപ്രവേശം ചെയ്തതിനുശേഷമുള്ള കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടയ്ക്ക് പലതവണ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടങ്ങൾ ഉണ്ടായപ്പോഴെല്ലാം വൈരുധ്യാധിഷ്ഠിത ഭൗതികവാദം കാലഹരണം വന്നുവെന്ന് പല ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും കൊട്ടിഘോഷിക്കുകയുണ്ടായി. പക്ഷെ, ഓരോ തവണയും ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ കൂടുതൽ ശക്തവും സമ്പന്നവുമാക്കി തീർക്കുകയാണുണ്ടായത്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐൻസ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തവും അതിനുശേഷം ക്വാണ്ടം ബലതന്ത്രവും(Quantum mechanics) രംഗത്തുവന്നതോടെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം മാത്രമല്ല; പൊതുവിൽ ഭൗതികവാദം തന്നെ തകർന്നു തരിപ്പണമായെന്ന് പല ശാസ്ത്രജ്ഞന്മാരും തത്വചിന്തകരും അവകാശപ്പെടുകയുണ്ടായി. വാസ്തവത്തിൽ പുതിയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം പ്രകൃതിയുടെ വൈരുദ്ധ്യാത്മകത വെളിപ്പെടുത്താൻ കൂടുതൽ സഹായകമാകുകയാണ് ചെയ്തിട്ടുള്ളത്. 1950-നു ശേഷം ഉണ്ടായിട്ടുള്ള ആധുനിക ജീവശാസ്ത്രരംഗത്തെ വമ്പിച്ച മുന്നേറ്റം ഇത്തരം വാദമുഖങ്ങൾക്ക് വഴിവെച്ചിരുക്കുകയാണ്.

ജീവശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങളെ മാർക്സിസത്തിനെതിരായി പ്രയോജനപ്പെടുത്തുന്നതിൽ അതീവ തല്പരരായ ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണ് ഷാക്വ മൊണാദ്. അദ്ദേഹം നിസ്സാരക്കാരനല്ല. ജീവന്റെ ഉള്ളറ രഹസ്യങ്ങളിലേയ്ക്ക് എത്തിനോക്കാൻ നമുക്ക് വെളിച്ചം കാണിച്ചുതന്നവരിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. മറ്റു രണ്ടു സഹപ്രവർത്തകരോടൊപ്പം 1965-ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാം കൊണ്ടും ഗണനീയനായ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കുള്ള തന്നെ പദവി തികച്ചും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം മാർക്സിസത്തിനെതിരായുള്ള കുരിശുയുദ്ധവുമായി ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്.

  • പ്രസിദ്ധ ശാസ്ത്രജ്ഞനും നോബൽ സമ്മാനിതനുമായ ഷാക്വ മൊണാദിന്റെ (Jacques Monad) "യാദൃശ്ചികതയും അനിവാര്യതയും" (Chance and Necessity)എന്ന വിവാദവിഷയമായ പുസ്തകത്തെപ്പറ്റിയുള്ള നിരൂപണമാണിത്. സേതുമാധവൻ എന്ന തൂലികാനാമത്തിൽ 1978-ൽ പ്രേരണയുടെ ഒരു ലക്കത്തിൽ പ്രസിദ്ധീകരിച്ച ഇത് അതേപടി പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.