4
പദാർത്ഥം - പഴയതും പുതിയതുമായ വീക്ഷണങ്ങളിൽ
ആധുനികശാസ്ത്രത്തിന്റെ മുമ്പിലുള്ള 'പദാർത്ഥ'ത്തിനു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ശാസ്ത്രത്തിന്റെ അറിവിൽ പെട്ടിരുന്ന 'പദാർത്ഥ'വുമായി വലിയ സാമ്യമൊന്നുമില്ല. അവ അടിസ്ഥാനപരമായും വ്യത്യസ്തങ്ങളാണ്. തന്മൂലം പഴയ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദാർത്ഥം എന്ന പദംതന്നെ, നവീന ധാരണ വിശദമാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകാനിടയുണ്ട്. പക്ഷേ, പഴയ പദം ഒഴിവാക്കിക്കൊണ്ട് പുതിയതൊന്ന് ആവിഷ്കരിക്കുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് ഇന്നും നാം ആ പദം തന്നെ ഉപയോഗിക്കുന്നു. പുതിയ ആശയത്തെ പഴയ പദങ്ങൾകൊണ്ടുതന്നെ വിശദീകരിക്കാൻ നാമിന്നു നിർബ്ബദ്ധരാണ്. പുതിയ വീഞ്ഞ് പഴയ കുപ്പിയിൽത്തന്നെ നിറയ്ക്കുന്നതുകൊണ്ട് അതിന്റെ പുതുമ എളുപ്പം ശ്രദ്ധയിൽപ്പെടുകയില്ല.
നവീനവീക്ഷണത്തിന്റെ പ്രാധാന്യം ഗ്രഹിക്കണമെങ്കിൽ പഴയ ചിന്താഗതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അവേധ്യമായ (ഭേദിച്ചുകടക്കാൻ പറ്റാത്ത) ഒന്നായിട്ടാണ് അന്ന് പദാർത്ഥത്തെ കണക്കാക്കിപ്പോന്നിരുന്നത്. അനന്തമായി വ്യാപരിച്ചുകിടക്കുന്ന സ്ഥലത്തിന്റെ ചില ഭാഗങ്ങൾ ഈ പദാർത്ഥംകൊണ്ട് പൂർണ്ണമായും നിബദ്ധമാക്കപ്പെട്ടിരുന്നു. അനന്തമായ കാലത്തിൽ അതു സ്ഥിരമായി നിലകൊണ്ടു. ഈ ചിത്രത്തിൽ സ്ഥലവും കാലവും പദാർത്ഥവും വ്യത്യസ്തങ്ങളാണ്; അവയ്ക്കു തമ്മിൽ ബന്ധമുണ്ടെങ്കിലും.
പദാർത്ഥത്തിന്റെ അടിസ്ഥാനരൂപം പരമാണുവാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. പ്രപഞ്ചത്തിന്റെ അനന്തവിശാലമായ സ്ഥലത്തിൽ ചില ഭാഗങ്ങൾ മാത്രം ഈ പരമാണുക്കളാൽ നിറയ്ക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സ്ഥലം മുഴുവനും ശൂന്യമായിരുന്നു. ഇങ്ങനെ ശൂന്യസ്ഥലങ്ങൾക്കിടയ്ക്കു നിലനില്ക്കുന്ന പരമാണുസഞ്ചയത്തെയാണ് ഭൗതികവസ്തുക്കൾ എന്നു വിളിക്കുന്നത്. ഈ ഭൗതികവസ്തു സഞ്ചയങ്ങൾ നിശ്ചലങ്ങളല്ല; അവ ചലിച്ചുകൊണ്ടിരിക്കുന്നു; യന്ത്രവിജ്ഞാനനിയമങ്ങൾക്ക് അനുസൃതമായിട്ടാണ് അവ ചലിക്കുന്നതെന്നുമാത്രം. ഇങ്ങനെ പദാർത്ഥം സ്ഥലത്തിൽ നിബദ്ധമായിരിക്കുന്നതാണെന്നു കരുതുമ്പോൾ അത് അവേധ്യവും അവിഭാജ്യവും അക്ഷയവും ദൃഢവും ഏകാത്മകവുമാണെന്നു സിദ്ധിക്കുന്നു.