താൾ:പ്രപഞ്ചവും മനുഷ്യനും.djvu/361

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മങ്ങൾ തുടങ്ങി, അവസാനം ബാഹ്യപരിതസ്ഥിതിയുമായി പൊരുത്തപ്പെടുന്ന പുതിയ സ്വഭാവങ്ങളായി അവ അതിജീവിക്കുന്നതുവരെയുള്ള സുദീർഘവും സങ്കീർണ്ണവുമായ പ്രതിപ്രവർത്തന പ്രക്രിയകൾക്കിടയിൽ മുഴുവനും വിവിധ തലങ്ങളിൽ അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ചില സന്ദർഭങ്ങളിൽ അനിവാര്യത മുൻകൈ നേടും; മറ്റു ചിലപ്പോൾ യാദൃശ്ചികതയും. ഇവ രണ്ടും ചേർന്നുകൊണ്ടുള്ള അഭേദ്യമായ പ്രവർത്തനങ്ങൾ കൂടാതെ ജൈവപരിണാമം സാദ്ധ്യമല്ല തന്നെ. ഒറ്റ നോട്ടത്തിൽ മാറ്റത്തെ തടഞ്ഞുനിർത്തുന്ന പ്രക്രിയ അനിവാര്യതയും മാറ്റത്തിന് കളമൊരുക്കുന്നത് യാദൃശ്ചികതയുമാണെന്ന് തോന്നിയേക്കാം. പക്ഷെ, ഇത് പ്രശ്നത്തെ വൈരുദ്ധ്യാത്മകമായി കാണാത്തതുകൊണ്ട് തോന്നുന്നതാണ്. രണ്ടു വിപരീതങ്ങളെയും പരസ്പരബന്ധമില്ലാതെ പരിശോധിക്കുന്നതുകൊണ്ടാണ് ഈ ഏകപക്ഷീയവീക്ഷണം ഉടലെടുക്കുന്നത്. യാദൃശ്ചികതയും അനിവാര്യതയും തമ്മിലുള്ള നിരന്തരമായ പ്രതിപ്രവർത്തനങ്ങളാണ് ജീവിലോകത്തിലെന്നപോലെ പ്രകൃതിയിലെ മൊത്തം മാറ്റത്തിനും പരിണാമത്തിനും നിദാനം. ഏതെങ്കിലും ഒരു വിപരീത ഘടകത്തിനു മാത്രമായി യാതൊരു മാറ്റവും ഉണ്ടാക്കാൻ സാധ്യമല്ല.

അണുജീവി മുതൽ മനുഷ്യൻ വരെയുള്ള ജീവിലോകത്തിലും മൗലികകണികകൾ മുതൽ നക്ഷത്രസമൂഹങ്ങൾ വരെയുള്ള മൊത്തം പ്രപഞ്ചത്തിലും നിലനിൽക്കുന്ന എണ്ണമറ്റ സങ്കീർണ്ണവും ലളിതവുമായ വ്യവസ്ഥകളിലെല്ലാം തന്നെ അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള പ്രതിപ്രവർത്തനം നടക്കുന്നതു കാണാം. ഓരോ വ്യവസ്ഥയ്ക്കുള്ളിലും നടന്നുകൊണ്ടിരിക്കുന്ന യാദൃശ്ചിക സംഭവങ്ങൾ അവയ്ക്കുള്ളിൽ തന്നെ നിലനിൽക്കുന്ന അനിവാര്യതകളുമായി ഏറ്റുമുട്ടുന്നു. ഇത്തരം പ്രതിപ്രവർത്തനങ്ങൾ വർദ്ധിച്ച് ഒരു പ്രത്യേക പരിധിയിലെത്തുമ്പോൾ ആ വ്യവസ്ഥയുടെ മൊത്തത്തിലുള്ള അനിവാര്യമായ ചട്ടക്കൂടിനെ തകർത്തുകൊണ്ട് പുതിയ സ്വഭാവങ്ങൾ പുറത്ത് വരുന്നു. ഇങ്ങനെ ഓരോ വ്യവസ്ഥയിലും അതാത് വ്യവസ്ഥയുടെ അനിവാര്യമായ ചട്ടക്കൂടിനെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അനിവാര്യതയെ മാറ്റിത്തീർക്കലാണ് യാദൃശ്ചികതയുടെ ലക്ഷ്യമെങ്കിൽ യാദൃശ്ചികതയെ അനിവാര്യതയ്ക്കുള്ളിലൊതുക്കുക എന്നതാണ് അനിവാര്യതയുടെ ലക്ഷ്യം. ഓരോ അനിവാര്യതയുടെയും യാദൃശ്ചികത തകർത്തുകൊണ്ട് പുതിയ സ്വഭാവങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ അവ വീണ്ടും പുതിയ അനിവാര്യതകളായി തീരുന്നു. അതായത് യാദൃശ്ചികത നേടിയ വിജയം ഉടൻ തന്നെ അനിവാര്യത അതിന്റെ വിജയമാക്കിമാറുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു. ഇതാണ് പ്രപഞ്ചപരിണാമത്തിന്റെ ചരിത്രം നമുക്ക് കാണിച്ചുതരുന്നത്.