2
പദാർത്ഥം - മൗലികഘടന
നമ്മുടെ ദൈനംദിന ജീവിതത്തിൽ, വിവിധ ഇന്ദ്രിയങ്ങൾ വഴി നേരിട്ടനുഭവപ്പെടുന്ന നമുക്കു ചുറ്റുമുള്ള വസ്തുസഞ്ചയത്തെയാണ് നാം പ്രപഞ്ചം എന്നു വിളിക്കുന്നത്. കല്ലും മണ്ണും തുടങ്ങി ചന്ദ്ര, സൂര്യ, നക്ഷത്രാദികൾ വരെയുള്ള 'അചേതന' ലോകം നമുക്കു കാണാം. അതുപോലെ അണുജീവി മുതൽ മനുഷ്യൻ വരെയുള്ള ജന്തുലോകവും ബാക്റ്റീരിയം മുതൽ വടവൃക്ഷംവരെയുള്ള സസ്യലോകവും നിലനിൽക്കുന്നതായി നാം മനസ്സിലാക്കുന്നു. ബാഹ്യരൂപത്തിൽ അനന്തമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ഈ വസ്തുസഞ്ചയത്തെ പൊതുവിൽ പദാർത്ഥം എന്നു വിളിക്കുന്നു. ഈ പ്രാപഞ്ചിക പദാർത്ഥത്തിന് പൊതുവായ ഒരു മൗലികഘടനയുണ്ടോ? രണ്ടായിരത്തഞ്ഞൂറുകൊല്ലം മുമ്പു മുതൽ ചോദിക്കാൻ തുടങ്ങിയ ഈ ചോദ്യം ഇന്നും നാമാവർത്തിക്കുകയാണ്. അന്ന്, പരമാണുക്കൾ എന്നു വിളിക്കപ്പെടുന്ന അവിഭാജ്യമായ അതിസൂക്ഷ്മഘടകങ്ങളാലാണ് എല്ലാ പ്രാപഞ്ചികവസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് ഡിമോക്രിറ്റസും പിൽക്കാലത്ത് കണാദനും സിദ്ധാന്തിക്കുകയുണ്ടായി. പക്ഷേ ഈ വാദഗതികൾ തത്ത്വചിന്താമണ്ഡലത്തിലെ വെറും പരികല്പനകൾ മാത്രമായാണ് നിലനിന്നുപോന്നത്.
രണ്ടായിരത്തഞ്ഞൂറു വർഷങ്ങൾക്കുശേഷം, ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ഈ പ്രശ്നങ്ങൾക്കു വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞത്. അനേകം അന്വേഷണ കുതുകികളുടെ നിരന്തരവും അക്ഷീണവുമായ സംഘടിതശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രധാനമായും ജോൺ ഡാൽട്ടന്റെ പ്രവർത്തനഫലമായാണ് വിസ്മരിക്കപ്പെട്ടുകിടന്നിരുന്ന പരമാണുവാദം പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അടിസ്ഥാനപരമായി വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ മൂലകങ്ങൾ - ഓക്സിജൻ, ഹൈഡ്രജൻ, കാർബൺ, സൾഫർ, സോഡിയം, ചെമ്പ്, ഇരുമ്പ് തുടങ്ങിയവ - ചേർന്നിട്ടാണ് വ്യത്യസ്ത വസ്തുക്കൾ രൂപീകൃതമായിരിക്കുന്നതെന്ന് അന്നേ അറിയാമായിരുന്നു. എന്നാൽ ഈ അടിസ്ഥാനമൂലകങ്ങളുടെ ഘടനയോ, അവ തമ്മിലുള്ള മൗലികവ്യത്യാസങ്ങൾക്ക് നിദാനമോ എന്താണെന്ന് അറിയപ്പെട്ടിരുന്നില്ല. പദാർത്ഥത്തിന്റെ, നശിപ്പിക്കാൻ കഴിയാത്തതും അവിഭാജ്യവുമായ ഏകകങ്ങളായ പരമാണുക്കൾ ചേർന്നിട്ടാണ് ഓരോ മൂലകവും ഉണ്ടായിരിക്കുന്നതെന്ന് ഡാൽട്ടൻ സിദ്ധാന്തിച്ചു. പക്ഷേ, ഈ സിദ്ധാന്തമനുസരിച്ച് കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുള്ളതടക്കം ഇന്നറിയപ്പെട്ടിട്ടുള്ള നൂറിൽപരം മൂലക