താൾ:പ്രപഞ്ചവും മനുഷ്യനും.djvu/45

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



3

പദാർത്ഥത്തിന്റെ അവസ്ഥകൾ

നാം അധിവസിക്കുന്ന ഭൂമിയിലെ വൈവിധ്യമാർന്ന എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏതെല്ലാം മൂലകങ്ങൾ കൊണ്ടാണെന്ന് ഇന്നു നമുക്കറിയാം. ഇതുവരെ അറിയപ്പെട്ടിട്ടുള്ളത് തൊണ്ണൂറ്റിമൂന്ന് പ്രകൃത്യാലുള്ള മൂലകങ്ങളും കൃത്രിമമായി നിർമ്മിക്കപ്പെട്ട പതിനൊന്നെണ്ണവുമാണ്. ഈ മൂലകങ്ങൾതന്നെ വ്യത്യസ്തരീതിയിൽ സംയോജിക്കുന്നതിന്റെ ഫലമായാണ്, ഒരു തരത്തിലും സാദൃശ്യം തോന്നിക്കാത്ത വിവിധ വസ്തുക്കൾ രൂപംകൊണ്ടിരിക്കുന്നത്. എന്നാൽ, പ്രപഞ്ചത്തിന്റെ അനന്തമേഖലകളിൽ നിലനില്ക്കുന്ന വസ്തുസഞ്ചയങ്ങളുടെയും അടിസ്ഥാനഘടകങ്ങൾ ഈ മൂലകങ്ങൾ തന്നെയാണോ? ബാഹ്യാകാശത്തുനിന്നും വരുന്ന ഉല്ക്കകളും, അതിവിദൂര നക്ഷത്രസഞ്ചയങ്ങളിൽനിന്നും 'നെബുലുക'ളിൽനിന്നും വന്നുകൊണ്ടിരിക്കുന്ന വൈദ്യുതകാന്തതരംഗങ്ങളും മറ്റും തെളിയിക്കുന്നത് പ്രപഞ്ചത്തിന്റെ എല്ലാ മേഖലകളിലും ഇതേ മൂലകങ്ങൾ തന്നെയാണ് നിലനില്ക്കുന്നതെന്നാണ്.

അമേരിക്കൻ ശാസ്ത്രജ്ഞന്മാരായ സ്വെസ്സും ഉറെയും ചേർന്ന് പ്രപഞ്ചത്തിലെ മൂലകങ്ങളുടെ ഒരു സർവ്വെ നടത്തുകയുണ്ടായി. അതിൻപ്രകാരം പ്രപഞ്ചത്തിൽ ഏറ്റവുമധികമുള്ള മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവുമാണ്. അവരുടെ കണക്കനുസരിച്ച്, നമ്മുടെ ഭൂമിയിലെ മണ്ണിലും മറ്റും ധാരാളമായിട്ടുള്ള സിലിക്കണിന്റെ ഓരോ ആറ്റത്തിനും, 40,000 ഹൈഡ്രജൻ ആറ്റങ്ങൾ വീതം പ്രപഞ്ചത്തിലുണ്ട്. ഹീലിയം അതിനേക്കാളല്പം കുറവാണ്. ഇവയോടടുത്തുവരുന്ന ഒരു മൂലകവും പ്രപഞ്ചത്തിലില്ല. കാർബൺ, ഓക്സിജൻ, നിയോൺ, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളെല്ലാം ഏറെക്കുറെ സിലിക്കണിന്റെ നിലവാരത്തിൽ തന്നെ വരുന്നു. അതേസമയം, ലിതിയം, ബെറീലിയം, ബോറോൺ തുടങ്ങിയ ഭാരം കുറഞ്ഞ മൂലകങ്ങൾ 10 കോടി ഹൈഡ്രജൻ ആറ്റങ്ങൾക്ക് ഒന്നു വീതമാണ് പ്രപഞ്ചത്തിൽ നിലനില്ക്കുന്നത്. സ്കാൻഡിയം, ടൈറ്റാനിയം, വനേഡിയം, ക്രോമിയം തുടങ്ങിയവയുടെ സ്ഥിതി ഇതുപോലെതന്നെയാണ്. ഇരുമ്പുമുതൽക്കങ്ങോട്ട്, മൂലകങ്ങളുടെ അണുഭാരം കൂടുന്നതിനനുസരിച്ച് അവയുടെ ആധിക്യം കുറഞ്ഞു വരുന്നു.

ഭൗതികപരിവർത്തനവും രാസപരിവർത്തനവും

നിരന്തരമായ ചലനം അടിസ്ഥാനസ്വഭാവമായ പ്രപഞ്ചത്തിൽ, പരിവർത്തനവിധേയമാകാതെ ഒരു പ്രാപഞ്ചികവസ്തുവിനും നിലനിൽക്കാനാവില്ല.