താൾ:പ്രപഞ്ചവും മനുഷ്യനും.djvu/47

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 പ്രപഞ്ചവും മനുഷ്യനും


പദാർത്ഥകണികകളുടെ ചലനത്തെക്കുറിച്ചുള്ള ഈ സിദ്ധാന്തത്തിന് ഗതികസിദ്ധാന്തം അഥവാ ചലനസിദ്ധാന്തം എന്നു പറയുന്നു. ഈ സിദ്ധാന്തത്തെ ആസ്പദമാക്കിക്കൊണ്ട് പദാർത്ഥത്തിന്റെ വിവിധ അവസ്ഥകൾക്ക് തൃപ്തികരമായ വ്യാഖ്യാനം നൽകാൻ ഇന്നു നമുക്ക് കഴിയും. പദാർത്ഥത്തിന്റെ മൗലികമായ നാലവസ്ഥകളും - ഖരം, ദ്രാവകം, വാതകം, പ്ലാസ്മാ ഈ നിയമത്തിന്റെ പരിധിയിലൊതുങ്ങുന്നതാണ്.

ഖരാവസ്ഥയിൽ കണികകൾക്ക് സ്വതന്ത്രമായി ചലിക്കാനുള്ള കഴിവില്ല; സ്വസ്ഥാനത്തുനിന്ന് അവ കമ്പനം ചെയ്യുമെങ്കിലും. ഖരവസ്തുവിന് നിയതമായ വ്യാപ്തവും രൂപവുമുണ്ട്. ബാഹ്യശക്തിയുടെ സഹായം കൂടാതെ, അതിന്റെ രൂപം മാറ്റുക സാദ്ധ്യമല്ല. ദ്രാവകത്തിന് നിയതമായ വ്യാപ്തമുണ്ടെങ്കിലും നിയതമായ രൂപമില്ല. അത് എന്തിലാണോ അടങ്ങിയിരിക്കുന്നത് അതിന്റെ രൂപം കൈക്കൊള്ളുന്നു. ദ്രവത്തിനുള്ളിലെ തന്മാത്രകൾക്ക് സ്വതന്ത്രമായി ചലിക്കാൻ കഴിയും. പക്ഷേ അവയ്ക്ക് അതിൽനിന്ന് പുറത്തുപോകാൻ കഴിയില്ല. അപൂർവ്വമായി ഉപരിതലത്തിൽനിന്ന് ചില കണികകൾ പുറത്തു ചാടുമെന്നു മാത്രം. ഇതിനെയാണ് നാം ബാഷ്പീകരണം എന്നു വിളിക്കുന്നത്. വാതകത്തിന് വ്യാപ്തമോ രൂപമോ ഇല്ല. തന്മാത്രാ കണികകൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ദ്രുതഗതം ചലിച്ചുകൊണ്ടിരിക്കുന്ന അവ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്യുന്നു.

നമുക്കു ചിരപരിചിതമായ പദാർത്ഥത്തിന്റെ, ഈ മൂന്നവസ്ഥകൾ പ്രപഞ്ചത്തെ ഒട്ടാകെ കണക്കിലെടുക്കുമ്പോൾ, വളരെ വളരെ വിരളമാണ്. തികച്ചും അവഗണനാർഹമായ തോതിലേ അവ നിലനില്ക്കുന്നുള്ളു. നമ്മുടെ ക്ഷീരപഥത്തെപ്പോലുള്ള നക്ഷത്രസമൂഹങ്ങളിലും മറ്റും കണ്ടുവരുന്ന ധൂളിമേഘങ്ങളിലാണ് ഖരപദാർത്ഥം അധികപക്ഷവും കണ്ടുവരുന്നത്. പിന്നെ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളിലും. ഇതുപോലുള്ള ഗ്രഹങ്ങളിൽ ജലത്തെ ആവരണം ചെയ്തുകൊണ്ട് ഒരു ഖരാവരണം ഉണ്ടായിരിക്കുമെന്നുമാത്രം. ഭൂമിയിൽ ജലാശയങ്ങളിലുള്ള വെള്ളവും, ജന്തുസസ്യോല്പന്നങ്ങളായ എണ്ണകളുമാണ് പ്രധാന ദ്രവപദാർത്ഥങ്ങൾ. ജീവികളെല്ലാംതന്നെ ദ്രവത്തിന്റെയും ഖരത്തിന്റെയും ഒരു സവിശേഷ മിശ്രമാണ്; എങ്കിലും എല്ലാ ജീവശരീരത്തിലെയും ബഹുഭൂരിഭാഗവും ദ്രവം തന്നെയാണ് കയ്യടക്കിയിട്ടുള്ളത്. നക്ഷത്രങ്ങളുടെ ദ്രവ്യമാനവുമായി ഈ ഗ്രഹങ്ങളുടെയും ധൂളിമേഘങ്ങളുടെയും ദ്രവ്യമാനം തുലനം ചെയ്യുമ്പോൾ അവ അവഗണനാർഹം മാത്രമാണ്. നക്ഷത്രങ്ങളിൽ നിലനിൽക്കുന്ന പദാർത്ഥത്തിന്റെ മറ്റൊരവസ്ഥയായ പ്ലാസ്മയാണ് വാസ്തവത്തിൽ പ്രപഞ്ചത്തിന്റെ ബഹുഭൂരിഭാഗവും നിറഞ്ഞു നിൽക്കുന്നത്. എന്നാൽ നക്ഷത്രങ്ങൾക്കും നക്ഷത്രസമൂഹങ്ങൾക്കുമിടയ്ക്ക് അതിവിപുലമായ തോതിൽ വാതകപടലങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്.