പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രം പദാർത്ഥത്തിൽ ഈ ഗുണങ്ങളോരോന്നും അവരോധിച്ചതെങ്ങനെയാണെന്നു നോക്കാം.
നമുക്കു ദൃശ്യമാകുന്ന ഭൗതികവസ്തുക്കൾ പലതിനെയും ഭേദിച്ചുകടക്കുക എളുപ്പമാണ്. വിവിധ വസ്തുക്കൾ പലതും പരസ്പരം ഭേദിച്ച് കൂടിക്കലർന്നു കിടക്കുന്നു. പക്ഷേ ഈ വേധനം ഉപരിപ്ലവമത്രേ. നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണ് ഇത്തരമൊരു ധാരണയ്ക്കു കാരണം. വാസ്തവത്തിൽ എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകങ്ങൾ പരസ്പരം കൂടിച്ചേരാതെ തൊട്ടുരുമ്മി സ്ഥിതിചെയ്യുകയാണ്. ഉദാഹരണത്തിനു ലായിനികളുടെയും രാസമിശ്രിതങ്ങളുടെയും യൗഗികങ്ങളുടെയും മറ്റും കാര്യമെടുക്കുക. ഇവയിൽ വിവിധ വസ്തുക്കൾ പരസ്പരം തുളച്ചുകയറി കൂടിക്കലർന്നിരിക്കുകയാണെന്നു തോന്നും. പക്ഷേ, വസ്തവത്തിൽ അവയുടെ അടിസ്ഥാനകണികകൾ അതേപടി വേധിക്കപ്പെടാതെതന്നെയാണ് നിലനില്ക്കുന്നത്. നമുക്കതു ദൃശ്യമാകുന്നില്ലെന്നേയുള്ളു. ഇതുപോലെ തന്നെയാണ് അവിഭാജ്യതയുടെ സ്ഥിതിയും. പരമാണുവാദത്തിന്റെ മൂലക്കല്ലാണ് പരമാണുവിന്റെ അവിഭാജ്യത. സാധാരണഗതിയിൽ നാം കാണുന്ന ഭൗതികവസ്തുക്കളുടെ വിഭജനം ഈ നിയമത്തെ ലംഘിക്കുന്നില്ല; കാരണം, ഇവിടെ വാസ്തവത്തിൽ വിഭജനമല്ല നടക്കുന്നത് നേരത്തേ തന്നെ വിഭജിതാവസ്ഥയിൽ കഴിയുന്ന ഘടകങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു കല്ലിൻകഷ്ണമെടുക്കുക. എളുപ്പത്തിൽ നമുക്കതിനെ ഛിന്നഭിന്നമാക്കാം. പക്ഷേ, ഭിന്നിക്കുന്നതിനു മുമ്പുതന്നെ ആ കല്ലിൻകഷ്ണം പ്രത്യേകം പ്രത്യേകം പരമാണുക്കൾ അസംഖ്യം ചേർന്നുണ്ടായ ഒരു സംഘാതം മാത്രമാണ്. അത് ഛിന്നഭിന്നമായപ്പോൾ ഒന്നിച്ചുചേർന്നിരുന്ന പരമാണുക്കൾ പല വിഭാഗങ്ങളായി വേർതിരിയുകമാത്രമാണുണ്ടായത്. ഇതിൽനിന്നും പരമാണുക്കൾ അവിഭാജ്യങ്ങളാണെന്നുതന്നെ ഊഹിക്കാമല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിൽ പരമാണുവാദത്തിനടിസ്ഥാനമായി നിന്നത് ഈ ധാരണയാണ്.
ഇതുപോലെ, പദാർത്ഥത്തിന്റെ അക്ഷയസ്വഭാവത്തെപ്പറ്റി അഥവാ സ്ഥിരതയെക്കുറിച്ച് പഴയ ഭൗതികശാസ്ത്രത്തിനു പല വാദഗതികളും ഉന്നയിക്കാനുണ്ട്. പദാർത്ഥത്തിന്റെ അന്തിമഘടകങ്ങൾ അവയുടെ ദ്രവ്യമാനത്തിലും വ്യാപ്തത്തിലും രൂപത്തിലും തികഞ്ഞ സ്ഥിരത പുലർത്തുന്നവയാണെന്നു കരുതപ്പെട്ടിരുന്നു. ദ്രവ്യമാനത്തിന്റെ സ്ഥിരത സ്ഥാപിക്കുന്ന സിദ്ധാന്തമാണ് പദാർത്ഥത്തിന്റെ സംരക്ഷണനിയമം. പ്രാപഞ്ചിക ദ്രവ്യമാനം പരമാണുക്കളുടെ ദ്രവ്യമാനത്തിന്റെ ആകത്തുകയാണെങ്കിൽ, പരമാണുക്കളുടെ ദ്രവ്യമാനം സ്ഥിരമായിരിക്കുന്നേടത്തോളംകാലം പ്രാപഞ്ചികദ്രവ്യമാനവും സ്ഥിരമായിരിക്കും. പരമാണുവിന്റെ വ്യാപ്തവും രൂപവും ഇതുപോലെതന്നെ സ്ഥിരമാണെന്നു സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, പിൽക്കാലഗവേഷണങ്ങൾ അവയെ ചോദ്യം ചെയ്യത്തക്കവിധത്തിലുള്ള വസ്തുതകളാണ് വെളിച്ചത്തു കൊണ്ടുവന്നത്. പരമാണുവാദത്തിന്റെ