52 പ്രപഞ്ചവും മനുഷ്യനും
എന്നാൽ നമുക്ക് ദൃശ്യമായ ഏഴു നിറങ്ങളടങ്ങുന്ന സ്പെക്ട്രത്തിനിരുവശത്തുമായി അതിവിപുലമായ ചില മേഖലകൾ കൂടിയുണ്ട്. ഇവ നമ്മുടെ നഗ്നദൃഷ്ടികൾക്ക് ഗോചരമാണ്. സ്പെക്ട്രത്തിന്റെ ഒരറ്റമെന്ന് നമുക്കു തോന്നുന്ന ചുവപ്പുനിറം യഥാർത്ഥത്തിൽ എവിടെയാണവസാനിക്കുന്നതെന്ന് തിട്ടപ്പെടുത്തുക വിഷമമാണ്. അതിനപ്പുറത്തുള്ളത് നമുക്ക് ദൃശ്യമാകുന്ന സ്പെക്ട്രത്തെക്കാൾ പല മടങ്ങ് വിപുലമായ ഇൻഫ്രാറെഡ് റേഡിയേഷന്റെ മേഖലയാണ്. അതേ തുടർന്നുള്ളതാകട്ടെ റേഡിയോ തരംഗങ്ങളുടെ മേഖലയാണ്. ഈ മേഖല എവിടം മുതലാണ് ആരംഭിക്കുന്നതെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആ ഭാഗം കഴിഞ്ഞു തുടങ്ങുന്നത് അത്യുച്ച-ആവൃത്തി-തരംഗബാൻഡുകളാണ്. ടെലിവിഷനിലും തടസ്സം കൂടാതുള്ള ശബ്ദ പ്രക്ഷേപണത്തിലും മറ്റും ഉപയോഗിക്കുന്നത് ഈ മേഖലയിലെ തരംഗങ്ങളെയാണ്. അതിനെ തുടർന്നുള്ളതാണ്, സാധാരണ ഉപയോഗിക്കപ്പെടുന്ന വിവിധതരംഗദൈർഘ്യത്തിലുള്ള റേഡിയോ തരംഗങ്ങളുടെ മണ്ഡലം.
സ്പെക്ട്രത്തിന്റെ മറുവശത്ത് മറ്റൊരു മേഖലയുണ്ട്. ദൃശ്യമായ സ്പെക്ട്രത്തിലെ വയലറ്റുവർണ്ണം മുതല്ക്കാണത് ആരംഭിക്കുന്നത്. വയലറ്റിനെ തുടർന്നുള്ളത് ഹ്രസ്വതരംഗ-അൾട്രാവയലറ്റാണ്. അതിനുശേഷം വരുന്നതാണ് എക്സ്-റേ മേഖല. എക്സ്-റേ വൈദ്യശാസ്ത്രവിഷയകമായി വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് എല്ലാവർക്കും സുപരിചിതമാണ്. ഇതേതുടർന്നു സ്പെക്ട്രത്തിൽ വരുന്ന അടുത്തമേഖലയാണ് ഗാമാറേഡിയേഷൻ. ഇങ്ങനെ ഒരറ്റത്ത് റേഡിയോ തരംഗങ്ങൾ മുതൽ നമുക്കു ദൃശ്യമായ പ്രകാശരശ്മികളടക്കം മറ്റെ അറ്റത്ത് ഗാമാറേഡിയേഷൻ വരെ വ്യാപരിച്ചുകിടക്കുന്ന ഈ മേഖലയെയാണ് വൈദ്യുതകാന്തമണ്ഡലം എന്നു വിളിക്കുന്നത്. ഇവിടെ വിവരിച്ചത് ഒരു രശ്മിയിൽ അണിനിരന്നിട്ടുള്ള വിവിധ മേഖലകളെക്കുറിച്ചാണ്. പ്രപഞ്ചത്തിൽ പ്രസരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനന്തമായ രശ്മി പ്രവാഹം മുഴുവൻ കണക്കിലെടുക്കുമ്പോൾ വൈദ്യുതകാന്തമണ്ഡലം നിലനിൽക്കാത്ത ഒരു മേഖലയുമില്ലെന്നു വ്യക്തമാവും.
വൈദുതകാന്തതരംഗങ്ങളെ വൈദ്യുതകാന്തമണ്ഡലത്തിൽനിന്നു വേർപെടുത്താവുന്നതല്ല. വൈദ്യുതകാന്തമണ്ഡലത്തിന്റെ ഘടനയെക്കുറിച്ച് ശാസ്ത്രമണ്ഡലത്തിൽ വമ്പിച്ച തർക്കങ്ങൾ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പ്രകാശം ഫോട്ടോണുകൾ എന്നു വിളിക്കപ്പെടുന്ന വിവിക്തങ്ങളായ കണികകളാണെന്ന് ഒരു വാദഗതിയും, അല്ല, പ്രകാശം തരംഗരൂപത്തിലാണെന്നു വേറൊരു വാദമുഖവും നിലനിന്നിരുന്നു. എന്നാൽ ഇന്നു ഫോട്ടോണുകളടക്കം വൈദ്യുതകാന്തമണ്ഡലത്തിലെ കണികകളെ ക്വാണ്ടങ്ങൾ എന്നാണു വിളിക്കുന്നത്. കണികകളുടെയും തരംഗങ്ങളുടെയും സ്വഭാവങ്ങൾ സമന്വയിക്കപ്പെട്ടിരിക്കുന്ന ഒരവസ്ഥയാണ് ക്വാണ്ടം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഫോട്ടോണുകളും, വൈദ്യുതകാന്തമണ്ഡലത്തിലെ മറ്റു മൗലിക ഘടകങ്ങളും വാസ്തവത്തിൽ വിവിക്തങ്ങളായ കണികകളല്ല;