താൾ:പ്രപഞ്ചവും മനുഷ്യനും.djvu/41

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 പ്രപഞ്ചവും മനുഷ്യനും

ണും. ഇവ തമ്മിലും ഇങ്ങനെ പരസ്പരം കൈമാറ്റം നടക്കുന്നു. ചുരുക്കത്തിൽ ന്യൂട്രോണും പ്രോട്ടോണും ഒരേ കണികയുടെ രണ്ടവസ്ഥകളാണെന്നു കണക്കാക്കാവുന്നതാണ്. ഈ പരസ്പര കൈമാറ്റങ്ങൾ സാധാരണ ഗതിയിൽ എല്ലാ വസ്തുക്കളിലും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതുമൂലം ഘടനയിൽ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല.

എന്നാൽ റേഡിയോ പ്രസരവസ്തുക്കളുടെ അണുകേന്ദ്രത്തിൽ ആവശ്യത്തിലധികം ന്യൂട്രോണുകളോ പ്രോട്ടോണുകളോ ഉണ്ടായിരിക്കും. ന്യൂട്രോൺ അധികമുള്ളപ്പോൾ അതു പ്രോട്ടോണായിത്തീർന്ന് പ്രശ്നം പരിഹരിക്കുന്നു. പക്ഷേ അതോടൊപ്പം ഉല്പാദിപ്പിക്കപ്പെടുന്ന ഇലക്ട്രോൺ പുറംതള്ളപ്പെടുന്നു. അതാണ് ബീറ്റാരശ്മികളായിത്തീരുന്നത്. ഇതുപോലെ പ്രോട്ടോൺ അധികമുള്ളപ്പോൾ അതു ന്യൂട്രോണായി മാറുകയും തത്സമയം ഉല്പാദിപ്പിക്കപ്പെടുന്ന പോസിട്രോൺ പ്രസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. റേഡിയോ പ്രസര അണുകേന്ദ്രങ്ങളെപ്പോലെ ന്യൂട്രോണും ഒരു അസ്ഥിരകണികയാണ്. തന്മൂലം ന്യൂട്രോൺ അണുകേന്ദ്രത്തിനു പുറത്ത് വന്നുപെടുകയാണെങ്കിൽ അത് ഇലക്ട്രോണും പ്രോട്ടോണുമായി സ്വയമേവ വിഭജിക്കപ്പെടുന്നു.

റേഡിയോ പ്രസരവസ്തുക്കളിൽനിന്നു വമിക്കുന്ന ആൽഫാ, ഗാമാ കണികകൾക്കു നിയതമായ ഊർജമൂല്യമുണ്ട്. എന്നാൽ ബീറ്റാ രശ്മികൾക്കു നിശ്ചിതമായ ഒരു ഊർജമൂല്യമില്ല. അവയുടെ മൊത്തം ഊർജനഷ്ടം പരമാവധി പരിധിയിലെത്തുന്നതായി കാണുന്നുവെങ്കിലും എല്ലാ ഇലക്ട്രോണുകളും പ്രസരിക്കപ്പെടുന്നത് ഈ മൂല്യത്തിലും താഴ്ന്ന ഊർജത്തോടുകൂടിയാണ്. അപ്പോൾ ഈ ശേഷിച്ച ഊർജം എവിടെപ്പോകുന്നു എന്ന പ്രശ്നമുദിക്കുന്നു. വാസ്തവത്തിൽ ഭൗതികശാസ്ത്രത്തിന്റെ ഒരടിസ്ഥാനപ്രമാണമായ ഊർജസംരക്ഷണ നിയമത്തിന്റെ ലംഘനമാണിത്.

ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതിനായി 1933-ൽ ന്യൂട്രിനോ സിദ്ധാന്തം ആവിഷ്കൃതമായി. ഈ സിദ്ധാന്തപ്രകാരം ഒരു ന്യൂട്രോൺ പ്രോട്ടോണായോ, നേരെമറിച്ചോ രൂപാന്തരപ്പെടുമ്പോൾ ഇലക്ട്രോണിനൊപ്പം ന്യൂട്രിനോ എന്ന ഒരു കണിക കൂടി ഉല്പാദിപ്പിക്കപ്പെടുന്നു. ഇതിനു ദ്രവ്യമാനമോ വൈദ്യുതചാർജോ ഇല്ല. ബീറ്റാ പ്രസരണത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജത്തിൽ ഒരുഭാഗം ഈ ന്യൂട്രിനോകൾ സ്വീകരിക്കുന്നു. ബാക്കി ഇലക്ട്രോണുകളും. ഇങ്ങനെ ഊർജം പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നു. ന്യൂട്രിനോ സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ട കാലത്ത് അതിന്റെ അസ്തിത്വം തെളിയിക്കപ്പെട്ടിരുന്നില്ലെങ്കിലും 1956-ൽ അതു വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടു.

മീസോണുകൾ

ന്യൂട്രിനോസിദ്ധാന്തപ്രകാരം ഒരു ന്യൂട്രോണും ഒരു പ്രോട്ടോണും തമ്മിലുള്ള പ്രവർത്തനത്തിനിടയ്ക്കു ഇലക്ട്രോണും ന്യൂട്രിനോയും വമിപ്പി