അനുബന്ധം 3
മാർക്സിസവും ശാസ്ത്രവും
[ശാസ്ത്രത്തോടുള്ള സമീപനത്തെക്കുറിച്ച് പാഠഭേദം ദ്വൈവാരികയിൽ നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ശാസ്ത്രത്തോടുള്ള മാർക്സിയൻ സമീപനം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് രൂപീകരിക്കാൻ ശ്രമിച്ചിട്ടുള്ള നിഗമനങ്ങൾ. പാഠഭേദം ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്.]
സൈദ്ധാന്തിക പശ്ചാത്തലം
ശാസ്ത്രം എന്നാൽ എന്ത് എന്നതിനെപ്പറ്റി വിപുലമായ സൈദ്ധാന്തിക ചർച്ച നടക്കുന്ന കാലമാണിത്. ഈ ചോദ്യത്തിനുള്ള വ്യത്യസ്തമായ ഉത്തരങ്ങളുമായി ബന്ധപ്പെട്ടാണ് ശാസ്ത്രത്തോടുള്ള വ്യത്യസ്ത സമീപനങ്ങളും ഉയർന്നുവന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, മാർക്സിയൻ സമീപനത്തിൽ നിന്നുകൊണ്ട് ശാസ്ത്രത്തെപ്പറ്റി കൂടുതൽ സമഗ്രമായ നിർവ്വചനം ആവശ്യമായി വന്നിട്ടുണ്ട്.
ബാഹ്യലോകവുമായുള്ള മനുഷ്യമനസ്സിന്റെ പ്രതിപ്രവർത്തനത്തിൽ നിന്ന് ഉളവാകുന്ന പ്രധാന ഫലങ്ങളാണ് ശാസ്ത്രവും ദർശനവും. ഇതേ പ്രക്രിയയുടെ തന്നെ ഫലങ്ങളാണ് കലാസാഹിത്യാദി മേഖലകളെങ്കിലും അവ ആത്മനിഷ്ഠ തലങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു. ശാസ്ത്രവും ദർശനവുമാകട്ടെ, ബാഹ്യലോകത്തിന്റെ ചലനനിയമങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു തന്നെ മനുഷ്യന്റെ വൈജ്ഞാനികമായ അന്വേഷണങ്ങൾ മുഖ്യമായും ഈ വിജ്ഞാനശാഖകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
ആദ്യകാലത്ത് ശാസ്ത്രവും ദർശനവും പരസ്പരം വേർതിരിക്കാനാകാത്തവിധം ഒന്നുചേർന്ന് കിടന്നിരുന്നു. മാത്രമല്ല, വിജ്ഞാന സംബന്ധമായ അന്വേഷണങ്ങളെല്ലാം ദർശനമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ശാസ്ത്രത്തിന്റെ തനതായ അസ്തിത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല. മുതലാളിത്തയുഗത്തിന്റെ ആവിർഭാവത്തോടെ ആധുനിക ശാസ്ത്രം വളരാൻ തുടങ്ങിയപ്പോഴാണ് ദർശനത്തിൽനിന്ന് ഭിന്നമായ ഒരു വിജ്ഞാനശാഖയാണ് ശാസ്ത്രം എന്ന തിരിച്ചറിവ് പ്രബലമായി തീർന്നത്. ഏംഗൽസ് ചൂണ്ടിക്കാണിച്ചതു പോലെ, പഴയകാല ദർശനത്തിന്റെ മേഖലകൾ ഒന്നൊന്നായി ശാസ്ത്രം കയ്യടക്കുകയുണ്ടായി. ദർശനത്തിന്റേത് എന്ന രീതിയിൽ പറയാവുന്ന വൈരുധ്യാധിഷ്ഠിത വിചിന്തന ശാസ്ത്രം ഒഴിച്ചുള്ള വിജ്ഞാനതലങ്ങളെല്ലാം ശാസ്ത്രത്തിന്റെ മേഖലയിൽ തളച്ചിടപ്പെട്ടു.